നാട്ടുമാങ്ങയും എന്റെ കുട്ടിക്കാലവും !!
ഇലവുംതിട്ട അയത്തിൽ ഗ്രാമത്തിലെ എന്റെ കുട്ടിക്കാലത്ത് വീട്ടിലെ പറമ്പിലും നാട്ടിലെ എല്ലാ പറമ്പുകളിലും മാവും, പറങ്കിമാവും, നാരകവും, പേരയും, ചാമ്പയുമൊക്കെ ധാരാളമുണ്ടായിരുന്നു. സ്‌കൂളിൽ പോകുന്നത് കുറച്ചു പങ്കിയണ്ടിയും പോക്കലിട്ടുകൊണ്ട്. 2 പറങ്ങാണ്ടി കൊടുത്താൽ മാധവന്റെ മാടക്കടയിൽ നിന്ന് മുട്ടായി കിട്ടുന്ന കാലം. സ്‌കൂളിൽ പോകുന്ന വഴിക്കെ മാവിൻ ചുവടുകളിൽ നിന്ന് മാങ്ങയും പെറുക്കി തിന്ന്.. കമ്പിളിനാരങ്ങാ, പേരക്ക, ചാമ്പക്ക ഒക്കെ പറിച്ചു തിന്നുകൊണ്ടു സ്‌കൂളിൽ പോയിരുന്ന കാലം. രാവിലെ ഇലഞ്ഞിമരത്തിന്റെ ചുവട്ടിൽപ്പോയി ഇലഞ്ഞിപ്പൂവ് മാലയും കോർത്ത് സ്‌കൂളിലെ ഇഷ്ടക്കാർക്ക് കൊടുക്കാനായി കൊണ്ടുപോയിരുന്നു കാലം. മഴക്കാർ കൊണ്ടാൽ മാവിൻചുവട്ടിലേക്ക് ഓടിയിരുന്ന കാലം. വളരെക്കാലത്തിനു ശേഷം നാട്ടുമാങ്ങ കിട്ടിയപ്പോൾ അതൊക്കെ ഓർത്തുപോയി. !! മാമ്പഴക്കാലമായാൽ അതിരാവിലെ വിളിച്ചുണർത്താൻ വല്യമ്മയെ ചട്ടം കെട്ടും. മാവിൻ ചുവട്ടിൽ പോയി വീണു കിടക്കുന്ന പഴുത്ത മാങ്ങ പെറുക്കാനാണ്. കിഴക്കേലെ വീട്ടിലെ വലിയ നാട്ടുമാവിൻ ചുവട്ടിലാണ് ആദ്യം പോകുക. ഒരു ദിവസം അതിരാവിലെ ചെന്നപ്പോൾ നിറയെ മാങ്ങ വീണുകിടക്കുന്നു. പെറുക്കിക്കൂട്ടി. കയ്യിൽ കൊണ്ടുവരാൻ പറ്റില്ല. വീട്ടിലേക്ക് കൂട്ടയോ വല്ലമോ എടുക്കാൻ ഓടി. മുറവുമായി തിരികെ വന്നപ്പോൾ ഞാൻ പെറുക്കി കൂട്ടിയിരുന്ന മാങ്ങയെല്ലാം ആരോ പെറുക്കിക്കൊണ്ടു പോയിരിക്കുന്നു. ഞാൻ ഇരുട്ടത്ത് അവിടെ നിന്ന് നിലവിളിക്കാനും തുടങ്ങി. എന്റെ മാങ്ങയെല്ലാം കൊണ്ടുപോയേ.. ഏതവനാടാ കൊണ്ടുപോയേ.. ആ.. കരച്ചിൽകേട്ടു കിഴക്കേലെ കൊച്ചുചേച്ചി വന്നു ജിബു വാ കുറച്ചു മാങ്ങാ ഞാൻ തരാം.. ചേച്ചി തന്ന മാങ്ങയും കൊണ്ട് കരഞ്ഞുകൊണ്ട് വീട്ടിലേക്ക്.. നാട്ടുമാങ്ങ കടിച്ചു വലിച്ചു തിന്നപ്പോൾ അറിയാതെ ഇതെല്ലാം ഓർത്ത് കണ്ണ് നിറഞ്ഞുപോയി !!
@ജിബു വിജയൻ, ഇലവുംതിട്ട



