ഗുരുദർശനം ഇളം മനസ്സുകളിൽ പകർന്നു നൽകണം: സ്വാമി സച്ചിദാനന്ദ

Kollam
Print Friendly, PDF & Email

വർക്കല – ശ്രീനാരായണഗുരുദേവൻറെ തത്വ ദർശനവും ജീവിതചരിത്രവും ഇളം മനസ്സുകളിൽ പകർന്നു നൽകുന്നതിൽ വ്യക്തിയും സമൂഹവും കൂടുതൽ ശ്രദ്ധിക്കണമെന്ന് ശിവഗിരി മഠം പ്രസിഡൻറ് സച്ചിദാനന്ദ സ്വാമി പറഞ്ഞു.

പുതിയ തലമുറയ്ക്ക് ഗുരുദേവനെ കുറിച്ച് ഏറെ അജ്ഞതയാണ് ഉള്ളത്. പുതിയ തലമുറ മദ്യപാനത്തിനും മയക്കുമരുന്നിനും അടിമപ്പെടുന്നതും ആത്മഹത്യാ പ്രവണത വർദ്ധിച്ചു വരുന്നതിനും കാരണം മഹാഗുരുക്കന്മാരുടെ ഉപദേശങ്ങൾ അറിയാതെ പോകുന്നത് എന്നത് ശരിയായ കാരണമാണ്.

മദ്യം വിഷമാണ്, അതുണ്ടാക്കരുത്, കൊടുക്കരുത്, കുടിക്കരുത് എന്ന സന്ദേശം ബാലമനസ്സുകളിൽ പതിയണം. അതുപോലെ ഈശ്വരാരാധന എല്ലാ ഗ്രഹങ്ങളിലും ഹൃദയങ്ങളിലും എത്തിക്കണമെന്ന ഗുരുദേവ സന്ദേശവും കുട്ടികൾക്ക് പകർന്നു നൽകണം. ശ്രീനാരായണ ഗുരുവിനെ സാധാരണ സാമൂഹ്യ പരിഷ്കർത്താക്കളുടെ കൂട്ടത്തിൽ പെടുത്തുന്നതിനുമപ്പുറം ഗുരുദേവനെ ശ്രീബുദ്ധൻ, ക്രിസ്തു, നബി തുടങ്ങിയ പരമ്പരയിലുള്ള വിശ്വഗുരുവാണെന്നും, ഗുരുദേവൻ ജാതിക്കോ മതത്തിനോ വർഗ്ഗത്തിനോ ദേശത്തിനോ അവകാശപ്പെട്ട വ്യക്തി അല്ലെന്നും ഗുരുദേവനെ ഗുരുവായി കാണണമെന്നും പഠിപ്പിക്കണം. ശിവഗിരിയിൽ നടക്കുന്ന കലാസാഹിത്യ മത്സരങ്ങൾ ഇതിലേക്ക് വെളിച്ചം പകരാനുള്ളതാണെന്നും സ്വാമി പറഞ്ഞു. തീർത്ഥാടനത്തോടനുബന്ധിച്ച് ശിവഗിരിയിൽ നടന്ന ശ്രീനാരായണ കലാസാഹിത്യ മത്സര സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി.

93 മത് ശിവഗിരി തീർത്ഥാടന സെക്രട്ടറി സ്വാമി ശാരദാനന്ദ അധ്യക്ഷത വഹിച്ചു. ധർമ്മസംഘം ട്രസ്റ്റ് സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, സ്വാമി അവ്യയാനന്ദ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി. കലാസാഹിത്യ കമ്മിറ്റി ചെയർമാൻ അജയൻ പനയറ, വർക്കിംഗ് ചെയർമാൻമാരായ പുത്തൂർ ശോഭനൻ, ഷോണി.ജി.ചിറവിളയും ബാബുജി ഇളകമൻ, ജി. മനോഹരൻ വർക്കല, ശ്യാമള ടീച്ചർ എന്നിവരും സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *