തിരുവനന്തപുരം: ഈ തിരഞ്ഞെടുപ്പ് സിപിഎമ്മിന് നിർണ്ണായകമാണ്. മൂന്നു സംസ്ഥാനങ്ങളിൽനിന്നായി 11 പേരെ ജയിപ്പിച്ചെടുത്തില്ലെങ്കിൽ ദേശീയപാർട്ടി പട്ടികയിൽനിന്ന് പുറത്താകും. തിരഞ്ഞെടുപ്പ് കമ്മിഷൻ അധികസമയം നൽകിയതിനാലാണ് ദേശീയപാർട്ടിപദവി നഷ്ടമാകാതെ നിൽക്കുന്നത്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പ് പാർട്ടിക്ക് നിർണ്ണായകമാകുന്നത്.
ഒരു സംസ്ഥാനത്ത് പോൾചെയ്ത വോട്ടിൽ ആറുശതമാനം വിഹിതം, 25 എം.എൽ.എ.മാർക്ക് ഒരു പാർലമെന്റ് അംഗം, ഈ രണ്ടിലേതെങ്കിലും ഒന്ന് നേടാനായാൽ സംസ്ഥാനപാർട്ടി പദവി നേടാം. കേരളം, തമിഴ്നാട്, ത്രിപുര എന്നിവിടങ്ങളിൽ സി.പി.എമ്മിന് സംസ്ഥാനപാർട്ടി പദവിക്കുള്ള മാനദണ്ഡം പാലിക്കാനാകും. ത്രിപുരയിൽ വോട്ടുവിഹിതവും തമിഴ്നാട്ടിൽ എം.പി.സ്ഥാനവും ഉള്ളതുകൊണ്ടാണിത്. മറ്റേതെങ്കിലും സംസ്ഥാനത്തുകൂടി ഈ ലക്ഷ്മണരേഖ കടക്കണം.
മൂന്നുസംസ്ഥാനങ്ങളിൽനിന്നായി 11 എം.പി.മാരെ കിട്ടാൻ കേരളത്തിൽനിന്ന് സി.പി.എമ്മിന് കുറഞ്ഞത് എട്ടുസീറ്റെങ്കിലും കിട്ടണം. തമിഴ്‌നാട്ടിൽ ഡി.എം.കെ. സഖ്യത്തിൽ രണ്ടുസീറ്റിലാണ് മത്സരിക്കുന്നത്. 2019-ൽ ഇതേ സഖ്യത്തിൽ മത്സരിച്ച രണ്ടുസീറ്റിലും ജയിച്ചിരുന്നു. ഇത്തവണ അന്ന് ജയിച്ച മണ്ഡലങ്ങളിലൊന്ന് മാറി. കോയമ്പത്തൂരിനുപകരം ദിണ്ടിഗലിലാണ് മത്സരിക്കുന്നത്. ഈ രണ്ടുസീറ്റിലും ജയിച്ചാൽ രണ്ട് എം.പി.മാരെയാണ് സി.പി.എമ്മിനുകിട്ടുക. മൂന്നാമതൊരു സംസ്ഥാനത്തെ വിജയം ഇന്ത്യസഖ്യത്തിന്റെ പരിഗണന അനുസരിച്ചിരിക്കും.
രാജസ്ഥാനിൽ ഒരു സീറ്റ് ലഭിച്ചേക്കും. നിതീഷ് കുമാർ ബി.ജെ.പി. പാളയത്തിലേക്ക് പോയതോടെ ബിഹാറിൽ ബി.ജെ.പി.വിരുദ്ധ സഖ്യത്തിൽ സി.പി.എമ്മിന് പരിഗണന ലഭിക്കാനിടയുണ്ട്.


