അതി ദരിദ്രരില്ലാത്ത പത്തനംതിട്ട ? ഈ പറഞ്ഞവർ ഞങ്ങളെ കൂടി കണ്ടിട്ട് പറയണം ; ആറന്മുള വിമാനത്താവള സമര ഭുമി നിവാസികൾ !!

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – ജില്ലയെ അതി ദരിദ്രരില്ലാത്ത ജില്ലയായി പ്രഖ്യാപിക്കുന്നവരോട് ആറന്മുള വിമാനത്താവള പ്രദേശത്ത് രാഷ്ട്രീയക്കാർ കുടിയേറ്റിയ ജനങ്ങൾക്ക് പറയാനുള്ളത്, ആറന്മുള വിമാനത്താവള വിരുദ്ധ സമരഭൂമിയിലെ താമസക്കാർക്കും ചിലത് പറയാനുണ്ട് അതും കേൾക്കണം. ഞങ്ങൾ സമരഭൂമി നിവാസികൾ ? ഈ വിശാലമായ ഭൂമിയിൽ ഒരുസെൻ്റ് ഭൂമിപോലും സ്വന്തമായില്ലാത്തവർ !! വാസയോഗ്യമായ ഒരു കുടിൽ പോലും ഇല്ലാത്തവർ !! ശുചിമുറികളില്ലാത്തവർ, ശുദ്ധജലം അന്യമായവർ, തൊഴിലുംനല്ല ഭക്ഷണവും ലഭിക്കാത്തവർ, കറണ്ടിൻ്റെ വെട്ടം അന്യമായവർ, മണ്ണെണ്ണയും കിട്ടാതെ വന്നതോടെ ഡീസൽ വിളക്കിൻ്റെ വെളിച്ചത്തിൽ പഠിക്കുന്ന കുട്ടികൾ, ഡീസൽകരി കാരണം അസ്മ ബാധിച്ചവർ, കാട്ടുപന്നിയെയും പെരുമ്പാമ്പിനെയും മറ്റ് ഇഴജന്തുക്കളെയും ഭയന്ന് ഉറക്കംനഷ്ടമായവർ ! വർഷത്തിൽ നാല് തവണവെള്ളം മുങ്ങുന്നകുടിലുകളിൽ കഴിയുന്ന ഞങ്ങൾ!? ഞങ്ങളെപ്പറ്റിക്കൂടി ഒരു സ്മരണ ഉണ്ടാകണം സർക്കാരേ !!

ഞങ്ങളങ്ങനെ നിങ്ങൾക്ക് വെറും അന്യരൊന്നുമല്ല. ഒന്നാം പിണറായി സർക്കാരിന് അധികാരത്തിലെത്താൻ കളിച്ച ഭൂ സമര നാടകത്തിലെ പ്രധാന കഥാപാത്രങ്ങളായിരുന്നു ഞങ്ങൾ. 2012 ജനുവരി 1 ന് സംസ്ഥാന വ്യാപകമായി എൽ ഡി എഫ് ആഹ്വാനം ചെയ്ത ഭൂ സമരത്തിൻ്റെ ഭാഗമായി തന്നാണ്ട് ജനുവരി 12 ആം തീയതി, ഉളള വാടകവീടുകളും, വഴിയൊരത്തെ വെട്ടിക്കെട്ടുകളും ഉപേക്ഷിച്ച്, പാർട്ടി ലോക്കൽ കമ്മറ്റി സെക്രട്ടറിമാരുടെ കത്തും… കേറിക്കിടക്കാൻ സ്വന്തമായി ഒരുതുണ്ട് ഭൂമിയും ഒരു കൊച്ച് വീടും, എന്ന സ്വപ്നവുമായി ഇവിടെ എത്തി കുടിൽകെട്ടി താമസമാക്കിയവരിൽ ചിലർ. പോകൻ ലോകത്ത് മറ്റൊരിടവുമില്ലാത്തതു കൊണ്ട് ഇവിടെ കുടുങ്ങിപ്പോയ നിങ്ങടെ കണ്ണിലെ കോടീശ്വരർ ?
സംഘടിതവോട്ടുബാങ്കുകളില്ലാത്ത പട്ടികജാതി, പട്ടികവർഗ്ഗ, പിന്നോക്ക വിഭാഗക്കാരാണ് ഞങ്ങളിൽ ഏറെയും. നിങ്ങളുടെ ഭരണ ലബ്ദ്ധിക്ക് ഏണിയായവർ ?

ഒരുപാട് ആശകൾ തന്ന്, 10 വർഷം മുൻപ് അധികാരത്തിലെത്തിയ പാർട്ടി, ഞങ്ങൾക്ക് ഇതുവരെ ഒന്നും തന്നില്ലെങ്കിലും, ഇപ്പോൾ പെട്ടന്ന് ഞങ്ങളെ സമ്പന്നരായി ഉയർത്തിയതിൽ ഒരു പാട് സന്തോഷം !! ഭരണം കിട്ടും മുൻപ് ഞങ്ങളെ ഉൾപ്പെടുത്തി രൂപീകരിച്ച്.. ജില്ലയിലെ സമരങ്ങൾക്ക് ആളെ ഇറക്കിയിരുന്ന, “കരിമാരം ബ്രാഞ്ച് കമ്മറ്റി ” ഇന്നില്ലെങ്കിലും, അന്ന് സ്ഥാപിച്ച കൊടിമരം പിന്നീട് എടുത്ത് മാറ്റിയെങ്കിലും,.. കൊടിമരം വച്ച ആ തറ ഇപ്പഴും ഞങ്ങൾ പൊന്ന് പോലെ നോക്കുന്നുണ്ട്. ലോകത്തെല്ലാ പാർട്ടികൾക്കും വ്യക്തികൾക്കും അധികാരത്തിലിരിക്കുമ്പൊൾ വന്നേക്കാവുന്ന ഒരു ലഹരി പെട്ടന്നങ്ങ് ബാധിച്ചതുകൊണ്ടാവാം,.. സർക്കാരിനും അധികാരികൾക്കും ഇപ്പൊ ഞങ്ങളെ കാണാൻ കാഴ്ച്ച ഇല്ലാതെ പോയത്. ഞങ്ങൾക്ക് അതിൽ പരാതിയില്ല. കാരണം അധികാരം നഷ്ടമായാൽ വീണ്ടും ഏണി ആവാൻ കുറെപേരെ പാവങ്ങളായി നില നീനിർത്തണമെല്ലോ. ശുചിമുറികളില്ലാതെ, പുലർച്ചെയും വൈകുന്നേരവും ഇരുട്ടിൻ്റെ മറവിൽ പ്രാഥമിക കൃത്യങ്ങൾ നടത്തുന്ന ഞങ്ങളെ, നമ്മുടെ ജനകീയ സർക്കാർ എത് ഉയർന്ന സ്ഥിതിയിലാണ് എത്തിച്ചത് എന്നറിയാൻ വല്ലാത്ത ആഗ്രഹം ഉണ്ട്. ലക്ഷപ്രഭുക്കളായാണോ, കോടീശ്വരൻമ്മാരായാണൊ.. ? അതോ ഇനി ശതകോടീശ്വരൻമ്മാരായി,.. അംബാനി ഒക്കെ ഉള്ളപ ട്ടികയിലാണോ എന്നറിയാൻ വല്ലാത്ത ആകാംഷ ? എന്തായാലും നന്ദിയുണ്ട് സർ നന്ദി !! ഞങ്ങളെ വല്ലാതങ്ങുയർത്തിയതിന് !!

Leave a Reply

Your email address will not be published. Required fields are marked *