പന്തളം :- കെഎസ്ആര്‍ടിസി ബസ് തടഞ്ഞ് ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അന്വേഷണത്തിന് വന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയും ചെയ്ത സഹോദരന്‍മാരെ പോലീസ് അറസ്റ്റ് ചെയ്തു. കുളനട പാണില്‍ വലിയതറ കിഴക്കേതില്‍ വീട്ടില്‍ ആദര്‍ശ് വി. ശിവന്‍ (30), അഭിജിത് വി ശിവന്‍ (27) എന്നിവരാണ് പിടിയിലായത്. തിങ്കളാഴ്ച രാത്രി 10.30 നാണ് പന്തളത്തെ സ്വകാര്യ ആശുപത്രിക്ക് മുന്നില്‍ എം സി റോഡില്‍ നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. പ്രതികള്‍ കെഎസ്ആര്‍ടിസി ബസ് റോഡില്‍ തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തു. സ്‌കൂട്ടറും ആംബുലന്‍സും റോഡില്‍ കുറുകെ ഇട്ട് ഏറെനേരം ഗതാഗത തടസ്സം ഉണ്ടാക്കുകയും ചെയ്തു. ഗതാഗതകുരുത്തില്‍ ആറന്മുള എംഎല്‍എയും അകപ്പെട്ടു. പോലീസിന്റെ 112 എന്ന എമര്‍ജന്‍സി നമ്പറില്‍ ഗതാഗതക്കുരുക്കിനെക്കുറിച്ചുള്ള അടിയന്തര സന്ദേശം വന്നതനുസരിച്ച് എഎസ്‌ഐ രാജേഷിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി.
എത്രയും പെട്ടെന്ന് ഗതാഗത തടസം നീക്കി പൊതുജനങ്ങള്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉറപ്പു വരുത്തണമെന്ന് സ്ഥലത്തുണ്ടായിരുന്ന അബിന്‍ വര്‍ക്കി എം.എല്‍.എ പോലീസിനോട് നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് പോലീസ് ഇവരോട് വാഹനങ്ങള്‍ മാറ്റാന്‍ ആവശ്യപ്പെട്ടു. പ്രകോപിതരായ പ്രതികള്‍ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ഇടിവള ഉപയോഗിച്ച് എഎസ്‌ഐ രാജേഷിനെ പരുക്കേല്‍പ്പിക്കുകയും ചെയ്തു.
കൂടുതല്‍ പോലീസ് സംഘം സ്ഥലത്തെത്തി പ്രതികളെ ബലംപ്രയോഗിച്ച് കീഴടക്കുകയായിരുന്നു. ഇരുവരും മദ്യലഹരിയില്‍ ആയിരുന്നു.പ്രതികളില്‍ ഒരാളായ ആദര്‍ശ് ഓടിച്ച ബൈക്കിന് കെഎസ്ആര്‍ടിസി ബസ് സൈഡ് കൊടുത്തില്ല എന്ന് ആരോപിച്ചായിരുന്നു ഇവര്‍ റോഡില്‍ തടഞ്ഞതും ഡ്രൈവറെ ഭീഷണിപ്പെടുത്തിയതും. സ്റ്റേഷനില്‍ എത്തിച്ച് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം കോടതിയില്‍ ഹാജരാക്കി.


