കേന്ദ്ര ഇന്റലിജൻസിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥനെയും സൈബർ തട്ടിപ്പുസംഘം പറ്റിച്ചു 48 ലക്ഷം കൈക്കലാക്കി :

Crime
Print Friendly, PDF & Email

പത്തനംതിട്ട: സൈബർ തട്ടിപ്പുകാരുടെ കഥകൾ നിരന്തരം വാർത്തകളിൽ നിറയുകയാണ്. മെത്രാപ്പോലീത്ത അടക്കം ഇവരുടെ വലയിൽ വീണപ്പോൾ തട്ടിപ്പുകാർക്കെതിരേ സധൈര്യം പ്രതികരിക്കുന്ന യുവാക്കളെയും നമ്മൾ കണ്ടു. എന്നാൽ അതുക്കും മേലെ നടന്ന ഒരു സംഭവം ഇതാ. അടൂർ ഏനാത്ത് പോലീസ് സ്‌റ്റേഷൻ അതിർത്തിയിലാണ് ഈ സംഭവം. തട്ടിപ്പിന് ഇരയായിരിക്കുന്നത് സെൻട്രൽ ഇന്റലിജൻസ് ബ്യൂറോയിൽ നിന്ന് വിരമിച്ച ഉദ്യോഗസ്ഥൻ ആണെന്ന് അറിയുമ്പോൾ ഞെട്ടിയത് പോലീസുകാരാണെന്ന് മാത്രം. രാജ്യത്തിന്റെ ചലനം തന്നെ നിയന്ത്രിക്കുന്നവരാണ് കേന്ദ്രഇന്റലിജൻസിൽ ജോലി ചെയ്യുന്നത്. അവരാണ് ഇത്തരം തട്ടിപ്പുകൾ സർക്കാരിന് റിപ്പോർട്ട് ചെയ്യേണ്ടത്. എന്നാൽ, അവിടെ നിന്ന് വിരമിച്ച ഒരാൾ തന്നെ തട്ടിപ്പിന് ഇരയായ വാർത്തയാണ് പുറത്തു വരുന്നത്.

2008 ൽ ഐബിയിൽ നിന്ന് വിരമിച്ച 73 വയസുള്ളയാളെയാണ് തട്ടിപ്പുകാർ വലയിലാക്കി കഴിഞ്ഞ മൂന്നു മുതൽ 17 വരെ രണ്ടാഴ്ചക്കാലം കൊണ്ട് 48 ലക്ഷം രൂപ തട്ടിയെടുത്തത്. മുംബൈ പോലീസിൽ നിന്നാണ് വിളിക്കുന്നതെന്നും ഇദ്ദേഹം സൈബർ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞാണ് പല തവണയായി പണം കൈപ്പറ്റിയത്. 48 ലക്ഷം രൂപ തട്ടിപ്പുകാർക്ക് കൊടുത്തതിന് ശേഷമാണ് ബന്ധുവായ റിട്ട. ഐപിഎസുകാരനോട് പോലും ഇദ്ദേഹം കാര്യം പറയുന്നത്. തുടർന്ന് ഏനാത്ത് പോലീസിൽ പരാതി നൽകി. അവസാനം കൊടുത്ത ആറു ലക്ഷം രൂപ മരവിപ്പിക്കാൻ കഴിഞ്ഞുവെന്നതാണ് ഏക നേട്ടം. സമയം കഴിഞ്ഞു പോയതിനാൽ ബാക്കി തുക തിരിച്ചെടുക്കാൻ പാടാണ് എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ഏനാത്ത് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *