കോഴഞ്ചേരി – വർഗീയതയോട് സന്ധി ചെയ്യാത്ത ധാർമ്മിക രാഷ്ട്രീയം ഉയർത്തി പിടിക്കണം.. മാർത്തോമ്മാ മെത്രാപ്പൊലിത്ത. മാരാമൺ. മതഭ്രാന്തിനോടും വർഗീയതയോടും സന്ധി ചെയ്യാത്ത ധാർമ്മിക രാഷ്ട്രീയം ക്രൈസ്തവ സമൂഹം ഉയർത്തിപിടിക്കണമെന്ന് മലങ്കര മാർത്തോമ്മാ സുറിയാനി സഭാ അദ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലിത്ത. മാരാമൺ കൺവൻഷന്റെ 131 ആമത് മഹായോഗം പമ്പാദിയിലെ മാരാമൺ മണൽപ്പുറത്ത് ഒരുക്കിയ വിശാലമായ പന്തലിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മെത്രാപ്പൊലിത്ത.രാജ്യത്ത് മതന്യൂനപക്ഷങ്ങൾ നിരന്തരം പീഡിപ്പിക്കപ്പെടുന്നതു മൂലം ഒരു തരം അരക്ഷിതാവസ്ഥ സമൂഹത്തിൽ വളരുന്നു. ഒഡിഷയിൽ മതപരിവർത്തനം ആരോപിച്ച് ഒരു ക്രിസ്തീയ വിശ്വാസിയെ ചെരുപ്പ് മാല അണിയിച്ച് റോഡിലൂടെ നടത്തുകയും ചാണകം തീറ്റിക്കുകയും ചെയ്ത സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.

സമുദായ ഭിന്നതയും വർഗീയ ഭ്രാന്തും എത്ര വേഗമാണ് മനുഷ്യത്വം ഇല്ലാത്തവരാക്കുന്നതെന്ന് ഈ സംഭവം ഓർമ്മിപ്പിക്കുന്നു. ബഹുസ്വരതയുടെ നിഷേധം, പൗരത്വത്തിന്റെ ചോദ്യം ചെയ്യൽ, രാജ്യസ്നേഹത്തിന്റെ തെറ്റായ വ്യാഖ്യാനം ഉൾപ്പെടെ ജനാധിപത്യം ദുർബലമാകുന്ന കാഴ്ചകൾ കാണുന്നു. പൊതു തിരഞ്ഞെടുപ്പ് കാലത്തേക്ക് സംസ്ഥാനം കടക്കുന്നു. എല്ലാവരെയും ഉൾക്കൊള്ളുന്ന തുല്ല്യാ വകാശങ്ങൾ മാനിക്കുന്ന, വിമർശനങ്ങൾ കേൾക്കാൻ തയ്യാറുള്ള ഭരണ സംവിധാനങ്ങൾ രാജ്യത്ത് ആവശ്യമാണ്. രാജ്യം ഏകാധിപത്യത്തിലേക്ക് വഴിമാറരുത്. ബദൽ സ്വരങ്ങൾ നിലനിൽക്കണം. ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും ആദിവാസി സമൂഹങ്ങളുടെയും ഭരണഘടനാ അവകാശങ്ങൾ സം രക്ഷിക്കപ്പെടണം. 2023ൽ സമർപ്പിച്ച ജസ്റ്റീസ് ജെ. ബി കോശി കമ്മിഷൻ റിപ്പോർട്ടിലെ ശുപാർശകൾ പുറത്തു വിടാനും നടപ്പാക്കാനും ബന്ധപ്പെട്ടവർ ഇച്ഛാ ശക്തി കാണിക്കണം. മത അദ്ധ്യാപകർക്ക് ക്ഷേമനിധി എന്ന നിർദ്ദേശവുമായി സർക്കാർ വന്നപ്പോൾ അതേക്കുറിച്ച് ജെ. ബി. കോശി കമ്മിഷൻ എന്താണ് പറഞ്ഞിരിക്കുന്നതെന്ന് അറിയണം.
നിസ്വാർത്ഥ സേവനം ചെയ്യുന്ന സഭാ സംവിധാനത്തിലേക്ക് രാഷ്ട്രീയ ഇടപെടലുകൾക്കുള്ള മറ്റൊരു പിൻവാതിൽ ആകരുത് ഇത്. ദളിതരും ആദിവാസികളും മൈക്രോ മൈനോറിറ്റിയായ ക്രൈസ്തവ ന്യൂനപക്ഷങ്ങളും ഉൾപ്പെടുന്ന എല്ലാ മനുഷ്യർക്കും തുല്യനീതിയും വർഗീയ കുറ്റവാളികളിൽ നിന്ന് സംരക്ഷണവും നൽകുന്നതിനെക്കുറിച്ച് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ തുറന്ന ചർച്ചകൾ തുടങ്ങി വയ്ക്കണം. കോർപ്പറേറ്റുകൾ രാഷ്ട്രീയവും തിരഞ്ഞെടുപ്പും നിയന്ത്രിക്കുന്ന അവസ്ഥ ജനാധിപത്യത്തെ തകിടം മറിക്കും. കോർപ്പറേറ്റുകൾ ഒരു രാജ്യവും വിഴുങ്ങാൻ പാടില്ല.ഇന്ത്യ സാമ്പത്തിക ശക്തിയായി മാറുമ്പോൾ പുറമ്പോക്കിൽ കഴിയുന്ന ദരിദ്ര്യർ അവിടെ തന്നെ കഴിയുന്ന അവസ്ഥ മാറണം. വിശ്വാസത്തിന്റെയും ആചാരാനുഷ്‌ഠാ നങ്ങളുടെയും വസ്ത്രധാരണത്തിന്റെയും ഭക്ഷണത്തിന്റെയും ഭാഷയുടെയും ലിംഗവ്യത്യാസത്തിന്റെയും പേരിൽ മനുഷ്യനെ വേലി കെട്ടി അകറ്റി നിർത്തുകയല്ല, മനുഷ്യനെ മനുഷ്യനായി കാണാൻ കഴിയണം. പതിതരിൽ പ്രതീക്ഷ പകരുന്ന, അനീതികളെ അതിജീവിക്കുന്ന, മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളോട് പ്രതികരിക്കുന്ന, ചെറിയ വിഭവങ്ങളെ സാധ്യതകളാക്കുന്ന സാക്ഷ്യത്തിനായി ശക്തീകരിക്കുന്ന ക്രിസ്തുവിനെയാണ് ബൈബിൾ സാക്ഷിക്കുന്നത്. ചിന്നിയവരും ചിതറിയവരും നിസഹായരായവരുമായവരെ തേടി എത്തി അവർക്ക് ശക്തി പകരുന്നതാണ് ക്രിസ്തു വരുത്തിയ രാഷ്ട്രീയ വിപ്ലവം.അപരനിലേക്ക് സ്നേഹത്തിന്റെ പാലം പണിയാൻ താഴെയുള്ളവന്റെ സ്വപ്നങ്ങൾക്ക് ചിറകേകാൻ രാജ്യത്തെ കരുതലോടെ കെട്ടു പണി ചെയ്യാൻ മാരാമൺ കൺവെൻഷനും ഭാരതത്തിലെ ക്രൈസ്തവ സമൂഹവും പ്രതിജ്ഞാ ബദ്ധമാണ്.


ഗലീലയിലേക്കുള്ള യാത്രയിൽ യേശു ശമര്യയിലൂടെ കടന്നു പോകുന്നു. നൂറ്റാണ്ടുകളായി ശത്രുതയിലായിരുന്ന യഹൂദരും ശമര്യരും തമ്മിലുള്ള മത- സാമൂഹിക മതിലുകൾ ഇല്ലാതാക്കുന്നു. അകറ്റി നിർത്തി യവരെ തേടിയുള്ള സ്നേഹത്തിന്റെ വഴിയാണിത്. ബന്ധങ്ങളിൽ അകലം വർധിക്കുകയും മനുഷ്യ മനസുകളിൽ വെറുപ്പും വിദ്വേഷവും വളരുകയും ചെയ്യുന്ന ഈ കാലത്തു യേശുവിന്റെ മാർഗവും യാത്രയും സമകാലിക സാമൂഹിക പരിസരങ്ങളിൽ പുത്തൻ വെളിച്ചം പകരും. ക്രമാതീതമായി വർദ്ധിക്കുന്ന ലഹരി ഉപയോഗത്തിനും ലഹരിക്കടിമപ്പെട്ട പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടായിസത്തിനുമെ തിരെ മുന്നറിയിപ്പ് നൽകിയ മെത്രാപ്പൊലിത്ത, സമൂഹ മാധ്യമ ങ്ങളും ഓൺ ലൈൻ ഗെയ്മുകളും സൃഷ്ടിക്കുന്ന അരക്ഷി താവസ്ഥയും ഗൗരവത്തോടെ കാണണമെന്നു ഓർമ്മിപ്പിച്ചു. സമൂഹത്തിന്റെ കണ്ണാടിയാക്കേണ്ട സമൂഹമാധ്യമങ്ങൾ എത്തി നിൽക്കുന്ന അപചത്തിന്റെ ആഴം വ്യക്തമാക്കുന്നതാണ് പയ്യന്നൂരിൽ പൊലിഞ്ഞ ദീപക്. വീണ്ടു വിചാരമില്ലാത്ത കുടിയേറ്റം എല്ലാത്തിനും പരിഹാരമല്ല. ഇവിടെ തന്നെ തൊഴിൽ ചെയ്യാനും തൊഴിൽ ദാതാക്കളായി മാറാനും കഴിയണം. തിരഞ്ഞെടുപ്പ് രംഗത്തേക്കും മൂല്ല്യാധിഷ്ഠിത രാഷ്ട്രീയത്തിലേക്കും സാക്ഷ്യമുള്ള കൂടുതൽ പേർ കടന്നു വരണമെന്നും മെത്രാപ്പൊലിത്ത ആഹ്വാനം ചെയ്തു.

മാർത്തോമ്മാ സുവിശേഷ പ്രസംഗ സംഘം പ്രസിഡന്റ് ഡോ. ഐസക് മാർ ഫിലക്സിനോസ് എപ്പിസ് കോപ്പാ ആദ്യക്ഷനായിരുന്നു. പ്രൊഫ. ഡോ. ക്ലിയോ ഫാസ്. ജെ. ലാറു പ്രസംഗിച്ചു. ഡോ. യുയാക്കിം മാർ കൂറി ലോസ് സഫ്രഗൻ മെത്രാപ്പൊലിത്ത,ഡോ ജോസഫ് മാർ ബർണ്ണബാസ് സഫ്രഗൻ മെത്രാപ്പൊലിത്ത, എപ്പിസ് കോപ്പാമാരായ തോമസ് മാർ തിമോഥെയോസ്, ഡോ. എബ്രഹാം മാർ പൗലോസ്, മാത്യൂസ് മാർ മക്കാറിയോസ് , ഡോ. ഗ്രിഗോറിയോസ് മാർ സ്തേഫാനോസ്, ഡോ. തോമസ് മാർ തീത്തോസ്, ഡോ. ജോസഫ് മാർ ഇവാനിയോസ്, സഖറിയാസ് മാർ അപ്രേം, മാത്യൂസ് മാർ സെറാഫിo, സി. എസ്. ഐ ബിഷപ്പ് സാബു മലയിൽ കോശി, ബിലീവേഴ്സ് ഈസ്റ്റേൻ ചർച്ച് അദ്യക്ഷൻ സാമൂവൽ തിയോഫിലോസ് മെത്രാപ്പൊലിത്ത, സുവിശേഷ പ്രസംഗസംഘം ജനറൽ സെക്രട്ടറി റവ. എബി. കെ ജോഷ്വാ, സഭാ സെക്രട്ടറി റവ. എബി. ടി. മാമ്മൻ എന്നിവർ പങ്കെടുത്തു. മന്ത്രിമാരായ വീണാ ജോർജ്, സജി ചെറിയാൻ, എം. പി മാ രായ ആന്റോ ആന്റണി, കോടിക്കുന്നിൽ സുരേഷ്, ഫ്രാൻസിസ് ജോർജ്, മുൻ മന്ത്രിമാരായ രമേശ് ചെന്നിത്തല, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പന്തളം സുധാകരൻ, മാത്യു. ടി. തോമസ്, എം. എൽ എ മാരായ പ്രമോദ് നാരായണൻ, ജനീഷ് കുമാർ, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കളായ പ്രൊഫ. പി. ജെ. കുര്യൻ, ബിനോയ് വിശ്വ, സതീഷ് കൊച്ചു പറമ്പിൽ, രാജു എബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദീനാമ്മ റോയി തുടങ്ങി യവർ പങ്കെടുത്തു


