പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ ഒരുക്കം ജില്ല കലക്ടർ എസ് പ്രേം കൃഷ്ണന്റെ നേതൃത്വത്തിൽ കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ വിലയിരുത്തി. വോട്ടെണ്ണൽ ദിനമായ മേയ് നാലിന് രാവിലെ 5:30 ന് പോസ്റ്റൽ ബാലറ്റ് സ്വീകരിക്കാൻ നിയോജകമണ്ഡലങ്ങളിൽ നിന്നും ഉപവരണാധികാരികൾ കലക്ടറേറ്റിൽ എത്തണമെന്ന് ജില്ല കലക്ടർ അറിയിച്ചു. ഒബ്സർവർ, സ്ഥാനാർഥികൾ/സ്ഥാനാർഥികളുടെ ഏജന്റുമാർ എന്നിവരുടെ സാന്നിദ്ധ്യത്തിൽ രാവിലെ ഏഴിന് സ്ട്രോങ് റൂം തുറക്കും. വോട്ടെണ്ണൽ കേന്ദ്രത്തിന് സമീപം മീഡിയ സെന്റർ ക്രമീകരിക്കും.
വോട്ടെണ്ണൽ കേന്ദ്രത്തിന് പുറത്ത് മൊബൈൽ ഫോൺ സൂക്ഷിക്കുന്നതിന് പ്രത്യേക കൗണ്ടർ സജ്ജീകരിക്കും. ഹാളിനുള്ളിൽ പ്രവേശിക്കുന്ന എല്ലാവരുടെയും (സംസ്ഥാന ഇലക്ഷൻ കമ്മീഷനിൽ നിന്നും അനുമതി ലഭിച്ചവർ ഒഴികെ) മൊബൈൽ ഫോണുകൾ കൗണ്ടറിൽ ടോക്കൺ മുഖേനെ സൂക്ഷിക്കാം. വോട്ടെണ്ണലിന് മുമ്പ് ഉദ്യോഗസ്ഥർക്ക് ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസറും എസ്എൽഎംടിമാരും വ്യക്തമായ നിർദേശം നൽകും. കൃത്യം എട്ട് മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും.
എൻകോർ/ഇറ്റിപിബിഎംസ് എന്നിവയ്ക്ക് ആവശ്യമായ ഒറ്റിപി ലഭിച്ചതിനുശേഷം റിട്ടേണിംഗ് ഓഫീസർ ഒഴികെയുള്ളവരുടെ മൊബൈൽ ഫോൺ പ്രത്യേകം വാങ്ങി ഡയസിൽ സൂക്ഷിക്കണം. സ്ട്രോങ് റൂമിൽ നിന്നും വോട്ടെണ്ണൽ കേന്ദ്രത്തിലേക്ക് മെഷിനുകൾ കൊണ്ടുവരുന്ന വഴിയിൽ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥർ ഒഴികെ മറ്റാർക്കും പ്രവേശനമില്ല.
ഓരോ ടേബിളുകളിൽ നിന്നും മെഷീൻ/പോസ്റ്റൽ വോട്ട് എന്നിവ എണ്ണിയതിന്റെ സ്ലിപ്പ് ബന്ധപ്പെട്ട കൗണ്ടിംഗ് ഏജന്റ്മാരിൽ നിന്നും ഒപ്പ് വാങ്ങിയതിനു ശേഷം കൗണ്ടർ സൂപ്പർവൈസറും അസിസ്റ്റന്റും ഒപ്പ് രേഖപ്പെടുത്തി റിട്ടേണിംഗ് ഓഫീസറുടെ ഡയസിൽ എത്തിക്കണം. റിട്ടേണിംഗ് ഓഫീസർ ഒപ്പിട്ട് എൻകോർ/ടാബുലേഷൻ ടീമിന് കൈമാറണം.
ഓരോ റൗണ്ടുകളും പൂർത്തിയാകുമ്പോൾ എൻകോർ ആംപ്ലിക്കേഷൻ അപ്ഡേറ്റ് ചെയ്യുന്നുണ്ടെന്ന് ഡെപ്യൂട്ടി തഹസിൽദാർമാരുടെ മേൽനോട്ടത്തിൽ ഉറപ്പാക്കും. കൗണ്ടിംഗ് ഹാളിലേക്ക് ആവശ്യമുള്ള ജീവനക്കാർക്ക് മാത്രമാകും പ്രവേശനം. റിട്ടേണിംഗ് ഓഫീസറുടെ ഡയസിൽ ബന്ധപ്പെട്ട തഹസിൽദാർ മുഴുവൻ സമയവും ഉണ്ടാകും. കൗണ്ടിംഗ് ഹാളിൽ നടക്കുന്ന എല്ലാ പ്രവർത്തനവും വീഡിയോഗ്രാഫി ചെയ്യും. ടാബുലേഷൻ ടേബിളിലെ പ്രവർത്തനത്തിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു.
ഒരു പ്രാവശ്യം എണ്ണി കഴിഞ്ഞ് പോസ്റ്റൽ ബാലറ്റുകളിൽ ആക്ഷേപം ഉന്നയിച്ചാൽ സംശയകരമായി മാറ്റി വച്ചിരിക്കുന്ന പോസ്റ്റൽ ബാലറ്റുകൾ മാത്രമേ പരിശോധിക്കുകയുള്ളൂ. ഫലപ്രഖ്യാപനത്തിനുശേഷം മെഷീനുകൾ ജില്ല കലക്ടറേറ്റിന് സമീപമുള്ള ഇലക്ഷൻ വെയർഹൗസിൽ എത്തിക്കുമ്പോൾ ഡിഫെക്ടീവ് മെഷീൻ, ഉപയോഗിക്കാത്ത മെഷീൻ, ഉപയോഗിച്ച മെഷീൻ എന്ന ക്രമത്തിൽ പട്ടിക തയ്യറാക്കി തിരിക്കെ ഏൽപ്പിക്കണമെന്നും ജില്ല കലക്ടർ നിർദേശിച്ചു.
ജില്ല പൊലിസ് മേധാവി ആർ ആനന്ദ്, തിരഞ്ഞെടുപ്പ് ഡെപ്യൂട്ടി കലക്ടർ കെ എസ് നസിയ, വരണാധികാരികൾ, ഉപവരാണിധികാരികൾ, പൊലിസ് ഉദ്യോഗ്സഥർ, തിരഞ്ഞെടുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.


