പത്തനംതിട്ട ജില്ലയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പാർക്കിംഗ് അനുവദിക്കില്ല

Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – നിയമസഭ തിരഞ്ഞെടുപ്പ് വോട്ടെണ്ണൽ കേന്ദ്രങ്ങൾക്കുള്ളിൽ വാഹനങ്ങളുടെ പാർക്കിംഗ് അനുവദിക്കില്ലെന്ന് ജില്ല പൊലിസ് മേധാവി ആർ ആനന്ദ് അറിയിച്ചു. ജില്ലയിൽ മൂന്ന് കേന്ദ്രങ്ങളിലാണ് വോട്ടെണ്ണൽ. ഇവയ്ക്ക് സമീപം വാഹനം പാർക്ക് ചെയ്യുന്നതിന് പ്രത്യേക സ്ഥലം ഒരുക്കും. കോന്നി നിയോജക മണ്ഡലത്തിലെ വോട്ടെണ്ണൽ കേന്ദ്രമായ മലയാലപ്പുഴ മുസലിയാർ കോളജിന്റെ സമീപ പ്രദേശങ്ങളായ മൈലാടുംപാറ, മൂലമുറിയിൽ കൺവെൻഷൻ സെന്റർ, മുസലിയാർ എംബിഎ കോളജ് ഗ്രൗണ്ട് എന്നിവിടങ്ങളിൽ വാഹനം പാർക്ക് ചെയ്യണം.

അടൂർ, ആറന്മുള നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ ചെന്നീർക്കര കേന്ദ്രീയ വിദ്യാലയത്തിന് സമീപം മറ്റ് പാർക്കിംഗ് സൗകര്യം ലഭ്യമല്ലാത്തതിനാൽ വാഹനം റോഡ് സൈഡിൽ പാർക്ക് ചെയ്യണം. വോട്ടെണ്ണൽ കേന്ദ്രത്തിന്റെ മുൻവശം 100 മീറ്റർ ഒഴിവാക്കി ബാക്കി സ്ഥലങ്ങളിൽ വാഹനം പാർക്ക് ചെയ്യാൻ അനുവദിക്കും.

റാന്നി, തിരുവല്ല നിയോജകമണ്ഡലങ്ങളിലെ വോട്ടെണ്ണൽ കേന്ദ്രമായ കോഴഞ്ചേരി സെന്റ് തോമസ് കോളജിലെത്തുന്ന വാഹനങ്ങൾ കോഴഞ്ചേരി മാർത്തോമ്മ സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് സ്റ്റേഡിയം, ഹയർ സെക്കൻഡറി സ്‌കൂൾ ഗ്രൗണ്ട് എന്നിവിടങ്ങളിൽ പാർക്ക് ചെയ്യണമെന്ന് ജില്ല കലക്ടർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *