ആരോഗ്യമന്ത്രിയുടെ നാട്ടിൽ പൊട്ടിപ്പൊളിഞ്ഞു വീണുകൊണ്ടിരിക്കുന്ന ആശുപത്രി
പത്തനംതിട്ട: ആരോഗ്യമന്ത്രിയുടെ സ്വന്തം നാട്ടിൽ ജനറൽ ആശുപത്രിയുടെ സ്ഥിതി അതീവ ശോചനീയം. പത്തനംതിട്ട ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് കഷണങ്ങൾ അടർന്നു വീഴുന്നു. ഇന്നലെ ഒരു ഗർഭിണിയും ഭർത്താവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ശോച്യാവസ്ഥയിലായ ബി ആൻഡ് സി ബ്ലോക്കിലാണ് കോൺക്രീറ്റ് അടർന്നു വീണത്. കാർഡിയോളജി വിഭാഗത്തിൽ നിന്നും രക്തബാങ്കിലേക്കുള്ള പാതയിൽ കോൺക്രീറ്റ് അടർന്നു വീഴുന്നതു പതിവു സംഭവമാണ്. ഒരുദിവസം കുറഞ്ഞത് ആയിരത്തിലധികം ആളുകൾ ഈ പാത ഉപയോഗിക്കുന്നുണ്ട്. ഇന്നലെ രാവിലെയാണ് കോൺക്രീറ്റ് കഷണം അടർന്നു വീണത്. ഇതിൽ നിന്നാണ് ഗർഭിണിയും ഭർത്താവും തലനാരിഴയ്ക്ക് രക്ഷപെട്ടത്. ആശുപത്രിയിലുണ്ടായിരുന്ന ഒരാൾ പകർത്തിയ വീഡിയോ സമൂഹമാധ്യമത്തിലൂടെ പുറത്തു വന്നതോടെയാണ് അപകടത്തിന്റെ രൂക്ഷത അധികൃതർക്കും ബോധ്യപ്പെട്ടത്.
കെട്ടിട നിർമാണത്തിലെ പിഴവു കാരണം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ ബി ആൻഡ് സി ബ്ലോക്ക് പണ്ടേ ദുർബലാവസ്ഥയിലാണ്. 20 വർഷം മാത്രമേ കെട്ടിടത്തിനു പഴക്കമുള്ളൂവെങ്കിലും ശോച്യാവസ്ഥയെ സംബന്ധിച്ച് നിരവധി ആക്ഷേപങ്ങളാണ് ഉയർന്നത്. കെട്ടിടം പൊളിച്ചു മാറ്റുകയേ നിർവാഹമുള്ളൂവെന്ന തരത്തിൽ പിഡബ്ല്യുഡിയിലെ സാങ്കേതിക വിദഗ്ധർ അടക്കം റിപ്പോർട്ട് നൽകിയതാണ്. ജനറൽ ആശുപത്രിയിൽ പുതിയ ഒപി ബ്ലോക്കിന്റെയും അത്യാഹിത വിഭാഗത്തിന്റെയും നിർമാണം നടക്കുന്ന ഘട്ടത്തിലാണ് ബി ആൻഡ് സി ബ്ലോക്കിലേക്ക് കൂടുതൽ സംവിധാനങ്ങൾ എത്തിച്ചത്. നിലവിൽ കാത്ത് ലാബ്, ഐസിയു, രക്തബാങ്ക്, ന്യൂറോ ഐസിയു, എംഐസിയു തുടങ്ങിയവയും കുട്ടികളുടെയും ഗർഭിണികളുടെയും വാർഡും ഈ ബ്ലോക്കിലാണ് പ്രവർത്തിക്കുന്നത്. പഴയ ആശുപത്രി കെട്ടിടം പൊളിച്ചതോടെ അവിടെ ഉണ്ടായിരുന്ന പല സംവിധാനങ്ങളും വാർഡുകളും ഇവിടേക്ക് മാറ്റേണ്ടിവന്നു. ഇതിനു മുന്പായി കെട്ടിടത്തിന്റെ സുരക്ഷിതത്വം പരിശോധിക്കണമെന്ന ആവശ്യം ഉണ്ടായിരുന്നു. ഇതിനായി തിരുവനന്തപുരം എൻജിനിയറിംഗ് കോളജിലെയും പൊതുമരാമത്ത് കെട്ടിട വിഭാഗത്തിലെയും രണ്ട് വിദഗ്ധ സമിതികളെ നിയോഗിച്ചിരുന്നു. ഇവരുടെ റിപ്പോർട്ട് ഇതേവരെ ലഭിച്ചിട്ടില്ല. റിപ്പോർട്ട് ലഭിച്ചശേഷമേ ബി ആൻഡ് സി ബ്ലോക്കിലേക്ക് ആശുപത്രി സംവിധാനങ്ങൾ മാറ്റുകയുള്ളൂവെന്ന് നിലപാടെടുത്ത സൂപ്രണ്ടിനെ സ്ഥലംമാറ്റിയശേഷമാണ് നിലവിൽ ഈ ബ്ലോക്കിനെ ഉപയോഗപ്പെടുത്തിയത്. ലിഫ്റ്റ് പ്രവർത്തിക്കുന്‌പോൾ കെട്ടിടം കുലുങ്ങുന്നതടക്കമുള്ള സാങ്കേതിക പിഴവുകൾ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ രോഗികളുടെയും കൂട്ടിരിപ്പുകാരുടെയും സുരക്ഷിതത്വത്തെ തന്നെ ബാധിക്കുന്ന തരത്തിൽ കോൺക്രീറ്റ് പാളികൾ അടർന്നു വീഴാൻ തുടങ്ങിയിരിക്കുന്നത്.
കുട്ടികളുടെ വാർഡിന്റെ ചോർച്ച, ശൗചാലയങ്ങളിൽ നിന്നു വെള്ളം താഴേക്ക് വീഴുന്നതടക്കമുള്ള പരാതികളുമുണ്ട്. കെട്ടിടത്തിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിനലേക്ക് 30 ലക്ഷം രൂപയുടെ പദ്ധതി എൻഎച്ച്എം മുഖേന തയാറാക്കിയിരുന്നു. എന്നാൽ ഇതിനുള്ള അനുമതിയും ആയിട്ടില്ല.
നിലവിൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ ഒപി ബ്ലോക്കിന്റെയും അത്യാഹിത വിഭാഗത്തിന്റെയും നിർമാണം രണ്ടു ഭാഗങ്ങളിലായി നടക്കുകയാണ്. പഴയ ബ്ലോക്കുകൾ പൊളിച്ചു മാറ്റിയ സ്ഥലത്ത് ഇതിനുവേണ്ടി പൈലിംഗ് ജോലികൾ ആരംഭിച്ചിട്ടുണ്ട്. പൈലിംഗ് ആരംഭിച്ചതിനു പിന്നാലെയാണ് ഇതേ കോന്പൗണ്ടിലെ ബി ആൻഡ് സി ബ്ലോക്കിൽ നിന്ന് കൂടുതൽ കോൺക്രീറ്റ് പാളികൾ അടർന്നു വീഴാൻ തുടങ്ങിയതെന്നു പറയുന്നു.
ആശുപത്രിയിലെ നിലവിലെ സ്ഥലപരിമിതി മറികടക്കാൻ ബി ആൻഡ് സി ബ്ലോക്ക് കൂടി ഉണ്ടാകണമെന്നാണ് ആരോഗ്യ വകുപ്പിലെ ഉന്നതരുടെ താത്പര്യം. ഇതാണ് കെട്ടിടത്തിന്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ടുകളും അവഗണിച്ച് ഇതിന് പ്രവർത്തനാനുമതി നൽകിയിരിക്കുന്നത്.
കെട്ടിടത്തിന്റെ പലഭാഗങ്ങളിലും മിക്കയിടത്തും കോൺക്രീറ്റ് ഇളകി ഇരുമ്പു കമ്പി വെളിയിൽ വന്നിരിക്കുകയാണ്. പുതിയ കെട്ടിടത്തിനു വേണ്ടിയുള്ള പൈലിംഗ് നടക്കുന്നത് കാരണം പഴയ കെട്ടിടത്തിന് ബലക്ഷയവും നേരിടുന്നുണ്ട്. കോൺക്രീറ്റ് പൊളിഞ്ഞു വീഴാനുള്ള കാരണവും ഇതു തന്നെയാണ്. കോൺക്രീറ്റിന്റെ വലുതും ചെറുതുമായ കഷണങ്ങളാണ് താഴേക്ക് പതിക്കുന്നത്. സിമന്റ് കഷണങ്ങൾ വീണാൽ രോഗികൾക്ക് പരിക്കേൽക്കാനുള്ള സാധ്യതയുമുണ്ട്.




