തിരുവനന്തപുരം: പത്തു വര്‍ഷത്തെ പിണറായി ഭരണത്തിന്‍ കീഴില്‍ നടക്കാത്ത അഴിമതികള്‍ ഒന്നുമില്ല കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്റെ മരുന്നു വാങ്ങല്‍ നേരത്തേ വിവാദത്തിലായതാണ്. ഇപ്പോഴിതാ പിണറായിക്കാലത്ത് കോര്‍പ്പറേഷന്‍ ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയതിലും അഴിമതി പുറത്തു വന്നിരിക്കുകയാണ്. പ്രശ്നം ശ്രദ്ധയില്‍പ്പെട്ട ആരോഗ്യമന്ത്രി കെ. മുരളീധരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്റെ മൂന്നു ഗോഡൗണുകളില്‍ തീപിടിത്തത്തിനും അഗ്നിരക്ഷാ ഉദ്യോഗസ്ഥന്റെ മരണത്തിനും കാരണമായെന്ന് ആരോപിക്കുന്ന ബ്ലീച്ചിങ് പൗഡര്‍ വിതരണം ചെയ്ത ഉത്തര്‍പ്രദേശ് ആസ്ഥാനമായ ബാങ്കെ ബിഹാരി കെമിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് ചട്ടം മറികടന്ന് 7.32 കോടി രൂപയുടെ ഓര്‍ഡര്‍ നല്‍കിയത്.
മഴക്കാലത്തിനു മുന്‍പ് അടിയന്തരമായി ബ്ലീച്ചിങ് പൗഡര്‍ സംഭരിക്കണം എന്നു പറഞ്ഞ് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു തൊട്ടുമുന്‍പ് മാര്‍ച്ച് 11നു തുടങ്ങിയ ടെണ്ടര്‍ നടപടികള്‍ ഫലം വന്നു രണ്ടു ദിവസത്തിനു ശേഷം മേയ് 6 ന് പൂര്‍ത്തിയാക്കി വിവാദ കമ്പനിക്ക് ഓര്‍ഡര്‍ നല്‍കുകയായിരുന്നു. കിലോയ്ക്ക് 46.96 രൂപ നിരക്കില്‍ 15.59 ലക്ഷം കിലോ ബ്ലീച്ചിങ് പൗഡര്‍ വിതരണത്തിനാണ് അനുമതി നല്‍കിയത്.
2023 ലാണ് കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ ഗോഡൗണുകളില്‍ വന്‍തോതില്‍ സംഭരിച്ച ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചത്. ഒന്‍പതര കോടി രൂപയുടെ നഷ്ടം അന്നുണ്ടായി. തീയണയ്ക്കാനുള്ള ശ്രമത്തില്‍ അഗ്നിരക്ഷാ ജീവനക്കാരന്‍ മരിച്ചു. ഇദ്ദേഹത്തിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 25 ലക്ഷം രൂപ നല്‍കിയതും കെഎംഎസ്സിഎല്‍ അക്കൗണ്ടില്‍ നിന്നാണ്. ബ്ലീച്ചിങ് പൗഡറിന്റെ നിലവാരമില്ലായ്മയാണ് തീപിടിത്തത്തിന് കാരണം എന്ന ആരോപണങ്ങളെ തുടര്‍ന്ന് കമ്പനിക്ക് നല്‍കാനുള്ള 1.80 കോടി രൂപ തടഞ്ഞു വച്ചിരുന്നെങ്കിലും ഇതു പിന്നീട് വിട്ടുകൊടുത്തു.
ബ്ലീച്ചിങ് പൗഡര്‍ നല്‍കാന്‍ മറ്റു കമ്പനികള്‍ എത്താത്തതിനെ തുടര്‍ന്നാണ് ബാങ്കെ ബിഹാരിയെ തന്നെ വീണ്ടും ആശ്രയിക്കേണ്ടി വന്നതെന്നാണ് കെഎച്ച്എസ്സിഎല്‍ അധികൃതരുടെ വിശദീകരണം. ഇത്രയും അടിയന്തര സാഹചര്യമായിരുന്നിട്ടും മാര്‍ച്ച് 11ന് തുടങ്ങിയ നടപടി മേയ് 6 വരെ നീട്ടിയത് എന്തിനെന്ന ചോദ്യം അപ്പോഴും അവശേഷിക്കുന്നു. ബോര്‍ഡ് യോഗം ചേര്‍ന്നിട്ടുണ്ടെങ്കില്‍ തന്നെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ എടുത്ത തീരുമാനത്തിന്റെ സാധുതയും ചോദ്യം ചെയ്യപ്പെടും.
പുറത്തു വരുന്നത് വമ്പന്‍ അഴിമതി, അടിമുടി ചട്ടലംഘനം
വിവാദമായ ബ്ലീച്ചിങ് പൗഡര്‍ കരാറില്‍ പുറത്തു വരുന്നത് വമ്പന്‍ അഴിമതിയാണ്. ടെണ്ടര്‍ ക്ഷണിച്ചപ്പോള്‍ കരാറില്‍ പങ്കെടുക്കുന്ന കമ്പനികള്‍ക്ക് വാര്‍ഷിക വിറ്റുവരവ കഴിഞ്ഞ മൂന്നു വര്‍ഷമായി ശരാശരി അഞ്ചു കോടി രൂപ വേണമെന്ന് നിബന്ധനയുണ്ടായിരുന്നു. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ 13,90,780 കിലോഗ്രാം ബ്ലീച്ചിംഗ് പൗഡര്‍ വാങ്ങുന്നതിനാണ് ടെണ്ടര്‍ ക്ഷണിച്ചത്. എന്നാല്‍, 2026-27 വര്‍ഷത്തില്‍ വാങ്ങേണ്ട അളവ് 15,59,382 കിലോഗ്രാം (ഏകദേശം 15.59 ലക്ഷം കിലോഗ്രാം) ആയി കുത്തനെ കൂട്ടുകയും നിരതദ്രവ്യം തുക വര്‍ദ്ധിപ്പിക്കുകയും ചെയ്തിട്ടും വിചിത്രമെന്നു പറയട്ടെ, വാര്‍ഷിക വിറ്റുവരവ് പരിധി അഞ്ചു കോടി രൂപയില്‍ നിന്നും രണ്ടു കോടി രൂപയായി കുറച്ചു.
കഴിഞ്ഞ രണ്ട് വര്‍ഷമായി യാതൊരുവിധ പ്രശ്നങ്ങളുമില്ലാതെ കെ.എം.എസ്.സി.എല്ലിലേക്ക് ബ്ലീച്ചിംഗ് പൗഡര്‍ വിതരണം ചെയ്തിരുന്ന കേരളത്തിലെ പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡിനെ (കെ.എസ്.ഡി.പി) ഒഴിവാക്കാനും കേവലം 3 കോടി രൂപ മാത്രം വാര്‍ഷിക വിറ്റുവരവുള്ള ബാങ്കെ ബിഹാരി കെമിക്കല്‍സ് എന്ന വിവാദ കമ്പനിക്ക് മാത്രം യോഗ്യത ഉറപ്പാക്കാനും കോര്‍പ്പറേഷനിലെ ചില ഉദ്യോഗസ്ഥര്‍ നടത്തിയ അട്ടിമറിയാണിതെന്ന് സംശയിക്കുന്നു. അഞ്ചു കോടി രൂപയുടെ പഴയ നിബന്ധന നിലനിര്‍ത്തിയിരുന്നെങ്കില്‍ ഈ കമ്പനിക്ക് ടെണ്ടറില്‍ പങ്കെടുക്കാന്‍ പോലും യോഗ്യത ഉണ്ടാകുമായിരുന്നില്ല. ഈ കമ്പനിയുടെ ശരാശരി വിറ്റുവരവ് മൂന്നു കോടിക്ക് മുകളില്‍ മാത്രമാണ്, അഞ്ചു കോടിയില്ല.
മൂന്നു കോടി രൂപ വാര്‍ഷിക വിറ്റുവരവുള്ള കമ്പനിക്ക് എങ്ങനെയാണ് ഏഴു കോടിയിലധികം രൂപയുടെ ഓര്‍ഡര്‍ വിതരണം ചെയ്യാന്‍ കഴിയുക എന്നതാണ് പ്രസക്തമായ ചോദ്യം. മൂന്നു കോടി രൂപ മാത്രം വാര്‍ഷിക വിറ്റുവരവുള്ള ഒരു വിതരണക്കാരന് 7.32 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കാനുള്ള തീരുമാനം അടിസ്ഥാന സാമ്പത്തിക യുക്തിക്കും റിസ്‌ക് മാനേജ്മെന്റ് തത്വങ്ങള്‍ക്കും നിരക്കാത്തതാണ്. കൂടാതെ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഇത് വിതരണം ചെയ്യാനും അവരോട് നിര്‍ദ്ദേശിച്ചിരുന്നു. യോഗ്യതയുള്ള പൊതുമേഖലാ സ്ഥാപനങ്ങളെയും വന്‍കിട വിതരണക്കാരെയും മറികടന്ന്, ആവശ്യത്തിന് മൂലധനമില്ലാത്ത ഒരു സ്വകാര്യ സ്ഥാപനത്തെ സഹായിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യമാണ് ഇതിലൂടെ വെളിപ്പെട്ടത്.
സ്റ്റോര്‍ പര്‍ച്ചേസ് ചട്ടങ്ങള്‍ ലംഘിച്ചുകൊണ്ട് ഒരൊറ്റ കമ്പനിക്ക് കരാര്‍ നല്‍കിയത്
സംസ്ഥാന സ്റ്റോര്‍ പര്‍ച്ചേസ് വകുപ്പിന്റെ 28.10.2013ലെ സര്‍ക്കുലര്‍ പ്രകാരം, ആദ്യം വിളിച്ച ടെണ്ടറില്‍ ഒരൊറ്റ കമ്പനി മാത്രം യോഗ്യത നേടുമ്പോള്‍ അത് സ്വീകരിക്കുന്നത് പൂര്‍ണ്ണമായും നിയമവിരുദ്ധമാണ്. അത്തരം സാഹചര്യങ്ങളില്‍ കര്‍ശനമായും റീടെണ്ടര്‍ ചെയ്യേണ്ടതുണ്ട്. എന്നാല്‍, കെ.എം.എസ്.സി.എല്‍ ഫെബ്രുവരി 20ന് പ്രസിദ്ധീകരിച്ച ആദ്യ ടെണ്ടറില്‍ തന്നെ യാതൊരുവിധ മത്സരവുമില്ലാതെ ഈ ഒരൊറ്റ കമ്പനിയുടെ ഓഫര്‍ സ്വീകരിച്ചു.
2025 മെയ്, ജൂലൈ മാസങ്ങളില്‍ ടെണ്ടറുകള്‍ വിളിച്ചിരുന്നതിനാല്‍ ഇത് റീടെണ്ടര്‍ ആയി കണക്കാക്കാം എന്നാണ് കോര്‍പ്പറേഷന്റെ വിശദീകരണം. എന്നാല്‍, 2025ല്‍ വിളിച്ച ടെണ്ടറുകള്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ (2025-26) ആയിരുന്നു. ബ്ലീച്ചിംഗ് പൗഡറിനായി 2026-27 വര്‍ഷത്തെ പുതിയ നിരക്ക് കരാറിനായി ഒരു ടെണ്ടര്‍ മാത്രമാണ് വിളിച്ചിട്ടുള്ളത് എന്നതിനാല്‍, കോര്‍പ്പറേഷന്റെ വാദത്തിന് യാതൊരു നിയമപരമായ അടിത്തറയുമില്ല.
ആദ്യ ടെണ്ടറിലെ ഒറ്റയൊരെണ്ണം മാത്രം അംഗീകരിച്ച ഉദ്യോഗസ്ഥനെതിരെയും അന്വേഷണം നടത്തണം. മാനദണ്ഡങ്ങള്‍ അനുസരിച്ച് ഇത് റീടെണ്ടര്‍ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ ഇവിടെ അതുണ്ടായില്ല. റീടെണ്ടര്‍ ചെയ്യാതെ ആദ്യ ടെണ്ടറിലെ സിംഗിള്‍ ബിഡ്ഡര്‍ക്ക് തന്നെ ഓര്‍ഡര്‍ നല്‍കി. ഇത് കേരള സ്റ്റോര്‍ പര്‍ച്ചേസ് മാനുവലിന്റെ ഗുരുതരമായ ലംഘനമാണ്. ഗവണ്‍മെന്റ് അംഗീകാരമില്ലാതെ ആദ്യ ടെന്‍ഡറില്‍ സിംഗിള്‍ ബിഡ് എങ്ങനെ സ്വീകരിക്കാന്‍ കഴിയുമെന്ന ചോദ്യത്തിനും ഉത്തരമില്ല.
പൊതുജന സുരക്ഷയ്ക്കുള്ള ഭീഷണിയും പൊതുമേഖലാ സ്ഥാപനങ്ങളെ പാര്‍ശ്വവത്കരിക്കലും
2023ല്‍ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിലെ വെയര്‍ഹൗസുകളില്‍ വന്‍തോതില്‍ സംഭരിച്ചിരുന്ന ബ്ലീച്ചിംഗ് പൗഡറിന് തീപിടിക്കുകയും വലിയ നഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. തീ അണയ്ക്കുന്നതിനിടയില്‍ രഞ്ജിത്ത് എന്ന ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ജീവന്‍ നഷ്ടപ്പെട്ട. ഇതേ ബാങ്കെ ബിഹാരി കമ്പനിയായിരുന്നു അന്ന് സാധനം വിതരണം ചെയ്തവരില്‍ ഒരാള്‍. ഈ ദുരന്തത്തെ തുടര്‍ന്ന്, കഴിഞ്ഞ വര്‍ഷങ്ങളില്‍ കേരള പൊതുമേഖലാ സ്ഥാപനമായ കെ.എസ്.ഡി.പിയില്‍ നിന്ന് കര്‍ശനമായ ഗുണനിലവാര മാനദണ്ഡങ്ങളോടെയായിരുന്നു ബ്ലീച്ചിങ് പൗഡര്‍ വാങ്ങിയിരുന്നത്. പൊതുമേഖലാ സ്ഥാപനം വിതരണം ചെയ്ത ആ കാലയളവില്‍ യാതൊരുവിധ തീപിടുത്തങ്ങളും ഉണ്ടായിട്ടില്ല.
മുന്‍പ് കോര്‍പ്പറേഷന്‍ തടഞ്ഞുവെച്ചിരുന്ന 1.80 കോടി രൂപയുടെ പേയ്മെന്റ് ഈ കമ്പനിക്ക് റിലീസ് ചെയ്തുകൊണ്ട് ഇതേ കമ്പനിക്ക് വീണ്ടും ചുവപ്പ് പരവതാനി വിരിച്ചതിന് പിന്നില്‍ സാമ്പത്തിക ഇടപാട് നടന്നിട്ടുണ്ട്.
ഫെബ്രുവരിയില്‍ ആരംഭിച്ച ടെന്‍ഡര്‍ നടപടികള്‍ അനാവശ്യമായി നീട്ടിക്കൊണ്ടുപോവുകയും, പുതിയ ഭരണഘടനാപരമായ മാറ്റങ്ങള്‍ക്കും ഗവണ്‍മെന്റ് രൂപീകരണത്തിനും തൊട്ടുപിന്നാലെ മെയ് 6ന് വര്‍ക്ക് ഓര്‍ഡര്‍ ധൃതിപിടിച്ച് നല്‍കുകയും ചെയ്തു. കാലവര്‍ഷ അടിയന്തരാവസ്ഥ എന്ന വ്യാജേന റീടെന്‍ഡറിംഗിനായി ലഭ്യമായിരുന്ന 3 മാസത്തെ സമയം ഉദ്യോഗസ്ഥര്‍ മനഃപൂര്‍വ്വം പാഴാക്കി കളഞ്ഞു.
പൂര്‍ണ്ണമായും തെളിയിക്കപ്പെട്ട അഴിമതിയുടെയും സുരക്ഷാ വീഴ്ചകളുടെയും പശ്ചാത്തലത്തില്‍, ബാങ്കെ ബിഹാരി കെമിക്കല്‍സ് ്രൈപവറ്റ് ലിമിറ്റഡിന് നല്‍കിയ 7.32 കോടി രൂപയുടെ പര്‍ച്ചേസ് ഓര്‍ഡര്‍ ഉടനടി മരവിപ്പിക്കാന്‍ ഉത്തരവിടമെന്ന ആവശ്യമുയര്‍ന്ന് പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
ആദ്യ ടെണ്ടറില്‍ ഈ കമ്പനിയുടെ സിംഗിള്‍ ബിഡ് എങ്ങനെ സ്വീകരിക്കുകയും പര്‍ച്ചേസ് ഓര്‍ഡര്‍ നല്‍കുകയും ചെയ്തു എന്നതാണ് പ്രധാന ചോദ്യം. കമ്പനിക്ക് വേണ്ട യോഗ്യതയായ ശരാശരി വാര്‍ഷിക വിറ്റുവരവ് അഞ്ചില്‍ നിന്നും രണ്ടു കോടിയായി കുറച്ചതിലൂടെ, ഈ കമ്പനിക്ക് പ്രവേശിക്കാനുള്ള അവസരമാണ് ഒരുക്കിയത്. രണ്ടു കോടി വിറ്റുവരവുള്ള ഒരു കമ്പനി എങ്ങനെയാണ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഏഴു കോടിയിലധികം രൂപയുടെ ഓര്‍ഡര്‍ കൈകാര്യം ചെയ്യുക എന്നത് ഒരു യഥാര്‍ത്ഥ ചോദ്യമാണ്. അവര്‍ ആ കമ്പനിയുടെ പ്ലാന്റ് വിലയിരുത്തിയിട്ടുണ്ടോ? 7 കോടിയുടെ ബ്ലീച്ചിംഗ് പൗഡര്‍ ഉത്പാദിപ്പിക്കാനുള്ള ശേഷി അവര്‍ക്കുണ്ടോ? തുടങ്ങിയവയെല്ലാം ചോദ്യചിഹ്നമാണ്.


