ഇലവുംതിട്ട വഴിയുള്ള കെ.എസ്.ആർ.ടി.സി ട്രിപ്പുകൾ വെട്ടിക്കുറച്ചു : ജനങ്ങൾക്ക് യാത്രാ ദുരിതം

Pathanamthitta
Print Friendly, PDF & Email

ഇലവുംതിട്ട : യാത്രാദുരിതത്താൽ ജനം നട്ടം തിരിയുന്നു. മെഴുവേലി, ചെന്നീർക്കര, ഇലവുംതിട്ട നിവാസികളാണ് കെ. എസ്. ആർ. ടി. സി അധികൃതരുടെ കണ്ണിൽ ചോരയില്ലാത്ത നടപടിയെ തുടർന്ന് യാത്രാ ദുരിതത്തിൽ അകപ്പെട്ടിരിക്കുന്നത്. ചെയിൻ സർവ്വീസ് അടിസ്ഥാനത്തിൽ ഇലവുംതിട്ടയിലൂടെ ഓരോ അര മണിക്കൂറും ഇടവിട്ട് പത്തനംതിട്ട, ചെങ്ങന്നൂർ ഡിപ്പോകളിൽ നിന്ന് ബസുകൾ സർവ്വീസ് നടത്തിയിരുന്നു. കോവിഡ് കാലം കഴിഞ്ഞു ഗതാഗതം ശാസ്ത്രിയമായി പരിഷ്ക്കരിക്കാതിരുന്നതിനെ തുടർന്ന് ട്രിപ്പുകളുടെ എണ്ണം കുറഞ്ഞു കുറഞ്ഞു വരുകയായിരുന്നു. കാരിത്തോട്ട വഴി ചെങ്ങന്നൂർ – പത്തനംതിട്ട റൂട്ടിൽ മുമ്പ് 38 ട്രിപ്പുകൾ ഉണ്ടായിരുന്നു. ഇപ്പോൾ ഉള്ളത് വെറും 4 ട്രിപ്പുകൾ മാത്രം.

പത്തനംതിട്ടയിൽ നിന്ന് രാത്രി 9.20 ക്ക് തിരിച്ച് മഞ്ഞിനിക്കര വഴി ഇലവുംതിട്ട എത്തി സ്റ്റേ ചെയ്തിരുന്ന ബസും, ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ രാത്രി വരുന്ന യാത്രികർക്ക് എത്താൻ പാകത്തിൽ ചെങ്ങന്നൂർ ഡിപ്പോയിൽ നിന്ന് രാത്രി 9.5ന് പുറപ്പെട്ട് ഇലവുംതിട്ടയിൽ എത്തി സ്റ്റേ ചെയ്ത് രാവിലെ 5.30 ന് തിരിച്ച് സർവ്വീസുകൾ നടത്തിയിരുന്നതുമായ ബസുകൾ ഇപ്പോൾ ഇല്ലാത്തത് ദൂര സ്ഥലങ്ങളിൽ പോയി ജോലി ചെയ്തു മടങ്ങുന്നവർക്കും വിദ്യാർഥികൾക്കും മെഡിക്കൽ കോളേജിൽ പോകേണ്ടവർക്കും ഏറെ ദുരിതം സമ്മാനിച്ചിരിക്കുകയാണ്.

കോവിഡ് കഴിഞ്ഞ ശേഷം പത്തനംതിട്ടയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും ഇലവുംതിട്ടയ്ക്കുള്ള ലാസ്റ്റ് ട്രിപ്പുകൾ 6.10 നാണ്. രാവിലെയും സർവ്വീസുകൾ ആരംഭിക്കുന്നതും 6.10 ന്. വർഷങ്ങളായുള്ള മുറവിളിയെ തുടർന്ന് രാത്രി സർവ്വീസുകളിൽ നേരിയ മാറ്റങ്ങൾ മാത്രമാണ് വരുത്തിയിട്ടുള്ളത്. 6.10 ന് ഉള്ള ട്രിപ്പുകൾ കഴിഞ്ഞു ഇപ്പോൾ രണ്ടും മൂന്നും മണിക്കൂറുകൾ ബസ് കാത്ത് നിൽക്കേണ്ട അവസ്ഥയാണ് ഈ മണ്ഡല കാലത്ത് വന്നുഭവിച്ചിരിക്കുന്നത്.

കാരിത്തോട്ട വഴി വെറും 4 ട്രിപ്പുകൾ മാത്രമുള്ളതിനാൽ കൂടുവെട്ടിക്കൽ, ഉള്ളന്നൂർ, കാരിത്തോട്ട കുറിയാനിപ്പള്ളി പ്രദേശങ്ങളിലുള്ളവർക്ക് ബസ് യാത്ര എന്നത് ഗുണകരമല്ലാതാകുകയാണ്. ഇലവുംതിട്ട വഴി പന്തളം, കോഴഞ്ചേരി എന്നിവിങ്ങളിലേക്ക് പണ്ടേ കെ. എസ്. ആർ. ടി. സി സർവ്വീസുകൾ നിലച്ചതാണ്. ചെന്നീർക്കര, രാമൻചിറ, ആൽത്തറപ്പാട് വഴിയുള്ള മലവണ്ടികളും ഇപ്പോഴില്ല. കോട്ടയത്തു നിന്ന് മല്ലപ്പള്ളി – കോഴഞ്ചേരി -ഇലവുംതിട്ട, അമ്പലക്കടവ് വഴി ചെമ്പകപ്പാറയ്ക്കും, പത്തനംതിട്ടയിൽ നിന്ന് ഇലവുംതിട്ടയിലെത്തി എറണാകുളം ഫാസ്റ്റ് പാസഞ്ചർ ബസുകളും നിലച്ചിട്ട് വർഷങ്ങളായി. ഈ അടുത്ത കാലത്ത് കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, കരുനാഗപ്പള്ളി ഭാഗങ്ങളിലേക്ക് ആരംഭിച്ച ബസുകളും നിർത്തി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് യാത്രാ ദുരിതത്തിന് പരിഹാരം ഉണ്ടാക്കണമെന്നാണ് ജങ്ങളുടെ ആവശ്യം.

ചെങ്ങന്നൂർ – കാരിത്തോട്ട – പത്തനംതിട്ട ട്രിപ്പുകൾ മുഴുവൻ പുനസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ഗതാഗത മന്ത്രിക്ക് ഉടൻ നിവേദനം നൽകുമെന്ന് മെഴുവേലി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഗിരിജാ ശുഭാനന്ദൻ അറിയിച്ചു. നിവേനം കൊണ്ട് ഫലം കണ്ടില്ലെങ്കിൽ പ്രത്യക്ഷ സമരം നടത്തുമെന്നും അവർ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *