തിരുവനന്തപുരം – ന്യായമായ വേതനമുൾപ്പടെയുള്ള വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റിനു മുന്നിൽ ആശ വർക്കർമാർ നടത്തുന്ന രാപ്പകൽസമരം ഇന്ന് 48 മത്തെ ദിവസം. ഒരു കുലുക്കവുമില്ലാതെ സർക്കാർ. 10 ദിവസം പിന്നിടുന്ന നിരാഹാര സമരത്തിൽ ഷൈലജ എസ്, ബീന പീറ്റർ, അനിതകുമാരി എന്നിവരാണ് നിരാഹാരം ഇരിക്കുന്നത്.
മാർച്ച് 19-ന് മന്ത്രി വിളിച്ച കൂടിക്കാഴ്ചയ്ക്ക് ശേഷം പിന്നീട് അറിയിപ്പൊന്നും ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിൽ സമരം 50-ാം ദിവസം പൂർത്തിയാകുന്ന മാർച്ച് 31-ന് സമരവേദിയിൽ ആശാവർക്കർമാർ തങ്ങളുടെ മുടി മുറിച്ച് പ്രതിഷേധിക്കാനായി തീരുമാനിച്ചിരിക്കുന്നുവെന്ന് സമരസമിതി നേതാവ് എസ് മിനി അറിയിച്ചു. സെക്രട്ടറിയേറ്റിന്റെ മുന്നിലെ പ്രതിഷേധത്തിന് സമാനമായുള്ള പരിപാടികൾ ജില്ലാ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുമെന്നും മിനി കുട്ടിച്ചേർത്തു.
പുതുച്ചേരി സർക്കാർ ഓണറേറിയം 10,000 രൂപയിൽ നിന്ന് 18,000 രൂപയായി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് വെളിപ്പെടുത്തുന്നത് സംസ്ഥാനങ്ങൾക്ക് ഓണറേറിയം സ്വതന്ത്രമായി വർദ്ധിപ്പിക്കാം എന്നതാണ്. ഈ പശ്ചാത്തലത്തിൽ പുതുച്ചേരിയെ മാതൃകയാക്കി സംസ്ഥാന സർക്കാർ ആശാവർക്കർമാരുടെ ഓണറേറിയം വർദ്ധിപ്പിക്കാൻ തയ്യാറാകണമെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി കെ സദാനന്ദൻ ആവശ്യപ്പെട്ടു.


