വീട്ടമ്മയെയും മകനെയും വീടു കയറി മർദ്ദിച്ച കേസിലെ പ്രതികളായ മൂന്നു പേരെ ഏനാത്ത് പോലീസ് പിടികൂടി.

Crime
Print Friendly, PDF & Email

അടൂർ: വസ്തുവിന്റെ അതിർത്തി തർക്കത്തിന്റെ പേരിൽ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെയും മകനെയും മർദ്ദിച്ച കേസിൽ രണ്ടുപേർ പിടിയിൽ. ഏറത്ത് പുത്തൻ പുരയിൽ സുനിൽ (43), ഇയാളുടെ ഭാര്യയുടെ ആദ്യവിവാഹത്തിലെ മകൻ പ്രജിത് (20), മഹർഷിക്കാവ്.സുരാജ് ഭവനം അശ്വിൻ (19)എന്നിവരെയാണ് ഏനാത്ത് പോലീസ് ഉടനടി പിടികൂടിയത്. ഏറത്ത് പുതുശ്ശേരി ഭാഗം പടിഞ്ഞാറ്റേക്കര പാലവിളയിൽ വീട്ടിൽ ജോളി ജോൺസൺ ഇവരുടെ മകൻ അജിൻ പി ജോൺസൺ എന്നിവർക്കാണ് പ്രതികളുടെ മർദ്ദനമേറ്റത്.

ചൊവ്വാഴ്ച ഉച്ചയ്ക്ക് 2 ന് ജോളിയുടെ വീടിന്റെ മുറ്റത്ത് മറ്റ് രണ്ട് പേർക്കൊപ്പം അതിക്രമിച്ചു കടന്ന സുനിലും പ്രജിത്തും മറ്റും അസഭ്യം വിളിച്ചുകൊണ്ട് ആക്രമിക്കുകയായിരുന്നു. സുനിൽ സുനിൽ ജോളിയുടെ നൈറ്റിയിൽ പിടിക്കുകയും ഇടതു തോളിൽ അടിക്കുകയും തുടർന്ന് കല്ലെടുത്ത് വയറ്റിൽ എറിയുകയും ചെയ്തു. തടസ്സം പിടിച്ച അജിനെ പ്രതികൾ തള്ളി താഴെയിട്ടു. പ്രജിത്ത് നെറ്റിയിൽ കല്ലുവെച്ചിടിച്ച് മുറിവേൽപ്പിച്ചു. നാലു പ്രതികളും ചേർന്ന് മകനെ മർദ്ദിച്ചതായും തനിക്ക് മാനഹാനിയുണ്ടാക്കിയതായും ജോളിയുടെ മൊഴിയിൽ പറയുന്നു.

അയൽവാസികളായ ഇരുകൂട്ടരും തമ്മിൽ വർഷങ്ങളായി തർക്കം നിലനിൽക്കുകയാണ്. സംഭവദിവസം രാവിലെ 10ന് ജോളിയുടെ ഭർത്താവിനെ കാറിൽ വീട്ടിലേക്ക് വരുന്ന വഴി തടഞ്ഞിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായി. ഇതിനെ തുടർന്നാണ് ഉച്ചയ്ക്ക് മദ്യപിച്ച് എത്തിയ സുനിൽ മറ്റ് പ്രതികളുമായി വീട്ടുമുറ്റത്ത് അതിക്രമിച്ചുകടന്ന് ദേഹോപദ്രവം ഏൽപ്പിച്ചത്. ഭർത്താവ് എവിടെ എന്ന് ചോദിച്ച് അസഭ്യം വിളിച്ചുകൊണ്ടാണ് കടന്നുകയറിയത്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞു. വീട്ടമ്മയും മകനും അടൂർ ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. അജിന് നെറ്റിയിലേറ്റ മുറിവിൽ മൂന്ന് തുന്നലിട്ടു.

സംഭവത്തിൽ സുനിലിനും പ്രജിത്തിനും ദേഹോപദ്രവം ഏറ്റതായി പറയുകയാൽ തിരിച്ചും പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഈ കേസിൽ അഞ്ചു പ്രതികൾ ആണുള്ളത്. ബിജു, ബിജുവിന്റെ മകൻ,സഹോദരൻ, സഹോദര ഭാര്യ, ബിജുവിന്റെ സഹോദരി എന്നിവരാണ് സുനിൽ കുമാർ വാദിയായ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികൾ. സുനിൽകുമാർ സ്‌കൂട്ടറിൽ പോകുമ്പോൾ അസഭ്യം വിളിച്ചുകൊണ്ടു ബിജു വടികൊണ്ട് മർദ്ദിച്ചതായും, രണ്ടാം പ്രതി തലക്കടിച്ചതായും തലയ്ക്ക് പിന്നിൽ കമ്പി കൊണ്ട് അടിച്ച് മുറിവേൽപ്പിച്ചതായും പറയുന്നു. മറ്റു പ്രതികൾ ചേർന്ന് മർദ്ദിച്ചുവെന്നും, രണ്ടാം പ്രതി പ്രജിത്തിന്റെ കൈപിടിച്ച് തിരിച്ചുവെന്നും സുനിലിന്റെ മൊഴിയിലുണ്ട്. പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *