ന്യൂഡൽഹി – ഇ ഡി അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ രൂക്ഷവിമർശനവുമായി അണ്ണാ ഹസാരെ. താനും കെജ്രിവാളും ഒരുമിച്ച് മദ്യത്തിനെതിരെ ശബ്ദമുയർത്തിയവർ ആയിരുന്നെന്നും എന്നാൽ കെജ്രിവാൾ പിന്നീട് മദ്യത്തിനായി പ്രത്യേക നയം കൊണ്ടുവന്നു. ഇത് തന്നെ ഏറെ വിഷമത്തിലാക്കിയതായും സ്വന്തം പ്രവർത്തികളുടെ ഫലമാണ് കെജ്രിവാൾ ഇപ്പോൾ അനുഭവിക്കുന്നതെന്നും അണ്ണാ ഹസാരെ കൂട്ടിച്ചേർത്തു.
അഴിമതിക്കെതിരെ രാജ്യം ശ്രദ്ധിച്ച സമരത്തിൽ അണ്ണാ ഹസാരെയുടെ അനുയായി ആയിരുന്നു കെജ്രിവാൾ. യുപിഎ ഭരണകാലത്തു നടന്ന അഴിമതികൾക്കെതിരെ പ്രക്ഷോഭം നയിക്കാൻ ഇരുവരും ചേർന്നാണ് നേതൃത്വം നൽകിയത്. ആം ആദ്മി രൂപീകരിക്കാനുള്ള കെജ്രിവാളിന്റെ നീക്കത്തെ ഹസാരെ ശക്തമായി എതിർത്തിരുന്നു. പിന്നീട് ഇരുവരും അകന്നു. ഡൽഹി സർക്കാരിന്റെ മദ്യനയത്തെ നേരത്തെയും അണ്ണാ ഹസാരെ വിമർശിച്ചിരുന്നു. മദ്യത്തേപ്പോലെ അധികാരവും മത്തുപിടിപ്പിക്കുമെന്നായിരുന്നു അരവിന്ദ് കെജ്രിവാളിനെഴുതിയ കത്തിൽ അദ്ദേഹം പറഞ്ഞത്.
ഡൽഹിയിലെ എല്ലാ കോണുകളിലും മദ്യശാലകൾ തുറക്കുകയാണെന്നും എഎപി പ്രവർത്തകർ പണവും അധികാരവും കൈക്കലാക്കാനുള്ള പരക്കം പാച്ചിലിലാണെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. മഹത്തായ സന്നദ്ധപ്രവർത്തനങ്ങളുടെ ഫലമായുണ്ടായ ഒരു പാർട്ടിക്ക് ചേർന്ന കാര്യങ്ങളല്ല എഎപിയിൽ നടക്കുന്നതെന്നും ഹസാരെ അന്ന് പറഞ്ഞിരുന്നു.


