സന്നിധാനം – മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ പുരാതന വാമൊഴി ശീലുകളുമായി നായാട്ടുവിളി. മകരവിളക്കുദിനം മുതൽ തുടർച്ചയായി അഞ്ച് ദിവസം നായാട്ടുവിളിയുണ്ട്. പതിനെട്ടാം പടിക്ക് താഴെയുള്ള നിലപാട് തറയിൽ നിന്ന് തെക്കോട്ട് നോക്കിയാണ് നായാട്ടുവിളി. അവസാന ദിവസം ശരംകുത്തിയിലാണ് ചടങ്ങ്. അയ്യപ്പസ്വാമിയുടെ കാവലാളുകളായ ഭൂതഗണങ്ങളും മലദൈവങ്ങളും മകരവിളക്ക് മഹോത്സവ വേളയിൽ ശബരിമലയിൽ നിന്ന് ഉൾക്കാടുകളിലേക്ക് പോകും. ഇവരെ അയ്യപ്പസ്വാമി നേരിട്ട് വിളിച്ച് ശബരിമലയിലേക്ക് കൂട്ടിക്കൊണ്ട് വരുമെന്നാണ് വിശ്വാസം. ഇതിനായാണ് നായാട്ടുവിളി സംഘം ശരംകുത്തിയിലേക്ക് പോകുന്നത്. പദ്യരൂപത്തിൽ ചിട്ടപ്പെടുത്തിയ അയ്യപ്പചരിതവും ഐതിഹ്യവും ദ്രാവിഡ മലയാളഭാഷയിൽ അവതരിപ്പിക്കുന്ന തലമുറകളിലൂടെ വാമൊഴിയായി പകർന്നുവന്ന ശീലുകളാണ് നായാട്ടുവിളി എന്നറിയപ്പെടുന്നത്.
അയ്യപ്പസ്വാമിയുടെ ഐതിഹ്യം ആസ്പദമാക്കിയ 576 ശീലുകൾ നായാട്ടുവിളിയിൽ ഉൾക്കൊള്ളുന്നു. ശബരിമല ക്ഷേത്രത്തിന്റ തുടക്ക കാലം മുതൽ തുടരുന്ന ഈ ആചാരത്തിൽ നായാട്ടുവിളിക്കുന്നയാൾ ഓരോ ശീലും ചൊല്ലി കഴിയുമ്പോൾ കൂടെയുള്ളവർ ”ഈ ഹൂയി” എന്ന് മുഴക്കുന്നു. ഭഗവാൻ അയ്യപ്പന്റെ മകരമാസ മഹോത്സവം നടക്കുകയാണെന്ന് അക്കരക്കരയിലെ ജനങ്ങളെ അറിയിക്കാൻ വേണ്ടിയാണ് ”ഈ ഹൂയി” വിളിക്കുന്നത്. പതിനെട്ടാം പടിക്ക് താഴെയുള്ള അയ്യപ്പസ്വാമി മുകളിലുള്ള ശ്രീധർമശാസ്താവിനെ കാണാൻ വരുന്ന സന്ദർഭം കൂടിയാണ് നായാട്ട് വിളി.
നായാട്ട് വിളിക്കുറുപ്പ് ഉൾപ്പെടെ 12 പേരാണ് നായാട്ടുവിളി സംഘത്തിൽ ഉള്ളത്. റാന്നി -പെരുനാട് വെള്ളാളകുലരായിട്ടുള്ള പുന്നമൂട്ടിൽ കുടുംബത്തിനാണ് നായാട്ട് വിളിക്കുള്ള കാരാഴ്മ അവകാശം പന്തളം രാജാവ് കൽപിച്ചു നൽകിയത്. നിലവിൽ പുന്നമ്മൂട്ടിൽ പി.ജി. മഹേഷ് ആണ് നായാട്ടുവിളിയിലെ ശീലുകൾ ചൊല്ലുന്നത്.

മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായി ശബരിമലയിൽ പുരാതന വാമൊഴി ശീലുകളുമായി നായാട്ടുവിളി. വീഡിയോ


