ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പപ്രതിഷ്ഠ ചിങ്ങത്തിൽ പമ്പ ത്രിവേണിയിൽ

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിഷ്ഠ പമ്പ ത്രിവേണിയിൽ ചിങ്ങം ഒന്നിന് അനാഛാദനം ചെയ്യും. സിനിമ നിർമാതാവും വ്യവസായിയുമായ ബൈജു അമ്പലക്കരയാണ് പ്രതിഷ്ഠ സ്‌പോൺസർ ചെയ്യുന്നത്. സ്വാമി ഭക്തർക്ക് തീർഥാടന വഴിയിൽ ആരാധനാ പീഠമായി ഇനി പുലിവാഹനനായ അയ്യപ്പനും ഉണ്ടാകും.

ത്രിവേണിയിൽ ഒരുങ്ങിയത് ഇന്ത്യയിലെ ഏറ്റവും വലിയ അയ്യപ്പ പ്രതിഷ്ഠയാണെന്ന് അമ്പലക്കര ബൈജു പറഞ്ഞു. പമ്പയിൽ നിന്ന് ത്രിവേണിയിലേക്കിറങ്ങുന്ന പാതയോരത്ത് ദേവസ്വം ബോർഡിന്റെ ഭൂമിയിലാണ് ഇന്ത്യയിലെ തന്നെ വിസ്മയമാകുന്ന പുലി വാഹനനായ അയ്യപ്പനെ പ്രതിഷ്ഠിച്ചിരിക്കുന്നത്. പ്രതിഷ്ഠാ പീഠം ഉൾപ്പെടെ 28 അടി ഉയരമുള്ളതാണ് അയ്യപ്പ രൂപം. 48 വർഷം മുടക്കം ഇല്ലാതെ അയ്യപ്പ ദർശനം നടത്തിയ ഭക്തനാണ് ബൈജു അമ്പലക്കര.

എ. പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡന്റായിരിക്കുമ്പോഴാണ് പുലിവാഹനന്റെ പ്രതിഷ്ഠ നിർമ്മിക്കാനുള്ള ആശയം ജനിച്ചത്. പത്മകുമാറിൽ നിന്ന് വിവരമറിഞ്ഞ ബൈജു വലിയ ചെലവു വരുന്ന പുലി വാഹനന്റെ നിർമ്മാണം നേർച്ചയായി ഏറ്റെടുക്കുകയായിരുന്നു. രണ്ടു വർഷം മുൻപ് നിർമ്മാണം ആരംഭിച്ചെങ്കിലും കോവിഡ് അടക്കമുള്ള പ്രതിസന്ധികൾ ഏറെ വിഘാതം സൃഷ്ടിച്ചു. നിലവിൽ കെ. അനന്തഗോപൻ പ്രസിഡന്റായ ബോർഡ് വന്ന ശേഷമാണ് നിർമ്മാണം സജീവമായത്. ചാത്തന്നൂർ ശന്തനുവാണ് ശില്പി. പണി പൂർത്തീകരിച്ച പുലിവാഹന അയ്യപ്പ പ്രതിഷ്ഠ ചിങ്ങം ഒന്നിന് ഉച്ചയ്ക്ക് ഒന്നിന് ഭക്തജനങ്ങൾക്ക് സമർപ്പിക്കും. കെ. അനന്തഗോപൻ അനാച്ഛാദനം നിർവ്വഹിക്കും. ദേവസ്വം ബോർഡ് അംഗങ്ങളായ സുന്ദരേശൻ, അഡ്വ. ഗോപൻ, ദേവസ്വം കമ്മീഷണർ, സെക്രട്ടറി തുടങ്ങിയവർ പങ്കെടുക്കും.

Leave a Reply

Your email address will not be published. Required fields are marked *