വീടും സ്ഥലവും വാങ്ങിയ ശേഷം നിലവിലില്ലാത്ത അക്കൗണ്ടിന്റെ ചെക്ക് നൽകി കബളിപ്പിച്ചു: പരാതിയുമായി വയോധികൻ അടൂർ പോലീസ് സ്‌റ്റേഷനിൽ കയറി ഇറങ്ങി മടുത്തു.

Crime

അടൂർ: വീടും സ്ഥലവും കൈക്കലാക്കിയ ശേഷം വ്യാജ ചെക്ക് നൽകി കബളിപ്പിച്ചെന്ന വയോധികന്റെ പരാതിയിൽ നടപടി എടുക്കാതെ പോലീസിന്റെ ഒത്തുകളി. സിപിഎമ്മിന്റെ ഒരു ജില്ലാ നേതാവ് ഇടപെട്ടാണ് പരാതിയിൽ തുടർ നടപടി തടഞ്ഞിരിക്കുന്നതെന്നും ആക്ഷേപം. പള്ളിക്കൽ പയ്യനല്ലൂർ കാഞ്ഞിരംവിളയിൽ ദാമോദരനാണ് ബന്ധുവായ യുവാവിന്റെ ഭാര്യയ്ക്ക് എതിരേ അടൂർ എസ്എച്ച്ഓയ്ക്ക് മൂന്നു മാസം മുൻപ് പരാതി നൽകിയത്. എന്നാൽ, ഇത് സിവിൽ കേസാണെന്നും കോടതിയെ സമീപിക്കാനാണ് നിർദേശിച്ചതെന്നും ദാമോദരൻ പറയുന്നു. വ്യാജചെക്ക് നൽകി കബളിപ്പിക്കുകയും വിശ്വാസ വഞ്ചന കാണിക്കുകയും ചെയ്ത സംഭവത്തിലാണ് പോലീസിന്റെ വിചിത്ര വിശദീകരണം.

2023 ഏപ്രിൽ 18 നാണ് ദാമോദരൻ തന്റെ ഉടമസ്ഥതയിൽ ഉണ്ടായിരുന്ന ആറു സെന്റ് സ്ഥലവും വീടും 11 ലക്ഷം രൂപ വില പറഞ്ഞ് ബന്ധുവായ യുവാവിനും ഭാര്യയ്ക്കുമായി വിറ്റത്. മൂന്ന് ലക്ഷം രൂപ അപ്പോൾ നൽകി. ബാക്കി തുക പിന്നീട് നൽകാമെന്ന വ്യവസ്ഥയിൽ കരാറും എഴുതി. എന്നാൽ ഇവർ പണം നൽകാൻ വൈകിയതിനെ ബന്ധപ്പെട്ടപ്പോൾ മൂന്നുലക്ഷം രൂപ കൂടി ലോൺ എടുത്തു തരാമെന്നും ശേഷിക്കുന്ന അഞ്ചു ലക്ഷം രൂപ പിന്നീട് തരികയോ അപകരം വസ്തു വാങ്ങിതരുകയോ അതിനു പറ്റിയില്ലെങ്കിൽ ഈ വസ്തു തിരികെ എഴുതി തരുകയോ ചെയ്യാമെന്ന് പറഞ്ഞതായി ദാമോദരന്റെ പരാതിയിലുണ്ട്.

ഇതിന്റെ ഉറപ്പിലേയ്ക്കായി 2023 ഒക്‌ടോബർ 25 ന് ദമ്പതികളുമായി കരാർ ഉണ്ടാക്കി. അപ്പോൾ ഒരു ലക്ഷം രൂപ കൂടി കൊടുത്തു. പിന്നീട് ബാക്കി പണം ചോദിച്ചപ്പോഴെല്ലാം ഇവർ ഒഴിവു കഴിവുകൾ പറയുകയും ഉറപ്പിലേയ്ക്കായി യുവതിയുടെ പേരിലുള്ള ഒരു ചെക്ക് കൊടുക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ഡിസംബറിൽ ബന്ധുവായ യുവാവിനോട് പണം ആവശ്യപ്പെട്ടപ്പോൾ ഭാര്യ കാമുകനൊപ്പം പോയെന്നും വസ്തു ആരുമറിയാതെ അയാളുടെ പേരിലേക്ക് വിലയാധാരം നൽകിയെന്നും പറഞ്ഞു.

തുടർന്ന് യുവതിയെ തേടി കണ്ടു പിടിച്ച ദാമോദരൻ പണം തരണമെന്ന് ആവശ്യപ്പെട്ടു. അക്കൗണ്ടിൽ പണം നിക്ഷേപിക്കാമെന്നും ഏപ്രിൽ 15 കഴിയുമ്പോൾ ചെക്ക് മാറാൻ ബാങ്കിൽ കൊടുത്തുകൊള്ളാനും പറഞ്ഞു. അങ്ങനെ ചെക്ക് ബാങ്കിൽ കൊടുത്തപ്പോൾ ആ അക്കൗണ്ട് പോലും ഒരു വർഷം മുമ്പ് ക്യാൻസൽ ചെയ്തതായിട്ടാണ് അറിഞ്ഞത്. താൻ വഴിയാധാരമായെന്നും പുറംപോക്കിലാണ് കഴയുന്നതെന്നും പരാതിയിലുണ്ട്. വിശ്വാസ വഞ്ചനയ്ക്ക് ഇരയായപ്പോഴാണ് വയോധികൻ പോലീസിനെ സമീപിച്ചത്. എന്നാൽ, അവിടെ നിന്നും നീതി ലഭിച്ചില്ലെന്നാണ് ഇദ്ദേഹത്തിന്റെ പരാതി.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *