അടൂര്‍: നഗരസഭാ ചെയര്‍പേഴ്‌സണ്‍ സി.പി.എമ്മിലെ ദിവ്യ റെജി മുഹമ്മദ് രാജി വച്ചു. ഇന്നലെ ചേര്‍ന്ന കൗണ്‍സിലിന് ശേഷമാണ് നഗരസഭ സെകട്ടറിയുടെ ചുമതല വഹിക്കുന്ന സൂപ്രണ്ട് പ്രസാദിന് രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി തീരുമാനം അനുസരിച്ച് ആണ് രാജി എന്നാണ് കത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. സി.പി.ഐയിലെ ഡി. സജി എല്‍.ഡി.എഫിലെ ധാരണപ്രകാരം കാലയളവായ രണ്ട് വര്‍ഷം പൂര്‍ത്തീകരിച്ചതിനെ തുടര്‍ന്ന് രാജി വച്ചതോടെയാണ് 2023 ഫെബ്രുവരി 16 ന് ദിവ്യ റെജി മുഹമ്മദ് ചുമതലയേറ്റത്. തുടര്‍ന്ന് രണ്ടരവര്‍ഷം പൂര്‍ത്തിയാവുകയും തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് ഇവര്‍ രാജി വച്ചൊഴിയുന്നത്. ഡി. സജി രാജി വച്ചപ്പോള്‍ സി.പി.എമ്മില്‍ നിന്നും ആരാകും ചെയര്‍മാനാകുക എന്നത് സംബന്ധിച്ച് നീണ്ട ചര്‍ച്ചകളും പിന്നീട് ചില തര്‍ക്കങ്ങളും ഉണ്ടായെങ്കിലും കഴിഞ്ഞ നഗരസഭ ഭരണ സമതിയിലെ വൈസ് ചെയര്‍പേഴ്‌സണായി രുന്ന ദിവ്യ റെജി മുഹമ്മദ് ആകട്ടെയെന്ന് ഒടുവില്‍ സി.പി.എം നേതൃത്വം തീരുമാനിക്കു കയായിരുന്നു. അങ്ങനെയാണ് ദിവ്യ റെജി മുഹമ്മദ് ചെയര്‍പേഴ്‌സണാകുന്നത്. ഇനി സി.പി.എമ്മിലെ കെ. മഹേഷ്‌കുമാറിനാണ് സാധ്യത.


