ന്യൂഡൽഹി: പാസാക്കുക എളുപ്പമല്ലെന്ന് മനസിലായതോടെ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിൽ സംയുക്ത പാർലമെന്ററി സമിതി രൂപീകരിച്ചു. ലോക്സഭയിൽ നിന്ന് 21 പേരും രാജ്യസഭയിൽ നിന്ന് 10 പേരുമാണ് സമിതിയിലുള്ളത്. കോൺഗ്രസ് നേതാക്കളായ പ്രിയങ്ക ഗാന്ധി, മനീഷ് തിവാരി, ബിജെപി നേതാക്കളായ അനുരാഗ് സിങ് താക്കൂർ, അനിൽ ബാലുനി തുടങ്ങിയവരും സമിതിയിൽ ഉണ്ട്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെതിരെ പ്രതിപക്ഷം വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ഇതോടെയാണ് ബില്ല് സംയുക്ത പാർലമെന്ററി സമിതി (ജെപിസി) യുടെ പരിഗണനയ്ക്ക് വിട്ടത്. ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷത്തോടെ പാസാക്കുക എളുപ്പമല്ലെന്ന് കണ്ടാണ് ബില്ലുകൾ ജെപിസിക്ക് വിടാൻ തീരുമാനിച്ചത്. ലോക്സഭാ കാലാവധി തീരുംമുമ്പ് പാസാക്കിയില്ലെങ്കിൽ ബിൽ കാലഹരണപ്പെടും. ലോക്സഭയിൽ മൂന്നിൽ രണ്ടു ഭൂരിപക്ഷം ഇല്ലാതെ ബിൽ പാസാക്കുക എളുപ്പമല്ല. രാജ്യമാകെ ചർച്ച നടക്കട്ടെയെന്നാണ് ബിജെപി ഉദ്ദേശിക്കുന്നത്.
ലോക്സഭാ – നിയമസഭാ തിരഞ്ഞെടുപ്പുകൾ ഒന്നിച്ച് നടത്താനുള്ള 129ാം ഭരണഘടനാ ഭേദഗതി ബില്ലും കേന്ദ്രഭരണ പ്രദേശങ്ങളിലെ തിരഞ്ഞെടുപ്പുകൾ കൂടി ലോക്സഭാ തിരഞ്ഞെടുപ്പിനൊപ്പം നടത്താനുള്ള ഭേദഗതി ബില്ലുമാണ് നിയമമന്ത്രി അർജുൻ റാം മെഹ്വാൾ കഴിഞ്ഞദിവസം അവതരിപ്പിച്ചത്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ അംഗബലം ലോക്സഭയിൽ സർക്കാരിനില്ലെന്ന് അവതരണാനുമതി തേടിയ ഘട്ടത്തിൽ വെളിപ്പെട്ടിരുന്നു. ഭരണഘടനാ ഭേദഗതി പാസാക്കാൻ മൂന്നിൽ രണ്ട് ഭൂരിപക്ഷം (362 പേരുടെ പിന്തുണ) വേണം. എൻഡിഎയ്ക്ക് 293 ഉം പ്രതിപക്ഷ ഇൻഡ്യാ കൂട്ടായ്മയ്ക്ക് 234ഉം അംഗങ്ങളാണുള്ളത്. എൻഡിഎയുടെ ഭാഗമല്ലാത്ത നാല് എംപിമാരുള്ള വൈഎസ്ആർസിപിയും അകാലിദളിന്റെ ഏക അംഗവും പിന്തുണച്ചാലും എൻഡിഎ 300ൽപ്പോലുമെത്തില്ല. അവതരണ പ്രമേയം വോട്ടിനിട്ടപ്പോൾ പിന്തുണച്ചത് 269 അംഗങ്ങൾ.198 പേർ എതിർത്തു. വിപ്പ് നൽകിയിട്ടും ഇരുപത് ബിജെപി എംപിമാർ വിട്ടുനിന്നു. എൻഡിഎയുടെ പ്രധാന ഘടകകക്ഷിയായ ജെഡിയുവിലെ ആരും പിന്തുണച്ച് സംസാരിച്ചില്ല.


