അഭിമാനം ; എന്റെ നാടിനെ യുവാക്കൾ നയിക്കട്ടെ.. !!

Pathanamthitta
Print Friendly, PDF & Email

മെഴുവേലി – ഈ കഴിഞ്ഞ തദ്ദേശ ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ എന്റെ നാട്ടിൽ നിന്ന് വിജയിച്ച യുവാക്കൾക്ക് അഭിനന്ദനങ്ങൾ.. പന്തളം ബ്ലോക്ക്‌ പഞ്ചായത്ത്‌ മൂലൂർ ഡിവിഷനിൽ നിന്നാണ് ഐക്യജനാധിപത്യമുന്നണി സ്ഥാനാർഥിയായി മത്സരിച്ച അയത്തിൽ സ്വദേശിയായ തഥാഗത് എന്ന ഉമേഷ് വിജയിച്ചത്. കലാലയ രാഷ്ട്രീയത്തിലൂടെ വളർന്നുവന്ന യുവ നേതാവ്. മെഴുവേലി ഗ്രാമ പഞ്ചായത്ത് അഞ്ചാം വാർഡിൽ നിന്നാണ് ആലക്കോട് സ്വദേശിയായ നെജോമോൻ 192 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത്. ഇരുവർക്കും അഭിനന്ദനങ്ങൾ..!!

കാലം മാറുന്നതിനനുസരിച്ചു രാഷ്ട്രീയവും രാഷ്ട്രീയ നേതൃത്വങ്ങളും മാറണമെന്ന അഭിപ്രായക്കാരനാണ് ഞാൻ. മാറിയ കാലത്തിനനുസരിച്ചുള്ള വികസനം, പുതിയ പുതിയ ആശയങ്ങൾ, അത് നടപ്പിലാക്കാനുള്ള ഊർജ്ജം ഒക്കെയുള്ളതു യുവാക്കളിലാണ്. എ.ഐ അടക്കമുള്ള സാങ്കേതിക വിദ്യയുടെ ഈ ആധുനിക കാലത്ത് യുവാക്കളാണ് എന്തുകൊണ്ടും നേതൃ സ്ഥാനങ്ങളിലേക്ക് അഭികാമ്യം. മെഴുവേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനാർത്ഥിയാണ് നെജോമോൻ എന്നാണു മണ്ഡലം പ്രസിഡന്റും, എന്റെ സഹപാഠിയുമായ സജി അടക്കം പറഞ്ഞിരുന്നത്. അങ്ങനെ ഞാൻ സമൂഹ മാധ്യമത്തിൽ പോസ്റ്റും ഇട്ടിരുന്നു.

ഇന്ന് രാവിലെ മെഴുവേലിയിൽ പോയപ്പോഴാണ് അവിടെ മറ്റൊരു ചർച്ച നടക്കുന്നത് ശ്രദ്ധിക്കാനായത്. മെഴുവേലിയിലെ മുതിർന്ന നേതാവിന്റെ നേതൃത്വത്തിൽ മറ്റൊരു വനിതാ നേതാവിനെ പ്രസിഡന്റ് പദത്തിലെത്തിക്കാനുള്ള നീക്കം നടക്കുന്നുണ്ടെന്ന്. അതിലെ സമുദായ താൽപ്പര്യം കൂടി കേട്ടപ്പോഴാണ് അങ്ങനൊരു നീക്കം അപകടമാണെന്ന് എനിക്കും തോന്നിയത്. മെഴുവേലിയടക്കം കേരളത്തിലെ മിക്ക സ്ഥലങ്ങളിലെയും കോൺഗ്രസ്സ് വിജയത്തിന് പിന്നിൽ ന്യൂനപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെന്നത് യാഥാർത്ഥ്യമാണ്. മെഴുവേലിയിൽ ന്യൂനപക്ഷ സമുദായാംഗം പ്രസിഡന്റ് ആകുന്നതോടെ അതൊരംഗീകാരം കൂടിയാകും എന്നുതന്നെയാണ് എന്റെ അഭിപ്രായം. മെഴുവേലിയിലെ പല വാർഡുകളിലെയും വിജയത്തിന് പിന്നിൽ പ്രവർത്തിച്ച ന്യൂനപക്ഷ നേതാക്കളുടെ ആത്മാർത്ഥമായ പ്രവർത്തനം ഞാൻ വോട്ട് ചെയ്യാൻ പോയപ്പോൾ ശ്രദ്ധിച്ചതാണ്. നേരത്തെയുള്ള തീരുമാനങ്ങൾക്ക് വിരുദ്ധമായ നീക്കങ്ങൾ മെഴുവേലിയിൽ കോൺഗ്രസിനെ ക്ഷീണിപ്പിക്കും എന്ന് തന്നെയാണ് എന്റെ അഭിപ്രായം.

സമര രംഗങ്ങളിലും, നാട്ടിലെ പൊതുപ്രവർത്തന രംഗത്തും നിറഞ്ഞു നിന്നിരുന്ന നെജോമോന്റെ സവിശേഷത എനിക്ക് മനസിലായത് എന്റെ സഹപാഠിയുടെ ഭർത്താവിന്റെ ശസ്ത്രക്രിയക്കായി രക്തം ആവിശ്യം വന്നപ്പോഴാണ്. ഇങ്ങനെയുള്ള അത്യാവിശ്യ ഘട്ടങ്ങളിൽ നെജോ ഓടിനടന്നു ആളുകളെ സംഘടിപ്പിച്ചു നൽകാറുള്ളത് ഞാൻ കണ്ടു. കോവിഡ് സമയത്തടക്കം ഈ യുവാവിന്റെ മാതൃകാപരമായ പ്രവർത്തനങ്ങൾ മനസിലാക്കാനും സാധിച്ചിരുന്നു. മുതിർന്നവരായി നേതാക്കളൊക്കെ വീടിനു വെളിയിൽ ഇറങ്ങാൻ മടിച്ചിരുന്നപ്പോഴാണ് ഈ യുവാക്കളൊക്കെ നാട്ടുകാർക്ക് വേണ്ടി ഓടിനടന്നിരുന്നത് എന്നോർക്കണം.

മെഴുവേലി വില്ലേജ് ഓഫീസിലെ ജീവനക്കാരുടെ അഴിമതിക്കും, മെല്ലെപ്പോക്കിനും ഒരു ഇര കൂടിയാണ് നെജോ. വർഷങ്ങൾ നെജോയും, അമ്മയും വില്ലേജ് ഓഫീസ് കയറിയിറങ്ങിയിട്ടും ഇവരുടെ വസ്തു പേരിൽക്കൂട്ടിക്കൊടുക്കാൻ ഉദ്യോഗസ്ഥന്മാർ തയ്യാറായില്ല. ഞങ്ങളുടെ നാട്ടുകാരി കൂടിയായ റവന്യു സബ് കളക്ടർ പറഞ്ഞിട്ടും അവർ തയ്യാറായില്ല. അങ്ങനെ ഉദ്യോഗസ്ഥ തലത്തിലെ ഇരയായ നെജോമോൻ ഇനി പഞ്ചായത്ത് പ്രസിഡന്റായിട്ട് അതെ ഉദ്യോഗസ്ഥരുടെ അടുത്തേക്ക് എത്താൻ കഴിയട്ടെ. അഴിമതിയെക്കുറിച്ചൊക്കെ സ്വന്തം അനുഭവങ്ങളിലൂടെ മനസിലായ നെജോ കൂടുതൽ ഫലപ്രദമായി ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്നെനിക്കുറപ്പുണ്ട്.

മെഴുവേലി പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ എട്ടാം വാർഡിൽ നിന്നും മത്സരിക്കാൻ നല്ല സ്ഥാനാർത്ഥി തഥാഗത് ആയിരുന്നു. തോറ്റാലും, തോറ്റാലും പിന്മാറാത്ത ചില മുതിർന്ന നേതാക്കളുടെ കടുംപിടുത്തം മൂലമാണ് തഥാഗത് അവസാനം ബ്ലോക്കിലേക്ക് മത്സരിച്ചത്. കൂടുതൽ യുവാക്കൾ രാഷ്ട്രീയത്തിലേക്ക് കടന്നുവരട്ടെ. യുവാക്കൾ നാടിനെ നയിക്കട്ടെ. എല്ലാ പിന്തുണയും ആശംസകളും..

ടീം പത്തനംതിട്ടക്ക് വേണ്ടി, ജിബു വിജയൻ ഇലവുംതിട്ട

Leave a Reply

Your email address will not be published. Required fields are marked *