തിരുവല്ല – രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുന്ന സവിശേഷ സാഹചര്യത്തിൽ ഇന്ത്യൻ പ്രധാനമന്ത്രിക്ക് കരുത്തേകാൻ നമ്മൾ ഓരോരുത്തരുടെയും അനുഗ്രഹവും ആശീർവാദവുമാണ് വേണ്ടതെന്ന് ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ഈ പ്രയാസമേറിയ സമയത്ത് ദേശത്തിന്റെ ഐക്യവും അഖണ്ഡതയും ഉയർത്തിപ്പിടിക്കാൻ അദ്ദേഹത്തിനത് ഊർജമേകും. ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് പ്രഥമ അധ്യക്ഷൻ മോർ യോഹാൻ പ്രഥമന്റെ ഒന്നാം ചരമവാർഷികാചരണം സ്മൃതി 2025 മാർ അത്തനേഷ്യസ് യോഹാൻ സ്മാരക കൺവൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ കുറേ ദശകങ്ങളായി അയൽരാജ്യങ്ങളിൽ ചിലർ തീവ്രവാദം വളർത്തുന്നു. പല തവണ അവർ നമ്മുടെ രാജ്യത്തിന് ഭീഷണിയായിട്ടുണ്ട് എന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു.

ദയയും സഹാനുഭൂതിയും കൊണ്ട് നിരവധി പേർക്ക് കൈത്താങ്ങായ ആളാണ് മാർ യോഹാൻ പ്രഥമൻ. തനിക്ക് അദ്ദേഹത്തെ സന്ദർശിക്കുന്നത് വളരെയധികം ഇഷ്ടമുളള കാര്യമായിരുന്നു. അദ്ദേഹത്തെ കാണാൻ വേണ്ടി ഇവിടെ വരാനുള്ള ഒരു അവസരവും പാഴാക്കാറില്ല. അദ്ദേഹത്തിന്റെ അചഞ്ചലമായ കാഴ്ചപ്പാട് അതിശയിപ്പിക്കുന്നതായിരുന്നു. ഓരോ തവണ സംസാരിക്കുമ്പോഴും വിശ്വാസവും ധൈര്യവും കലർന്ന വാക്കുകളാൽ നമ്മളിൽ തന്നെ പരിവർത്തനം വരുത്തും. എല്ലാ മേഖലകളിലും ഒരു നല്ല നായകനായിരുന്നു അദ്ദേഹം. നേതാവിന് വേണ്ട സമീപനമായിരുന്നു തിരുമേനിക്കുള്ളത്. കാട്ടിലും മലയിലും കുടിലിലുമെല്ലാം സഹാനുഭൂതിയുടെ കരങ്ങളുമായി എത്തി. ആരോഗ്യവും വിദ്യാഭ്യാസവും ശുചിത്വവും പരമപ്രധാനമാണെന്ന് പഠിപ്പിച്ചു. ദാരിദ്ര്യത്തിൽ ആണ്ടു പോയവരെയും വിധവകളെയും കൈപിടിച്ചുയർത്തി. ആരോഗ്യ-വിദ്യാഭ്യാസ മേഖലകളിൽ അടക്കം നിരവധി സ്ഥാപനങ്ങൾ അദ്ദേഹം പണിതുയർത്തി. തിരുമേനി നിങ്ങളിലോരോരുത്തരിലൂടെയും ജീവിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.



ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് പരമാധ്യക്ഷൻ ഡോ. സാമുവൽ മാർ തെയോഫിലസ് അധ്യക്ഷത വഹിച്ചു. ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്‌നം ജ്ഞാനതപസ്വി വിശിഷ്ടാതിഥി ആയിരുന്നു. മാർത്തോമ്മ സഭ സഫ്രഗൻ മെത്രാപ്പോലീത്ത റവ. ഡോ. ജോസഫ് മാർ ബർണബാസ് അനുസ്മരണ പ്രഭാഷണം നടത്തി. മാർ യോഹാൻ മെത്രാപ്പോലീത്തയുടെ ജീവിതവഴി വിവരിക്കുന്ന കോഫി ടേബിൾ ബുക്ക് ഗവർണർ പ്രകാശനം ചെയ്തു. ബിലിവേഴ്‌സ് ചർച്ച് നോർത്ത അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത ഡാനിയൽ മോർ തിമോത്തിയോസ് എപ്പിസ്‌കോപ്പ, സഭാ വക്താവ് ഫാ. സിജോ പന്തപ്പള്ളിൽ, അഡ്വ. മാത്യു ടി. തോമസ് എം.എൽ.എ, ചർച്ച് ഓഫ് സൗത്ത് ഇന്ത്യ ഈസ്റ്റ് കേരള ഭദ്രാസനാധിപൻ റവ. വി.എസ്. ഫ്രാൻസിസ്, മലങ്കര യാക്കോബൈറ്റ് സിറിയൻ ചർച്ച് മൂവാറ്റുപുഴ-അങ്കമാലി ഭദ്രാസനാധിപൻ ഡോ. മാത്യൂസ് മോർ അന്തിമോസ് മെത്രാപ്പോലീത്ത, കേരള കൗൺസിൽ ഓഫ് ചർച്ചസ് പ്രസിഡന്റ് അലക്‌സിയോസ് മാർ യൗസേബിയോസ് മെത്രാപ്പോലീത്ത എന്നിവർ പ്രസംഗിച്ചു.
ഇന്ന് (വെള്ളി) വൈകിട്ട് അഞ്ചിന് മാർ അത്തനേഷ്യസ് യോഹാൻ കാരുണ്യ സ്മൃതി മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. മാർ സാമുവൽ തെയോഫിലോസ് മെത്രാപ്പൊലീത്ത അധ്യക്ഷത വഹിക്കും. ഡോ. തിയഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. സ്‌കോളർഷിപ് പദ്ധതികളുടെ ഉദ്ഘാടനം ക്‌നാനായ സമുദായ വലിയ മെത്രാ പ്പോലീത്ത ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവേറിയേസും വിധവകൾക്കുള്ള ക്ഷേമപദ്ധതികളുടെ ഉദ്ഘാടനം കൽദായ ആർച്ച് ബിഷപ്പ് ഔഗിൻ മാർ കുര്യാക്കോസും നിർവഹിക്കും.

അടിക്കുറിപ്പ്:
ബിലീവേഴ്‌സ് ഈസ്‌റ്റേൺ ചർച്ച് പ്രഥമ അധ്യക്ഷൻ മോർ യോഹാൻ പ്രഥമന്റെ ഒന്നാം ചരമവാർഷികാചരണം സ്മൃതി 2025 മാർ അത്തനേഷ്യസ് യോഹാൻ സ്മാരക കൺവൻഷൻ സെന്ററിൽ ബീഹാർ ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഉദ്ഘാടനം ചെയ്യുന്നു.


