പത്തനംതിട്ട : സ്രോതസ്സ് സംഘടിപ്പിച്ച അഖില മലങ്കര ക്വിസ് മത്സരത്തിൽ പുത്തൻകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ജേതാക്കളായി. മലങ്കര ഓർത്തഡോക്സ് സഭയുടെ ഏഴാമത് കാതോലിക്കാ ആയിരുന്ന പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവായുടെ സ്മരണാർത്ഥം “ഗ്നോസിസ്-2026″എന്ന പേരിൽ പത്തനാപുരം മൗണ്ട് താബോർ ദയറായിൽ വച്ച് നടന്ന ഫൈനൽ റൗണ്ട് മത്സരത്തിൽ പത്ത് ടീമുകളാണ് മാറ്റുരച്ചത്. മാർ ഗ്രീഗോറിയോസ് ചർച്ച് കുറ്റപ്പുഴ,സെൻറ് ജോൺസ് ചർച്ച് കൂരോപ്പാട എന്നി ദേവാലയങ്ങൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. ഫാ.ഡോ. റിഞ്ചു പി കോശിയായിരുന്നു ക്വിസ് മാസ്റ്റർ.
സ്രോതസ്സിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന സിൽവർ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ക്വിസ് മത്സരം രണ്ടു റൗണ്ടുകളായാണ് നടന്നത്. രാജ്യത്തിനകത്തും പുറത്തുമുള്ള 70 ഓർത്തഡോക്സ് ദേവാലയങ്ങളിൽ നിന്നുള്ള ടീമുകൾ പ്രാഥമിക റൗണ്ടിൽ പങ്കെടുത്തു.ഒന്നാം സ്ഥാനം നേടിയ ടീമിന് 25,000 രൂപയും ട്രോഫിയും, രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 15000, 10000 രൂപയും ട്രോഫിയും ലഭിച്ചു.
പരിശുദ്ധ ദിദിമോസ് പ്രഥമൻ കാതോലിക്ക ബാവായുടെ ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് ഇന്ന് (26/05/2026) പത്തനാപുരം മൗണ്ട് താബോർ ദയറായിൽ നടന്ന പൊതുസമ്മേളനത്തിൽ മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത സമ്മാനദാനം നടത്തി. ജോഷ്വാ മാർ നിക്കോദിമോസ് , ഡോ.യാക്കോബ് മാർ ഐറേനിയോസ്, ജ്യോതികുമാർ ചാമക്കാല എംഎൽഎ, ദയറാ സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു , സ്രോതസ്സ് പ്രസിഡണ്ട് തോമസ് പി മാത്യു, സ്രോതസ്സ് ജൂബിലി ജനറൽ കൺവീനർ ഡോ ഫിലിപ്പോസ് പുതുക്കുളങ്ങര,മാനേജിങ് കമ്മിറ്റി അംഗം ശ്രീ ജോസ് തോമസ്,പി എം ജോസ്, റോയ് തോമസ്, പി എം തമ്പാൻ, മോൻസി കോശി, റോബിൻ റെജി, റിയാ തോമസ്, സീമ ജോസ് എന്നിവർ സന്നിഹിതരായിരുന്നു. ഷാർജയിലെ ഓർത്തഡോക്സ് വിശ്വാസികളുടെ കൂട്ടായ്മയാണ് സ്രോതസ്.

ഫോട്ടോ – അഖില മലങ്കര ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ പുത്തൻകാവ് സെൻറ് മേരീസ് ഓർത്തഡോക്സ് ദേവാലയത്തിന് അഭി. മാത്യൂസ് മാത്യൂസ് മാർ തേവോദോസിയോസ് മെത്രാപ്പോലീത്ത ട്രോഫിയും ക്യാഷ് അവാർഡും നൽകുന്നു.


