മാരാമൺ – ദൈവത്തോടൊപ്പം നടക്കുന്ന മനുഷ്യനും മനുഷ്യരോടൊപ്പം നടക്കുന്ന ദൈവവുമാണ് ചരിത്രത്തിലെ ഏത് സംഭവത്തേക്കാളും വലുത്. ദൈവത്തോടൊപ്പം നടക്കുവാനുള്ള നിയോഗമാണ് എന്നും സഭയ്ക്കുള്ളത്. ആ നിയോഗത്തിന്റെ നിർബന്ധവും സഭ ഏകവും വിശുദ്ധവും കാതോലികവും സാർവത്രികവുമായതാണെന്ന ബോധ്യവുമാണ് ഓരോ എക്യുമെനിക്കൽ സമ്മേളനങ്ങളുടെയും ജീവനായി വർത്തിക്കുന്നത്. ദൈവത്തിൽ നിന്നു മനുഷ്യൻ സൃഷ്ടിയുടെ ആരംഭത്തിൽ ഓടിമറയുന്നുണ്ട്. നഗ്നനാണ് താനെന്ന തിരിച്ചറിവ് അവനെ ദൈവത്തെ അഭിമുഖീകരിക്കാൻ അനുവദിക്കുന്നില്ല. സ്‌നേഹവായ്‌പോടെ ദൈവം മനുഷ്യനെ തിരിച്ചുവിളിക്കുമ്പോഴും നിർബന്ധമരുതെന്നാണ് മനുഷ്യന്റെ മറുപടി. നമ്മുടെ ഓരോ കൂടിവരവും സഭ ദൈവത്തോടൊപ്പമാണോ നടക്കുന്നതെന്നു പുനഃപരിശോധന നടത്തുന്നതിനുള്ള മുഖാന്തരമായി മാറണം.
ആദിമാതാപിതാക്കൾക്ക് ദൈവത്തോടൊപ്പം നടക്കുവാൻ സാധിച്ചു. ഹാബേലിന്റെ ബലിയിൽ ദൈവത്തിനു പ്രസാദം തോന്നി. യാഗമർപ്പിച്ച ആടിന്റെ കൊഴുപ്പുകൊണ്ടല്ല; മറിച്ച് അർപ്പണത്തിലെ പൂർണ്ണതയും ആത്മാവിൽ നിന്നുയിർക്കൊണ്ട പ്രാർത്ഥനയും ആരാധനയും മൂലമാണ്. അത് സഭയ്ക്ക് ശീലമായിത്തീരണം.
വിഭജനവും വേർപാടും വേർതിരിക്കലും ഇന്നിന്റെ തുടർക്കഥയാകുമ്പോൾ ത്രിത്വത്തിലെ ഐക്യവും സാരംശത്തിലെ ഏകത്വവും സഭയുടെ എക്യുമെനിസത്തിന്റെ അടിസ്ഥാനം എന്നും നാം നിരന്തരമോർക്കണം. നിഖ്യാ സുന്നഹദോസിന്റെ 1700 വർഷങ്ങൾ നാം പിന്നിടുകയാണ്. എക്യുമെനിസത്തിന്റെ ഊന്നൽ ത്രിത്വാടിസ്ഥാനത്തിൽ വിളിച്ചുപറയുന്ന സുന്നഹദോസും സഭൈക്യത്തിനുള്ള മാതൃകയായി ത്രിത്വത്തിലെ ഐക്യത്തിലേക്ക് വിരൽ ചൂണ്ടുന്നു.
മഹാപുരോഹിത പ്രാർത്ഥനയിൽ കർത്താവ് പ്രാർത്ഥിക്കുന്നത് ഇപ്രകാരമാണ്; പിതാവേ ഞാനും നീയും ഒന്നായിരിക്കുന്നതുപോലെ ഇവരും ഒന്നായിത്തീരണം. ഈ പ്രാർത്ഥനയ്ക്ക് തുടർച്ചയായി വരുന്നത് യൂദാ കർത്താവിനെ ഒറ്റുന്നതും, ക്രിസ്തു കുരിശിൽ മരിക്കുന്നതുമായ വിവരണങ്ങളാണ്. അത്തരത്തിൽ നാം ഈ പ്രാർത്ഥനയെ മനസ്സിലാക്കുമ്പോൾ ലോകവും സഭയും മനുഷ്യരും ഭിന്നതകളില്ലാതെ, അനൈക്യങ്ങളില്ലാതെ ഒന്നായിത്തീരണം, ഐക്യം കാത്തുസൂക്ഷിക്കണമെന്നത് ക്രിസ്തുവിന്റെ അന്ത്യാഭിലാഷമായിരുന്നുവെന്നു നാം തിരിച്ചറിയുന്നു. മരണം കൊണ്ടവസാനിക്കാത്ത ക്രിസ്തുവും ആ അഭിലാഷവും ഉത്ഥിതന്റെ സാക്ഷ്യം വഹിക്കേണ്ട സഭ നിർവ്വഹിക്കണം.
സഭകളുടെ ഐക്യം ഒരു ഘടനാപരമായ ആവശ്യമല്ല, മറിച്ച് അത് ദൈവശാസ്ത്രപരമായ അനിവാര്യതയാണ്. ഐക്യതയ്ക്ക് വിഘ്‌നം വരുത്തുന്നത് വ്യത്യസ്തരായി നിലനിൽക്കുമ്പോൾ ആരാണ് വലിയത് എന്നുള്ള തോന്നലാണ് ശിഷ്യരുടെ ഐക്യത്തെ തകർത്തത്. ക്രിസ്തുവിനെ നൊമ്പരപ്പെടുത്തിയ ശിഷ്യരുടെ ഈ താല്പര്യം പുതിയ ഒരു വിചാരമാതൃക തുറന്നുവയ്ക്കുകയാണ്. അന്നുവരെ ഒരു ഗുരുവും ശിഷ്യന്റെ പാദങ്ങൾ കഴുകിയിട്ടില്ല. ശുശ്രൂഷ നിവർത്തിച്ചാണ് ഐക്യത സാധ്യമായിത്തീരുന്നതെന്ന പുതിയ പാഠം ക്രിസ്തു പകർന്നു നൽകുന്നു.
എല്ലാ സഭകൾക്കും അതിന്റേതായ ചരിത്രവും തനിമയും പാരമ്പര്യങ്ങളുമുണ്ട്. അവ നിലനിർത്തിക്കൊണ്ട് ഐക്യം കാക്കുവാൻ നമുക്ക് കഴിയണം. പരിസ്ഥിതി സൗഹാർദ്ദത്തിന്റെയും ദൈവശാസ്ത്രത്തിന്റെയും വിദ്വേഷത്തിന്റെയും സംവാദങ്ങളുമായി മാത്രം എക്യുമെനിക്കൽ സമ്മേളനങ്ങൾ മാറരുത്. സ്‌നേഹത്തിന്റെ സംവാദമാകണം ഓരോ എക്യുമെനിക്കൽ സമ്മേളനത്തിന്റെയും ജീവൻ.
സഭകൾക്ക് സംവാദങ്ങൾ ആവശ്യമായി വരുന്നത് എന്തുകൊണ്ടാണ്. കേവല ദൈവശാസ്ത്ര ചർച്ചകൾക്ക് വേണ്ടി മാത്രമാവരുത്. മറിച്ച് സമഹവർത്തിത്തത്തിനാവണം എന്നുള്ള പോപ്പ് ഫ്രാൻസിസിന്റെ വാക്കുകൾ ഇവിടെ പ്രസക്തമാണ്. എന്റെ സഭയല്ല, കർത്താവിന്റെ സഭയാണെന്ന ബോധ്യത്തിൽ പരസ്പരം സഹവസിക്കണം. ദൈവരാജ്യശുശ്രൂഷയിൽ, ദൈവരാജ്യത്തിനായുള്ള യാത്രയിൽ പരസ്പരം താങ്ങാകുവാൻ സഭയ്ക്ക് കഴിയുമ്പോൾ എക്യുമെനിസം സാദ്ധ്യമായിത്തീരും.

മതനിഷേധവും നിരീശ്വരവാദവും വർദ്ധിക്കുന്ന ഒരു കാലത്ത് എന്റെ മതമാണ്, അതു മാത്രമാണ് ശരിയെന്നുള്ള തോന്നൽ ഒട്ടും ശരിയല്ല. സഹിഷ്ണുതയോടെയുള്ള കാഴ്ചകൾ നമുക്കാവശ്യമായിത്തീരണം. മാറിചിന്തിക്കുന്ന നല്ല മനുഷ്യരാകണം. അവിടെ എല്ലാവരെയും ഉൾക്കൊള്ളുവാൻ കഴിയുന്ന, ജീവിക്കുവാൻ പ്രേരിപ്പിക്കുന്ന ഇടമായി മതം മാറും. വിഭജനത്തിന്റെ പ്രത്യയ ശാസ്ത്രങ്ങൾ ശക്തി പ്രാപിക്കുമ്പോൾ ആ മതിലുകൾ തകർത്ത് സഹവർത്തിക്കുവാൻ തിരുവചനം നമ്മെ പ്രബോധിപ്പിക്കുന്നു. ചരിത്രത്തിലെ മുറിവുകൾ പൊറുക്കുവാനും മറക്കുവാനും കഴിയാത്ത മനസ്സിന്റെ ഇടുങ്ങിയ അവസ്ഥ ഐക്യത്തിനു എന്നും തടസ്സം സൃഷ്ടിക്കുന്നതാണ്. ക്രിസ്തീയ് വിശ്വാസത്തെ നിലനിർത്തിയത് ഐക്യത്തിനുവേണ്ടി അനേകർ, വിശ്വാസപിതാക്കന്മാർ ചൊരിഞ്ഞ ചോരയാണ്. രക്തത്തിന്റെ വളം സഭയുടെ ഐക്യത്തിനു കാരണമായിത്തീർന്നിട്ടുണ്ട് എന്ന് നാം ഓർക്കണം. ഐക്യത്തിന്റെ ആത്മാവും ആ ബോധ്യം തന്നെയാണ്.
ക്രിസ്തുവിലേക്ക് ഉള്ള വളർച്ചയുടെ തീർത്ഥാടനമാണ് സഭാതർക്കങ്ങളുടെ മദ്ധ്യത്തിൽ ഐക്യത്തിന്റെ ആവശ്യകതയെന്നു വിശ്വാസസമൂഹം തിരിച്ചറിയണം. ഐക്യതയ്ക്കായുള്ള ദൈവശാസ്ത്ര ചിന്തകളും തത്വശാസ്ത്രപരമായ സംവാദങ്ങളും അർത്ഥവത്തതാണെങ്കിലും അതിൽ മാത്രം ചുരുങ്ങാതെ പുതിയ തലങ്ങളിലേക്ക് വളരേണ്ടത് അനിവാര്യമാണ്. തലച്ചോറുകളുടെ ആശയ സംവേദത്തിനപ്പുറം സഞ്ചരിച്ച് ഹൃദയപക്ഷത്തുനിന്നുള്ള സംവാദങ്ങൾ സാദ്ധ്യമായിത്തീരണം. അവിടെ പറുദീസയുടെ ഐക്യം സാദ്ധ്യമായിത്തീരും.
വചനം പ്രാർത്ഥിക്കുവാനും, സുവിശേഷിക്കുവാനും വായിക്കുവാനും മാത്രമുള്ളതല്ല. അത് ജഡമെടുത്ത് മനുഷ്യരുടെ ഇടയിൽ പാർത്ത അനുഭവങ്ങൾ ഇന്നിന്റെ അനുഭവമായിത്തീരണം.
എക്യുമെനിസം ക്രിസ്തുകേന്ദ്രികൃതമാകണം. എക്യുമെനിസത്തിന്റെ പ്രായോഗികത സാദ്ധ്യമായിത്തീരണം. വി.മത്തായി 25-ാം അദ്ധ്യായത്തിൽ 34-37 വരെ പ്രതിപാദിക്കുന്ന വിശ്വസ്ത ദാസരുടെ പട്ടികയിൽ നാം എണ്ണപ്പെടേണ്ടതിനായുള്ള പരിശ്രമങ്ങളാണ് എക്യുമെനിസത്തിന്റെ പ്രായോഗികത.
ക്രിസ്തു അപ്പം മുറിക്കുമ്പോൾ വേർതിരിവിന്റെ നടുച്ചുവരുകൾ ഇല്ലാതായിത്തീരുന്നു. ക്രിസ്തുവിന്റെ കൂട്ടായ്മയായ സഭയുടെ അതിന്റെ കൂടിവരവുകളും ഇതിന്റെ തുടർച്ചയെ അടയാളപ്പെടുത്തണം. നാം കുരിശടയാളം വരയ്ക്കുമ്പോൾ നെറ്റിയിൽ നിന്നും ഹൃദയത്തിലേക്ക് വിരലുകൾ ചലിക്കപ്പെടുന്നതുപോലെ തലയിൽ നിന്നും ഹൃദയത്തിന്റെ താഴ്‌വരകൾ തേടിയുള്ള യാത്രയായിത്തീരണം എക്യുമെനിസം. തന്നെത്താൻ ക്രിസ്തു അർപ്പിച്ച കുരിശിന്റെ ശൈലി അതിനടിത്തറയാകണം.
ദൈവശാസ്ത്രപരമായ സംവാദങ്ങൾക്കതീതമായി പ്രകൃതിയിലെ എല്ലാ ജീവജാലങ്ങളും മനുഷ്യരും മതങ്ങളും വ്യത്യസ്തതകളുടെ സൗന്ദര്യം നിലനിർത്തിക്കൊണ്ട് തന്നെ സമാധാനപരമായി ഒന്നിക്കുന്ന എക്യുമെനിസത്തിന്റെ ഹൃദയതലങ്ങളിലേക്ക് ഇറങ്ങിവരുവാനും ദൈവാത്മാവിൽ ശക്തിപ്പെട്ട് ആദരവിലും സ്‌നേഹത്തിലും സഭൈക്യപ്രസ്ഥാനത്തെ മുമ്പോട്ട് നയിക്കാനും സാധിക്കട്ടെ.


