പത്തനംതിട്ട – സമ്പൂർണ്ണ രക്ഷാകർതൃ ശാക്തികരണ ജില്ലയായി മാറാനുള്ള ജില്ലാ പഞ്ചായത്തിൻ്റെ ‘കരുതലാകാം കരുത്തോടെ’ പദ്ധതിയുടെ ലോഗോ പ്രകാശനം പത്തനംതിട്ട പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ജോർജ് ഏബ്രഹാം പ്രസ് ക്ലബ് പ്രസിഡൻ്റ് ബിജു കുര്യന് നൽകിയാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ആർ.അജയ കുമാർ അദ്ധ്യക്ഷതവഹിച്ചു. മാവേലിക്കര സെൻ്റ്. മേരീസ് കത്തീഡ്രൽ സ്കൂൾ ഹയർ സെക്കൻഡറി രണ്ടാം വർഷ വിദ്യാർത്ഥിനിയായ അനന്യ ബി. നായരാണ് ലോഗോ രൂപകൽപ്പന ചെയ്തത്.
ലഹരി വസ്തുക്കളുടെ ഉപയോഗം, അക്രമവാസന, എന്നിവയെ നേരിടാനും മാനസിക ആരോഗ്യത്തോടെ കൗമാരക്കാരെ വളർത്തിയെടുക്കാനും ലക്ഷ്യമിട്ടുള്ള രക്ഷാകർതൃ ശാക്തീകരണത്തിൽ അധിഷ്ഠിതമായ സമഗ്ര കർമ്മപരിപാടിയാണ് കരുതലേകാം കരുത്തോടെ എന്നത്. ഉത്തരവാദിത്വബോധമുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുകയും, പുതിയ കാലത്തിൻ്റെ മാറ്റങ്ങൾ അഭിമുഖീകരിക്കാൻ അധ്യാപകരെയും രക്ഷിതാക്കളെയും ശക്തരാക്കുകയുമാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ലഹരിയുടെ ദുരുപയോഗത്തിലേക്കും ലൈംഗിക ചൂഷണത്തിലേക്കും സാമൂഹിക വിരുദ്ധതയിലേക്കും കുട്ടികൾ എത്തുന്നത് ശരിയും ശക്തവുമായ രക്ഷാകർതൃത്വം ലഭ്യമാകാത്തതുകൊണ്ടാണെന്ന് നിരവധി പഠനങ്ങൾ തെളിയിക്കുന്ന സാഹചര്യത്തിലാണ് ജില്ലാപഞ്ചായത്ത് ഇത്തരത്തിലൊരു പദ്ധതി നടപ്പാക്കുന്നത്.
ജില്ലയിലെ ഹൈസ്കൂൾ രക്ഷിതാക്കളെ ഉൾപ്പെടുത്തി ജൂൺ, ജൂലൈ മാസങ്ങളിലായി വിപുലമായ അവബോധ പ്രവർത്തനങ്ങളും രക്ഷാകർതൃ പരിശീലനവും സംഘടിപ്പിക്കും. ഇതിൻ്റെ ഭാഗമായി ജില്ലയിലെ 8, 9, 10 ക്ലാസുകളിലെ ക്ലാസ് പി ടി എ കൂടി ബോധവൽക്കരണ ക്ലാസുകൾ നൽകും.
ഓരോ ഹൈസ്കൂളും രക്ഷാകർതൃ പിന്തുണാ കേന്ദ്രമായി (Parenting Strengthening Centre) ആക്കി തീർക്കാനാണ് പദ്ധതിയിലൂടെ ഉദ്ദേശിക്കുന്നത്.
ജൂൺ, ജൂലൈ മാസങ്ങളിലെ രക്ഷാകർതൃ ബോധവൽക്കരണ പ്രവർത്തനങ്ങൾക്ക് ശേഷം സവിശേഷ പിന്തുണ നൽകേണ്ട കുട്ടികളെ കണ്ടെത്തും. ആരോഗ്യ വകുപ്പിന്റെ കൂടി സഹായത്തോടുകൂടി അവർക്ക് വേണ്ടത്ര സഹായം നൽകുന്നതിനുള്ള നടപടി ആസൂത്രണം ചെയ്യും. തുടർന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹായത്തോടുകൂടി എൽപി , യുപി ക്ലാസുകളിലെ രക്ഷിതാക്കളെ കൂടി പദ്ധതിയുടെ ഭാഗമാക്കാൻ നടപടി സ്വീകരിക്കും.
ഗാന്ധിജയന്തി ദിനം വരെ നീണ്ടുനിൽക്കുന്ന പ്രവർത്തന പരിപാടികളാണ് പദ്ധതിയുടെ ഭാഗമായി ആവിഷ്കരിച്ചിരിക്കുന്നത്. ലോഗോ പ്രകാശന ചടങ്ങിൽ വിദ്യാകിരണം ജില്ലാ മിഷൻ കോർഡിനേറ്റർ എ.കെ. പ്രകാശ്, അദ്ധ്യാപക സംഘടനാ പ്രതിനിധികൾ, മാധ്യമ പ്രവർത്തകർ എന്നിവർ പങ്കെടുത്തു.


