സിപിഎം തോല്‍വിയില്‍ രൂക്ഷ പ്രതികരണവുമായി പത്തനംതിട്ട ജില്ലാ കമ്മറ്റി അംഗത്തിന്റെ മകന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു. !!

Kerala Pathanamthitta Politics
Print Friendly, PDF & Email

പത്തനംതിട്ട: പിണറായി വിജയനും എംവി ഗോവിന്ദനും അടക്കമുള്ള നേതാക്കളുടെ ശൈലിയും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനവുമാണ് ഇക്കുറി എല്‍ഡിഎഫിന്റെ പരാജയത്തിലേക്ക് വഴി തെളിച്ചതെന്ന ഫേസ് ബുക്ക് പോസ്റ്റുമായി സിപിഎം ജില്ലാ കമ്മറ്റി അംഗത്തിന്റെ മകന്‍. പത്തനംതിട്ട നഗരസഭ മുന്‍ ചെയര്‍മാനും സിപിഎം ജില്ലാ കമ്മറ്റി അംഗവുമായ അഡ്വ. ടി. സക്കീര്‍ ഹുസൈന്റെ മകന്‍ ആസിഫ് സക്കീര്‍ ഹുസൈനാണ് നേതൃത്വത്തിനെതിരേ രൂക്ഷവിമര്‍ശനം ഉയര്‍ത്തി പോസ്റ്റ് ഇട്ടിരിക്കുന്നത്.

പിണറായി പ്രതിപക്ഷ നേതാവ് എന്നുളള വാര്‍ത്താ കാര്‍ഡ്, ഇതിനെയാണ് തെറ്റ് പഠിക്കാതെ തെറ്റി പഠിക്കുന്നു എന്ന് പറയുന്നത്. തെരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി നേരിട്ടിട്ടും ഒരു മാറ്റത്തിന് തയ്യാറല്ലെന്ന സമീപനം തികച്ചും നിരാശാജനകമാണ് എന്നിങ്ങനെയുള്ള തലവാചകങ്ങളോടെയാണ് ആസിഫ് സക്കീര്‍ പോസ്റ്റ് ചെയ്തത്. ഇതിനെതിരേയുള്ള കമന്റിനാണ് ആസിഫ് രൂക്ഷവിമര്‍ശനം ഉന്നയിച്ച് മറുപടി നല്‍കിയിരിക്കുന്നത്.

https://www.facebook.com/photo?fbid=1469453968292595&set=a.148032610434744

അതിങ്ങനെ:
പിണറായി വിജയന്റേത് മാത്രമല്ല, സംസ്ഥാന സെക്രട്ടറി അടക്കം പാര്‍ട്ടി നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ ശൈലിയും ധാര്‍ഷ്ട്യം നിറഞ്ഞ സമീപനവുമാണ് തോല്‍വിക്കുള്ള പ്രധാനകാരണം. ഭരണം മോശമായതുകൊണ്ടാണ് തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് എന്ന അഭിപ്രായം എനിക്കില്ല. കാരണം വികസന കാര്യത്തില്‍ ഈ സര്‍ക്കാര്‍ ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ട്. എന്നാല്‍, സംഘടനാ അടിസ്ഥാനത്തില്‍ പാര്‍ട്ടി ഇന്ന് ദുര്‍ബ്ബലമാണ്. പരമ്പരാഗത കമ്മ്യൂണിസ്റ്റ് ശൈലിയില്‍നിന്നും വ്യത്യസ്തമായി ഒരു വലതുപക്ഷപ്രവണത ഇന്ന് പാര്‍ട്ടിയില്‍ പ്രകടമാണ്. ‘വിമര്‍ശനം, സ്വയംവിമര്‍ശനം’ എന്ന പരമപ്രധാനമായ കമ്മ്യൂണിസ്റ്റ് ദര്‍ശനത്തില്‍ നിന്ന് വ്യതിചലിച്ച് സ്വജനപക്ഷപാതവും ആത്മപ്രശംസയും സ്തുതിപാടലും, ഒരു വ്യക്തിയുടെ സര്‍വാധിപത്യ പ്രവണതയും പാര്‍ട്ടിയില്‍ പിടിമുറുക്കിയപ്പോള്‍, അത് പാര്‍ട്ടി സഖാക്കള്‍ക്കിടയില്‍ പോലും ശക്തമായ പ്രതിഷേധത്തിന് വഴിതെളിച്ചു. പാര്‍ട്ടിയെ തിരുത്തേണ്ട അനിവാര്യമാണെന്നവര്‍ക്കു മനസ്സിലായി. ഇതിന്റെ പ്രതിഫലനമാണ് പയ്യനൂരിലും തളിപ്പറമ്പിലും ഉണ്ടായത്.

ഇലക്ഷന്‍ സമയത്ത് കേരളത്തിലുടനീളമുയര്‍ന്ന ഹോര്‍ഡിങ്‌സ് നമ്മളെല്ലാം കണ്ടതാണല്ലോ. ‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’ എന്ന തലക്കെട്ടോടെവച്ച ഹോര്‍ഡിങ്‌സില്‍ ഒരുമുഖം മാത്രമായിരുന്നു. ശ്രീ. പിണറായി വിജയന്റേത്. ഒരു ടീമിനെ ഉയര്‍ത്തിക്കാട്ടാന്‍ കഴിഞ്ഞില്ല. ഇങ്ങനെയുള്ള നിരവധി സംഭവങ്ങള്‍ പാര്‍ട്ടി വ്യക്തികേന്ദ്രീകൃതമാകുന്നു എന്ന സന്ദേശമാണ് പൊതുജനത്തിന് നല്‍കിയത്. വിമര്‍ശനങ്ങള്‍ക്ക് കാതോര്‍ക്കാതെ തെറ്റുകള്‍ സംഭവിക്കുമ്പോള്‍ അത് അംഗീകരിക്കാനോ തിരുത്താനോ തയ്യാറാകാതെ, ഒരു പറ്റം ഭാഗ്യാന്വേഷികളുടെയും അധികാരത്തിന്റെ അപ്പക്കഷണങ്ങള്‍ നുണയാന്‍ കൂടെ കൂടുന്നവരുടെയും വാഴ്ത്തുപാട്ടുകള്‍ക്കുമാത്രം കാതോര്‍ത്തതുകൊണ്ടാണ് ഈ കനത്ത തിരിച്ചടിയുണ്ടായിരിക്കുന്നത്. പിണറായി വിജയനെ മാത്രം കുറ്റപ്പെടുത്തുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല. അദ്ദേഹത്തെ തിരുത്തേണ്ട സമയത്ത് നേതൃത്വം അതിന് തയ്യാറാവാതെ അദ്ദേഹത്തിന് പൂര്‍ണമായി കീഴ്‌പ്പെടുകയായിരുന്നു. ഇനിയും ഒരുപാട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട് എന്നാല്‍ തല്‍ക്കാലം അതിനുള്ള നിര്‍വാഹമില്ല. ഒരു കാര്യംകൂടി അവസാനമായി പറയട്ടെ. വികസനം മാത്രമല്ല വിനയവും ആവശ്യമാണ് എന്ന് പഠിപ്പിച്ച തിരഞ്ഞെടുപ്പുകൂടിയാണിത്. സാധാരണക്കാരായ മനുഷ്യരില്‍ നിന്ന് പാര്‍ട്ടിയും നേതാക്കളും അകലാന്‍ പാടില്ല. ബ്രാഞ്ച് കമ്മിറ്റി മുതല്‍ പോളിറ്റ് ബ്യൂറോ വരെ നീളുന്ന നേതൃനിര സഹിഷ്ണുതയോടും വിനയത്തോടും ജനങ്ങളെ കേള്‍ക്കാനും വീഴ്ചകള്‍ തിരുത്തി മുന്നേറാനും തയ്യാറാകണം. കാരണം ഇത് സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും പാര്‍ട്ടിയാണ്.
ഈ ഘട്ടത്തില്‍ ഒരു നേതൃമാറ്റം എന്തുകൊണ്ടും അത്യാവശ്യമാണ്.

ആസിഫിന്റെ പിതാവ് അഡ്വ. സക്കീര്‍ ഹുസൈന്‍ നഗരസഭ ചെയര്‍മാനായിരിക്കുമ്പോള്‍ മന്ത്രി വീണാ ജോര്‍ജുമായി അത്ര രസത്തിലല്ലായിരുന്നു. നഗരസഭയുടെ പല വികസന പ്രവര്‍ത്തനങ്ങളിലും മന്ത്രിയുടെ സാന്നിധ്യം ഉണ്ടായിരുന്നില്ല. നഗരസഭയുടെ അധീനതയിലുണ്ടായിരുന്ന ജനറല്‍ ആശുപത്രി വിചിത്രമായ ഒരു ഉത്തരവിലൂടെ ജില്ലാ പഞ്ചായത്തിന് കൈമാറിയിരുന്നു. പാര്‍ട്ടി ഘടകങ്ങളിലും ഇവര്‍ തമ്മിലുള്ള ചേരിപ്പോര് രൂക്ഷമായിരുന്നു. പിണറായി വിജയനാണ് തെരഞ്ഞെടുപ്പ് തോല്‍വിക്ക് കാരണമെന്ന ആദ്യമായി പറഞ്ഞ ജില്ലാ സെക്രട്ടറിയേറ്റും പത്തനംതിട്ട തന്നെയാണ്.‌

Leave a Reply

Your email address will not be published. Required fields are marked *