കോഴഞ്ചേരി : വികസിത ഇന്ത്യ സാധ്യമാകുന്നതോടെ തൊഴിൽ തേടിയുള്ള യുവാക്കളുടെ വിദേശത്തേക്കുള്ള കുടിയേറ്റം ഒഴിവാകും . ആറന്മുളയിൽ ഇത് സാധ്യമാക്കാൻ കുമ്മനത്തിന് കഴിയുമെന്ന് മുൻ കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം അഭിപ്രായപെട്ടു. ആറന്മുളയിൽ എൻ ഡി എ സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കുമ്മനം രാജശേഖരൻ്റെ തെരഞ്ഞെടുപ്പു പര്യടനം ഇലന്തൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . കുമ്മനത്തെ പോലെ കാഴ്ചപ്പാടുകളും ജനങ്ങളോട് പ്രതിബദ്ധതയുമുള്ളവരാണ് ജനപ്രതിനിധികളാവേണ്ടത് . മണ്ഡലത്തിൻ്റെ സമഗ്ര വികസനത്തിനായി പദ്ധതി തയ്യാറാക്കിയാണ് ജനങ്ങളെ അഭിമുഖീകരിക്കുന്നതെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു .
70 വർഷമായി മുന്നണികൾ അവഗണിച്ച മണ്ഡലത്തിൽ പലയിടത്തും കുടിവെള്ളമെത്തിയിട്ടില്ല . തകർന്ന ഗ്രാമീണ റോഡുകളും തൊഴിലില്ലായ്മയും നാടിൻ്റെ ശാപമായി തുടരുന്നു . എൽ ഡി എഫും യു ഡി എഫും സ്വാർത്ഥ താത്പര്യത്തിനായാണ് മത്സരിക്കുന്നത് . മത തീവ്രവാദികളോട് സന്ധി ചെയ്ത് പ്രവർത്തിക്കുന്ന അവർ രണ്ടല്ല ഒന്നാണ് .ശബരി മല സ്വർണ കൊള്ളയ്ക്കും എൽഡിഎഫും യുഡി എഫും തുല്യ പങ്കാളികളാണ് . അവർ നേതൃത്വം നല്കിയ ദേവസ്വം ബോർഡുകളുടെ കാലത്താണ് സ്വർണ കൊള്ള നടന്നിരിക്കുന്നത് . വികസനം , വിശ്വാസ സംരക്ഷണം , സുരക്ഷ എന്നിവയ്ക്കായി എൻഡിഎ യെ വിജയിപ്പിക്കണം . കുമ്മനം ആവശ്യപ്പെട്ടു . ഇലന്തൂർ ഗണപതി ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് കു മ്മനത്തിൻ്റെ തെരഞ്ഞെടുപ്പു പര്യടനം ആരംഭിച്ചത് .

ക്ഷേത്ര ജംഗ്ഷനിൽ ചേർന്ന ഉദ്ഘാടന യോഗത്തിൽ ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻ്റ് ബി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു . കർഷക മോർച്ച സംസ്ഥാന പ്രസിഡൻ്റ് ഷാജി രാഘവൻ , ബിജെപി പത്തനംതിട്ട മണ്ഡലം പ്രസിഡൻ്റ് വിബിൻ വാസുദേവ് , ജില്ല വൈസ് പ്രസിഡൻ്റ്മാരായ റോയി മാത്യു , പി.ആർ ഷാജി , സംസ്ഥാന കൗൺസിൽ അംഗം എം അയ്യപ്പൻ കുട്ടി , അജയകുമാർ വല്യുഴത്തിൽ, ഗ്രാമ പഞ്ചായത്തംഗങ്ങളായ ഇന്ദിര മോഹൻ ,രഞ്ജു രജീഷ് , ശില്പ .കെ ,അരുൺ രാജ് , എൻഡിഎ നേതാക്കളായ കെ.കെ ശശി , സൂരജ് ഇലന്തൂർ , അനിൽകുമാർ , ഉണ്ണികൃഷ്‌ണൻ പി , ഗോപൻ പുല്ലാട് ,രവീന്ദ്രവർമ്മ തുടങ്ങിയവർ സംസാരിച്ചു . വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾക്കു നന്ദി പറഞ്ഞും വോട്ടറന്മാരെ നേരിൽ കണ്ടും സംവദിച്ച കുമ്മനത്തിൻ്റെ ഇലന്തൂർ പഞ്ചായത്ത് പര്യടനം പൂർത്തിയായി.


