സാമൂഹിക തിന്മകൾക്ക് എതിരെ രൂപപ്പെടേണ്ട വിശ്വാസ ദൗത്യ ബോധ്യങ്ങൾ ; സന്ദേശം ബിഷപ്പ് മാർ ടോണി നീലങ്കാവിൽ

Kerala Pathanamthitta
Print Friendly, PDF & Email

മാരാമൺ – ലോകത്തിൽ മനുഷ്യജീവിതത്തെ ദൈവത്തിൽ നിന്നുമകറ്റുന്ന അനേകം സാമൂഹിക തിന്മകൾക്ക് മദ്ധ്യേയാണ് നാം ജീവിക്കുന്നത്. ജീവിതത്തെ താളം തെറ്റിക്കുന്ന ലഹരി വസ്തുക്കുളം ആസക്തിയുടെ കാണാകയങ്ങളിലേക്ക് നമ്മെ എത്തിക്കുന്ന തിന്മശക്തികളെയും ഈ ലോകത്തെ കാർന്ന് തിന്നുമ്പോൾ അതിനെ നേരിടാനായി സഭയായി നാം സുശക്തം ആകേണം. സഭ ഈ ലോകത്തിലെ വെല്ലുവിളികളിൽ ക്രിയാത്മകമായി പ്രവർത്തിക്കേണ്ടതുണ്ട്. സ്‌നേഹത്തിന്റെ തലോടലോടെ ലഹരി വിമുക്ത ശുശ്രൂഷകൾക്ക് സഭ ചുക്കാൻ പിടിക്കുമ്പോൾ സമൂഹത്തിൽ വിടുതലിന്റെ വാതായനങ്ങൾ തുറക്കപ്പെടും. ഇന്ന് ലഹരി വസ്തുക്കളുടെ ഉപയോഗം മാത്രമല്ല സാമൂഹിക തിന്മയായി കണക്കാക്കുന്നത്, മറിച്ച് ജാതിവർഗ്ഗവർണ്ണ വേർതിരിവുകളും സാമൂഹിക തിന്മകളുടെ ഗണത്തിൽ കണക്ക്കൂട്ടപ്പെടുന്നു. ഇവിടെയാണ് ആരോഗ്യപരമായ സാമൂഹിക ചുറ്റുപാടുകൾ നിർമ്മിച്ചെടുക്കുന്നതിൽ സഭയുടെ ഉത്തരവാദിത്തം വാക്കുകൾക്കപ്പുറം പ്രാവർത്തികമാകേണ്ടത്. അതുകൊണ്ട് സഭ ഈ തിന്മകൾക്ക് ഇരയായി തീരുന്നവരോടൊപ്പം ചേർന്ന് നിൽക്കുന്നതാകണം. നാം ഇന്ന് കാലത്തോടൊപ്പം സഞ്ചരിച്ച് ഡിജിറ്റൽ അഡിഷന് എതിരായി പ്രവർത്തനങ്ങളുടെ അനിവാര്യതയായി വിളങ്ങി നിൽക്കുകയാണ്. അപ്പോസ്തലനായ പൗലോസ് എഫെസ്യ ലേഖനത്തിൽ സൂചിപ്പിക്കുന്നതുപോലെ ഇവ ആത്മാവിനെതിരായ പോരാട്ടമായി നിലനിൽക്കുന്നു.

സാമൂഹിക തിന്മകൾക്ക് എതിരായ നമ്മുടെ പോരാട്ടം കുടുംബത്തിൽ നിന്നും ആരംഭിക്കണം. ആ മാർഗ്ഗം തെളിയേണ്ടത് നമ്മുടെ തലമുറയിൽ നിന്നുമാണ്. അതിനാദ്യപാഠം കുറിക്കേണ്ടതും സഭയുടെ സൺഡേസ്‌ക്കൂളുകളിൽ നിന്നും സഭ ഇടങ്ങളിൽ നിന്നുമാകേണം. ഇന്ന് ഈ സത്യാനന്തരകാലത്തിൽ നാം ജീവിക്കുമ്പോൾ, സാമൂഹിക നീതിയും നന്മയും പുനർവ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. അവിടെ ആത്മീയനീതി മരവിച്ച് തെറ്റുകളിൽ ആനന്ദം കണ്ടെത്തുന്നവരായി മാറുന്നു. തെറ്റുകളിലെ സന്തോഷമാണ് യഥാർത്ഥ സ്വാതന്ത്ര്യം എന്ന് പുത്തൻ തലമുറ വിലയിരുത്തുന്നു. ലോകത്തിന്റെ പുത്തൻ സിദ്ധാന്തങ്ങൾക്ക് മുമ്പിൽ ശരിയും തെറ്റും എന്താണെന്നുള്ള നിർവചനം മാറികൊണ്ടെയിരിക്കുന്നു. അതിലൂടെ നമ്മുടെ സാംസ്‌കാരിക മൂല്യങ്ങൾ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ സമൂഹത്തെ ചിതലരിക്കാത്തവിധം മദ്യവും മയക്ക്മരുന്നുകളും പടർന്ന് കയറുകയാണ്. അവ തലമുറകളുടെ ആത്മീയ മൂല്യങ്ങളെ തകർത്ത് കളയുന്നു. അപ്രകാരം നാം സാമൂഹികമായൊരു അപചയത്തിലേക്ക് നീങ്ങുകയാണ്.

ക്രൈസ്തവർ എന്ന നിലയിൽ ഈ ലോകത്തിന്റെ തിന്മകളോടു സമരസപ്പെടുന്നവരാകാതിരിക്കുക. ദൈവരാജ്യസമൂഹമായി വിളിക്കപ്പെട്ട നാം സാമൂഹിക ഉത്തരവാദിത്തം പ്രദർശിപ്പിക്കേണ്ടുന്ന ഇടമായി തീരുക തന്നെ ചെയ്യേണം. കൊരിന്ത്യസഭയെപ്പറ്റി പഠിക്കുമ്പോൾ അനേകം തിന്മകളുടെ വിളനിലമായ ഒരിടമായി ആ സമൂഹം മാറിയതായി നമുക്ക് കാണാം. ലൈംഗിക അരാജകത്വവും സാമൂഹിക വേർതിരിവുകളും സാമൂഹിക തിന്മയായി അവിടെ നിലനിന്നിരുന്നു. ആ വേർതിരിവുകൾ കർത്താവിന്റെ തിരുമേശയുടെ പങ്കിടലിലും നിഴലിച്ചിരുന്നുവെന്ന് ലേഖനം നമ്മെ പഠിപ്പിക്കുന്നു. അവരുടെ സമൃദ്ധിയുടെയും സമ്പന്നതയുടെയും മദ്ധ്യേയാണ് അവർ തെറ്റിപ്പോകുന്നത്. ഈ ഭാഗം നമ്മെ പഠിപ്പിക്കുന്നത് ക്രിസ്തുമൂല്യങ്ങളിൽ നാം നിലനിൽക്കുമ്പോൾ മാത്രമേ ഈ തിന്മകളെ ചെറുത്ത് നിൽക്കുവാൻ കഴിയുകയുള്ളു. ഈ വിളിയോട് കാലികമായി നാം പ്രതികരിക്കേണം. അതിന് നാം ക്രിസ്തു ശരീരമായ സഭയോട് ചേർന്ന് നിൽക്കുമ്പോൾ മാത്രമേ സാധിക്കുകയുള്ളൂ.

പ്രിയമുള്ളവരേ, ഞാനും ഒരു ക്രിസ്ത്യാനി ആണെന്ന ബോധ്യം എന്നും നമ്മിൽ ഉണ്ടായിരിക്കേണം. കേവലം നാമമാത്ര ക്രിസ്ത്യാനിയല്ല, മറിച്ച് ക്രിസ്തു സുഗന്ധം പേറുന്ന, അതിന്റെ നറുമണം ലോകമാകെ പരത്തുന്ന ജീവിതങ്ങളായി നാം രൂപാന്തരപ്പെടണം. ശ്രേണികളോടും നമ്മെ ശിഥിലമാക്കുന്ന തിന്മകളോടും അകലം പാലിക്കുവാൻ ക്രിസ്തു ഉള്ളവരായി നാം തീരേണം. അങ്ങനെ മാറുമ്പോൾ മാത്രമേ തിന്മകൾക്കെതിരെ പോരാടുവാൻ നമുക്ക് കഴിയുകയുള്ളു. നമുക്ക് ലഭ്യമാകുന്ന സ്വാതന്ത്ര്യമാണ് ഈ തിന്മകൾക്ക് വിളനിലമാകുന്നത്, ആയതിനാൽ നമുക്ക് ലഭ്യമായ സ്വാതന്ത്ര്യം വിവേചനാത്മകമായി ഉപയോഗിച്ച് തിന്മകൾക്ക് എതിരെ നമുക്ക് പോരാടാം.

Leave a Reply

Your email address will not be published. Required fields are marked *