പത്തനംതിട്ട – ആറന്മുളയിൽ കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ വേണ്ട, റാന്നിയിൽ ക്രിസ്തീയ വിഭാഗത്തെ അവഗണിച്ചു, കോന്നിയിൽ അടൂർ പ്രകാശ് മത്സരിക്കണമെന്ന് ശിവഗിരി മഠം, അടൂരിൽ ബാബു ദിവാകരൻ രാജിവെച്ചു, പന്തളം സുധാകരൻ മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്ത്, തിരുവല്ലയിൽ കോൺഗ്രസ് മത്സരിക്കണമെന്നും ആവിശ്യം ആകെ പുകയുകയാണ് പത്തനംതിട്ടയിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തിൽ.
കഴിഞ്ഞ ദിവസം ആറന്മുള നിയോജക മണ്ഡലത്തിലെ നേതാക്കന്മാർ തമ്മിലുള്ള ചർച്ചയിൽ ആറന്മുളയിൽ കെട്ടിയിറക്ക് സ്ഥാനാർത്ഥിയെ അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്ന് മുതിർന്ന നേതാക്കളോട് പ്രാദേശിക നേതാക്കന്മാർ അഭിപ്രായപ്പെട്ടു. ഇതിന്റെ ചുവട് പിടിച്ച് ജില്ലയ്ക്ക് പുറത്ത് നിന്നുള്ള കെട്ടിയിറക്ക് സ്ഥാനാർത്ഥികൾക്ക് എതിരെ പത്തനംതിട്ട ജില്ലയിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ആറന്മുളയിൽ ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ ശക്തമായ സ്ഥാനാർത്ഥിയെ മത്സരിപ്പിച്ചാൽ മാത്രമേ കോണ്‍ഗ്രസിനെ രക്ഷയുള്ളൂ. കഴിഞ്ഞ രണ്ട് പ്രാവിശ്യം മുൻ എംഎല്‍എയായ അഡ്വ കെ ശിവദാസൻ നായർ വീണാ ജോർജിനോട് വളരെ ദയനീയമായ തോൽവിയാണ് ഏറ്റുവാങ്ങിയത്. മാർത്തോമ്മാ ഓർത്തഡോക്സ് സഭയ്ക്ക് വളരെ മേൽകൈയുള്ള ആറന്മുളയിലും പത്തനംതിട്ട ജില്ലയിലും സഭയെ അവഗണിച്ചത് മൂലം വളരെ വലിയ തിരിച്ചടിയാണ് കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേരിട്ടത്.
സമവായ നീക്കമെന്ന നിലയിൽ അച്ചു ഉമ്മന്റെ പേരും, മാർത്തോമാ സഭാ ട്രസ്റ്റിയായ അൻസിൽ സഖറിയായുടെ പേരുമാണ് സഭയുമായി ബന്ധപ്പെട്ട് പുറത്ത് വരുന്നത്. മുൻ മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ മാർത്തോമ്മാ സഭയിലെ കുമ്പനാട് ശാലേം ഇടവക അംഗമായ ലിജോയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ആറന്മുള നിയോജക മണ്ഡലത്തിലെ ഓർത്തഡോക്സ് മാർത്തോമ്മാ സഭകളെ സ്വാധീനിക്കാൻ കഴിയും. ഒപ്പം ഉമ്മൻ ചാണ്ടിയുടെ മകളെന്ന നിലയിൽ മറ്റ് സമുദായങ്ങളെ ജില്ലയിൽ യോജിപ്പിക്കാൻ കഴിയും. മാർത്തോമാ സഭാ ട്രസ്റ്റിയായ അൻസിൽ സഖറിയ കോമാട്ട് ആറന്മുള നിയോജ മണ്ഡലത്തിലെ കോയിപ്രം പഞ്ചായത്തിലെ പുല്ലാട് സ്വദേശിയാണ്. പത്തനംതിട്ട ജില്ലയിലെ പ്രമുഖ അഭിഭാഷകനായ അൻസിൽ സഖറിയ കോമാട്ട് നിലവിൽ മാർത്തോമ്മാ സഭയുടെ അൽമായ ട്രസ്റ്റിയാണ്. ഇന്റർ ചർച്ച് കൗൺസിലിന്റെ ജോയിന്റ് സെക്രട്ടറിയുമാണ്. ക്രൈസ്തവ സഭകളിൽ പൊതു സമ്മതനായ അൻസിൽ സഖറിയ കോമാട്ടിനെ ആറന്മുളയിൽ മത്സരിപ്പിച്ചാൽ ജില്ലയിൽ ഇത് ക്രൈസ്തവ സഭകളുടെ ഏകീകരണത്തിന് ഇത് സഹായിക്കണമെന്ന് ഒരുവിഭാഗം കോൺഗ്രസ് നേതാക്കളും പ്രവർത്തകരും അഭിപ്രായപ്പെട്ടുന്നത്. ആറന്മുളയിൽ വിജയിക്കണമെങ്കിൽ അച്ചു ഉമ്മനെപ്പോലുള്ള സ്ഥാനാർത്ഥികൾ തന്നെ വേണമെന്നാണ്. ചർച്ചയിൽ ഉയർന്നത്. അച്ചു ഉമ്മൻ ഇപ്പോൾ ഭർതൃപിതാവിന്റെ മാതാവിന്റെ സംസ്കാര ചടങ്ങുകളുമായി ബന്ധപ്പെട്ട് കുമ്പനാട് പുല്ലാട്ടുള്ള വീട്ടിലുണ്ട്.
തിരുവല്ല സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥികളെ പരിഗണിക്കണമെന്ന ആവശ്യവും ശക്തമാണ്. തിരുവല്ലയിൽ നിലവിൽ യുഡിഎഫ് ചെയർമാൻ അഡ്വ വർഗീസ് മാമ്മന്റെ പേരാണ് കേരള കോൺഗ്രസ് പാർട്ടിയിൽ നിന്നും പരിഗണിക്കുന്നതു. എന്നാൽ മുൻ എംഎല്‍എയായ ജോസഫ് എം പുതുശ്ശേരിയും കുഞ്ഞുകോശിയും അപ്പർ കുട്ടനാട്ടിലെ ജനകീയനായ സാം ഈപ്പന്റെയും പേരുകൾ ശക്തമായി നിലനില്‍ക്കുന്നുണ്ട്. ഇവിടെ കഴിഞ്ഞ നാല് തെരഞ്ഞെടുക്കളിൽ കേരള കോൺഗ്രസിലെ ശക്തമായ വിമതനീക്കം മൂലം മാത്യു ടി തോമസ് വിജയിക്കുകയും ചെയ്തു. ഇത് മൂലം തിരുവല്ല സീറ്റ് കോൺഗ്രസ് ഏറ്റെടുക്കണമെന്നാണ് മുതിർന്ന കോൺഗ്രസ് നേതാവായ പി ജെ കുര്യൻ ഉൾപ്പെടെയുള്ളവർ ആവശ്യപ്പെടുന്നത്.
റാന്നിയിൽ റിങ്കു ചെറിയാനെ തഴഞ്ഞതിൽ അമർഷം രൂക്ഷമാണ്. നിലവിൽ കെ സി വേണുഗോപാൽ അനുകൂലിയായ കെപിസിസി ജനറൽ സെക്രട്ടറി അടൂർ പഴകുളം സ്വദേശീയായ പുഴകുളം മധുവിന്റെ പേരാണ് റാന്നിയിൽ നേതൃത്വം പരിഗണിക്കുന്നത്. മധുവിന് എതിരെ ശക്തമായ പ്രാദേശികമായ എതിർപ്പാണ് റാന്നിയിലുള്ളത്. അന്തരിച്ച കോൺഗ്രസ് നേതാവായ ബിജിലി പനവേലിയുടെ മകൻ ആരോൺ പനവേലിയുടെ പേരും റാന്നിയിൽ ശക്തമായിട്ടുണ്ട്. ചില പ്രാദേശിക നേതാക്കളും മത്സരിക്കണമെന്ന ആവിശ്യവുമായി രംഗത്തുണ്ടായിരുന്നു. കോന്നിയിൽ അടൂർ പ്രകാശ് തന്നെ മത്സരിക്കണമെന്ന ആവശ്യവുമായി ശിവഗിരി മഠം തന്നെ രംഗത്തെത്തി എന്നതും ശ്രദ്ധേയം. ഡിസിസി പ്രസിഡന്റായ സതീഷ് കൊച്ചുപറമ്പിൽ സ്ഥാനാർത്ഥിത്വം നിഷേധിക്കപ്പെടുകയാണെങ്കിൽ വിമത നീക്കവുമായി മുന്നോട്ട് പോകാനാണ് സാദ്ധ്യത.
അടൂരിൽ രമ്യ ഹരിദാസിന്റെ പേര് ഉയർന്നു വന്നതോടെ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു. ഡിസിസി ഭാരവാഹിയായിരുന്ന ബാബു ദിവാകരൻ കോൺഗ്രസിൽ നിന്നും രാജിവെച്ചു. പന്തളം സുധാകരനും മത്സരിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചതായാണ് അറിയുന്നത്. കല്ലേലി മലനട ഭാരവാഹിയും, പ്രബല കുറവർ മഹാസഭ സമുദായ നേതാവ് കൂടിയായ അഡ്വ. ശാന്തകുമാറിന്റെ പേരും കേൾക്കുന്നുണ്ട്.
കോൺഗ്രസിലെ ഈ പൊട്ടിത്തെറികളെല്ലാം സഹായിക്കുക സിപിഎമ്മിനെയാണോ, ബിജെപിയാണോ എന്ന് കണ്ടറിയണം .
ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട


