കൊല്ലം: ടൂറിസ്റ്റ് ബസിൽ ലഹരിമരുന്ന് കടത്തുന്നുവെന്ന രഹസ്യ വിവരത്തിന്റെ ചുവട് പിടിച്ച് അന്വേഷിച്ച് പോയ ഡാൻസാഫ് ടീമിന് ഒടുവിൽ അത് കിട്ടിയത് കളിപ്പാട്ടം നിറച്ച പാഴ്സലിൽ നിന്ന്. വിദേശത്തു നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കൊറിയർ വഴി എത്തിച്ച ലഹരി ശേഖരമാണ് പിടികൂടിയത്. സംഭവത്തിൽ കൊല്ലം പട്ടത്താനം മൈത്രി നഗർ 23ൽ ശാന്ത ഭവനിൽ വിഷ്ണു ലാലിനെ ഡാൻസാഫ് സംഘം പിടികൂടി. ഇയാളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഓലയിൽ കടവിലുള്ള സുഹൃത്ത് പ്രണവിന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ 101.0 7 ഗ്രാം തൂക്കം വരുന്ന 177 എംഡിഎംഎ ഗുളികകൾ കണ്ടെടുത്തു. അതീവ തീവ്രതയുള്ള പുതിയ ഇനം ലഹരി മരുന്നാണിത് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

കളിപ്പാട്ടങ്ങൾക്കൊപ്പം കൊറിയർ പാക്കറ്റിൽ ഒളിപ്പിച്ച നിലയിലായിരുന്നു ലഹരി ഗുളികകൾ. ഇൻഡോറിൽ നിന്നും ടൂറിസ്റ്റ് ബസ്സിൽ ലഹരി മരുന്നുമായി വിഷ്ണുലാൽ കൊല്ലത്തേക്ക് എത്തുന്നുണ്ടെന്ന് രഹസ്യ വിവരത്തെ തുടർന്ന് കടപ്പാക്കടയിൽ നിന്നാണ് ഇയാളെ ഡാൻസാഫ്സംഘം കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് ലഹരി മരുന്നു ഗുളികകൾ കൊറിയർ വഴി സുഹൃത്തായ പ്രണവിന്റെ ഓലയിൽ കടവിലെ വീട്ടിലേക്ക് അയച്ച വിവരം ഇയാൾ പറഞ്ഞത്. എൻജിനീയറിങ് വിദ്യാർത്ഥിയായപ്രണവ് കഴിഞ്ഞദിവസം മാതാപിതാക്കൾക്കൊപ്പം ബഹ്റൈനിലേക്ക് പോയിരുന്നു ഈ സാഹചര്യം മുതലെടുത്താണ് വിഷ്ണുലാൽ ലഹരിമരുന്ന് പ്രണവിന്റെ വീട്ടിലേക്ക് കൊറിയർ ചെയ്തത്. പ്രണവിന്റെ വീട്ടുകാർ അറിയാതെയായിരുന്നു ഇരുവരും ചേർന്ന് ലഹരി ഇടപാടുകൾ നടത്തിയിരുന്നതെന്ന് പോലീസ് പറഞ്ഞു.

വിഷ്ണുലാൽ ഇതര സംസ്ഥാനങ്ങളിൽ നിന്ന് അയക്കുന്ന ലഹരി മരുന്ന് പ്രണവിന്റെ വിലാസത്തിൽ കൈപ്പറ്റിയ ശേഷം ഇരുവരും ചേർന്ന് വിൽപ്പന നടത്തുന്നതാണ് രീതി എന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞ കുറച്ചു നാളുകളായി വിഷ്ണുലാൽ ഡാൻസാഫ് സംഘത്തിന്റെ നിരീക്ഷണത്തിൽ ആയിരുന്നു. സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ എന്നതിനെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചതായി സിറ്റി പോലീസ് കമ്മിഷണർ എം ഹേമലത പറഞ്ഞു. എസ്ഐമാരായ വിനോദ്, മിഥുൻ, കണ്ണൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.


