കുമ്മനം ആറന്മുളയിൽ സജീവമായതോടെ അങ്കലാപ്പിൽ മുന്നണികൾ !!

Pathanamthitta Politics

പത്തനംതിട്ട – ജില്ലയിലെ ഏറ്റവും നിർണ്ണായകമായ മണ്ഡലങ്ങളിലൊന്നായ ആറന്മുള ഇത്തവണ രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്ന പോരാട്ട ഭൂമികയായി മാറിക്കഴിഞ്ഞു. വികസനത്തുടർച്ചയുമായി ഇടതും, മണ്ഡലം തിരിച്ചുപിടിക്കാൻ വലതും, അട്ടിമറി വിജയത്തിനായി ബിജെപിയും കച്ചമുറുക്കുമ്പോൾ ആറന്മുളയിലെ രാഷ്ട്രീയചിത്രം സങ്കീർണ്ണമാണ്. പലപ്പോഴും രാഷ്ട്രീയത്തിനപ്പുറം, സാമുദായിക സമവാക്യങ്ങളും അട്ടിമറികളും, ഭാഗ്യവും ഒക്കെ പലരെയും തുണച്ച മണ്ഡലത്തിൽ ഇത്തവണ കുമ്മനം സജീവമായതോടെ ഇടതു വലതു മുന്നണികൾ അങ്കലാപ്പിലാണ്.

പത്തനംതിട്ട നഗരസഭയും, ആറന്മുള, മല്ലപ്പുഴശ്ശേരി, കോഴഞ്ചേരി, ഓമല്ലൂർ, നാരങ്ങാനം, കോയിപ്രം, ഇരവിപേരൂർ, മെഴുവേലി, ഇലന്തൂർ തുടങ്ങിയ ഗ്രാമപഞ്ചായത്തുകളും ഉൾപ്പെടുന്നതാണ് ആറന്മുള മണ്ഡലം. ചന്ദ്രസേനൻ സാറിലൂടെ ഇടതുപക്ഷം ആദ്യമായി വിജയിച്ച മണ്ഡലം ഒരുകാലത്ത് കോൺഗ്രസിന്റെ ഉറച്ച കോട്ടയായി മാറിയിരുന്നു. ഹേമചന്ദ്രൻ, കെ. ഗോപിനാഥൻ പിള്ള, കെ. കെ ശ്രീനിവാസൻ, തുടങ്ങിയ പ്രമുഖർ ആറന്മുളയെ പ്രതിനിധീകരിച്ച ചരിത്രമുണ്ട്. എന്നാൽ 2016-ൽ വീണ ജോർജിലൂടെ ഇടത് മുന്നണി മണ്ഡലം പിടിച്ചെടുത്തതോടെ ചിത്രം മാറി. വിമാനത്താവള വിരുദ്ധ സമരം മണ്ഡലത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും വലിയ നാഴികക്കല്ലാണ്. അതിന്റെ നായകസ്ഥാനം കുമ്മനത്തിന് അവകാശപ്പെട്ടതും.

2021 ൽ വീണ ജോർജ് 16,796 വോട്ടുകൾക്കാണ് ജയം സ്വന്തമാക്കിയത് എങ്കിൽ ഇത്തവണ വലിയ പോരാട്ടമാണ് മണ്ഡലത്തിൽ നടക്കാൻ പോകുന്നത്. വീണ ജോർജ് തന്നെയാണ് ഇത്തവണയും എൽഡിഎഫ് സ്ഥാനാർഥി. സിറ്റിംഗ് എംഎൽഎയും മന്ത്രിയുമെന്ന നിലയിലുള്ള വികസന പ്രവർത്തനങ്ങൾ വോട്ടാകുമെന്ന് എൽഡിഎഫ് വിശ്വസിക്കുന്നു. മൂന്നാം അങ്കത്തിന് ഇറങ്ങുമ്പോൾ ഭരണത്തുടർച്ചയാണ് ലക്ഷ്യം.

ബിജെപി ഏറെ പ്രതീക്ഷ വെക്കുന്ന മണ്ഢലത്തിൽ അവരുടെ സ്ഥാനാർഥി കുമ്മനം രാജശേഖരൻ ആണ്. ആറന്മുള വിമാനത്താവള വിരുദ്ധ സമരത്തിന്റെ മുൻനിരയിലുണ്ടായിരുന്ന നേതാവ് എന്ന നിലയിൽ കുമ്മനത്തിന് മണ്ഡലത്തിൽ വലിയ സ്വീകാര്യതയുണ്ട്. ആറന്മുള ശബരി ബാലാശ്രമം, ആറന്മുള പൈതൃക ഗ്രാമ കർമ്മ സമിതി, വിജയാനന്ദ വിദ്യാപീഠം സിബിഎസ്ഇ സ്‌കൂൾ എന്നിവയുടെ ഒക്കെ നേതൃത്വം വഹിക്കുന്ന കുമ്മനം മത്സര രംഗത്ത സജീവമായി. ബിജെപി ഇത്തവണ ഏറ്റവും കൂടുതൽ പ്രതീക്ഷ വയ്ക്കുന്ന എ ക്ലാസ് മണ്ഡലങ്ങളിൽ ഒന്നാണ് ആറന്മുള.

യൂത്ത്‌കോൺഗ്രസ് നേതാവായ അബിൻ വർക്കിയെ രംഗത്തിറക്കി യുവാക്കളുടെ വോട്ട് പിടിക്കാനാണ് കോൺഗ്രസ് നീക്കം. മണ്ഡലം തിരിച്ചുപിടിക്കാൻ ശക്തമായ ഒരു പുതുമുഖത്തെ വേണമെന്ന ആവശ്യമാണ് കോൺഗ്രസിനുള്ളിൽ. മണ്ഡലത്തിന്റെ വികസനത്തിന്റെ കാര്യത്തിലേക്ക് വന്നാൽ പത്തനംതിട്ട ജനറൽ ആശുപത്രിയുടെ നവീകരണം, റൂട്ടുകൾ മെച്ചപ്പെടുത്തിയത്, ടൂറിസം പദ്ധതികൾ എന്നിവ എൽഡിഎഫ് ഉയർത്തിക്കാട്ടുന്നു. ശബരിമലയുടെ കവാടമായ പത്തനംതിട്ട ഉൾപ്പെടുന്ന മണ്ഡലമായതിനാൽ വിശ്വാസപരമായ വിഷയങ്ങൾ വോട്ടിംഗിനെ സ്വാധീനിക്കും. ഇത് ബിജെപിക്കും യുഡിഎഫിനും അനുകൂലമാകുമെന്ന് ഇരുപാർട്ടികളും കരുതുന്നു. കർഷകർ ഏറെയുള്ള മണ്ഡലത്തിൽ റബ്ബർ വിലയും കാർഷിക പ്രതിസന്ധിയും വലിയ ചർച്ചയാണ്. കുമ്മനം രാജശേഖരൻ എത്തുമ്പോൾ പഴയ സമരവീര്യവും പരിസ്ഥിതി വിഷയങ്ങളും വീണ്ടും സജീവമാകും.

മത സാമുദായിക ഘടകങ്ങളും, ട്വന്റി 20 , ബിഡിജെഎസ് തുടങ്ങിയ എൻഡിഎ ക്കൊപ്പം നിൽക്കുന്ന പാർട്ടികൾക്ക് ആറന്മുളയിലും ശക്തമായ സാന്നിദ്ധ്യമുണ്ട്. കുമ്മനത്തിന്റെ വ്യക്തി പ്രഭാവവും, സംശുദ്ധ രാഷ്ട്രീയ ജീവിതവുമൊക്കെ ജനങ്ങളെ സ്വാധീനിക്കുമെന്നുറപ്പ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *