അടൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് ആറ് വർഷം കഠിന തടവും പിഴയും വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി. ശൂരനാട് നോർത്ത് ആനയടി കോട്ടപ്പുറം മനു വിഹാറിൽ മനു (32) വിനെയാണ് ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ടി. മഞ്ജിത്ത് പോക്‌സോ വകുപ്പ് പ്രകാരം കുറ്റക്കാരൻ എന്ന് കണ്ടെത്തി ആറുവർഷം കഠിന തടവിനും 35,000 രൂപ പിഴയും വിധിച്ചത് 2023 ജൂൺ 10, 13 തീയതികളിൽ അതിജീവിത ബസിൽ യാത്ര ചെയ്യവേ ശാരീരികമായി പീഡിപ്പിച്ചതിന് അടൂർ സബ് ഇൻസ്‌പെക്ടർ ശ്യാമകുമാരിയാണ് കേസ് എഫ്‌ഐആർ ചെയ്തത്. സബ് ഇൻസ്‌പെക്ടർ എൽ. ഷീനയാണ് അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 14 സാക്ഷികളെ വിസ്തരിക്കുകയും 21 രേഖകൾ ഹാജരാക്കുകയും ചെയ്തു പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.സ്മിത ജോൺ ഹാജരായി. കോടതി നടപടികൾ വിക്ടിം ലേയ്‌സൺ ഓഫീസർ വി.ആർ. ദീപാകുമാരി ഏകോപിപ്പിച്ചു പിഴ തുക അടയ്ക്കുന്ന പക്ഷം അതിജീവിതയ്ക്ക് നൽകാൻ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്ക് നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്.


