കോടതിയിലെത്തിയപ്പോൾ കിലുക്കത്തിലെ കിട്ടുണ്ണിയെപ്പോലെ ഒന്നും ഓർമയില്ലാതെ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ; 24 വരെ റിമാൻഡിൽ

Crime
Print Friendly, PDF & Email

പത്തനംതിട്ട – ശബരിമലയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട് പ്രത്യേക സംഘം അറസ്റ്റ് ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം മുന്‍ കമ്മിഷണറും ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റുമായ എന്‍. വാസുവിനെ കോടതി 24 വരെ റിമാന്‍ഡ് ചെയ്തു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം രാത്രി 7.10 ന് മിനി സിവില്‍ സ്‌റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ടേറ്റ് കോടതിയില്‍ വാസുവിനെ ഹാജരാക്കി. മജിസ്‌ട്രേറ്റ് കാര്‍ത്തിക പ്രദീപ് ചേംബറിലേക്ക് വിളിച്ച് വരുത്തിയാണ് പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദം കേട്ടത്. തുടര്‍ന്ന് വാസുവിന 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുന്നുവെന്ന് അറിയിച്ചു. 8.10 ഓടെയാണ് അന്വേഷണ സംഘം വാസുവുമായി കോടതിക്ക് പുറത്തേക്ക് എത്തിയത്. എന്തെങ്കിലും പറയാനുണ്ടോ എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് ഒന്നും പറയാനില്ല എന്നായിരുന്നു മറുപടി. വാസുവിന്റേത് കേസിലെ അഞ്ചാമത്തെ അറസ്റ്റാണ്. വാസുവിനെ കൊട്ടാരക്കര സബ് ജയിലിലേക്ക് മാറ്റും. എസ്.ഐ.ടി പിന്നീട് കസ്റ്റഡി അപേക്ഷ നല്‍കും.

സ്വര്‍ണമോഷണത്തില്‍ ദേവസ്വം ബോര്‍ഡിന് വീഴ്ച സംഭവിച്ചതായി പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയതിനെ തുടര്‍ന്നാണ് വാസുവിനെ മൂന്നാം പ്രതിയാക്കി കേസെടുത്തത്. സ്വര്‍ണമെന്നത് രേഖകളില്‍ ചെമ്പുപാളികളെന്ന് മാറ്റിയത് വാസുവാണെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം സ്വര്‍ണപ്പാളികള്‍ കൊടുത്തുവിടാന്‍ ഇടപെട്ടു, മറ്റു പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി എന്നിവയാണ് കുറ്റാരോപണങ്ങള്‍.

ഗൂഢാലോചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് വാസുവിന് എതിരെ ചുമത്തിയത്. നേരത്തേ അറസ്റ്റിലായ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ് കുമാറിന്റെ മൊഴിയാണ് വാസുവിന്റെ അറസ്റ്റിലേക്ക് നയിച്ചത്. ശ്രീകോവിലിന്റെ കട്ടിളപ്പാളികളിലെ സ്വര്‍ണ്ണം മോഷ്ടിച്ചതിന് പ്രത്യേക അനേ്വഷണ സംഘം രജിസ്റ്റര്‍ ചെയ്ത കേസില്‍ മൂന്നാം പ്രതിയാണ് വാസു. തിങ്കളാഴ്ച എന്‍. വാസുവിനെ ചോദ്യം ചെയ്ത ശേഷം ഇന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊട്ടാരക്കര പൂവത്തൂര്‍ സ്വദേശിയായ എന്‍. വാസുവിന്റെ അറസ്‌റ്റോടെ കേസിന് വലിയ രാഷ്ര്ടീയ മാനം കൈവന്നിട്ടുണ്ട്.

പി.കെ.ഗുരുദാസന്‍ മന്ത്രി ആയിരുന്നപ്പോള്‍ പി.എ.ആയിരുന്ന വാസുവിന് സി.പി.എമ്മുമായി ഏറെ അടുത്ത ബന്ധമാണുള്ളത്. 2019 ല്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണര്‍ ആയിരിക്കേ കട്ടിളപ്പടിയിലെ സ്വര്‍ണ്ണ പാളികള്‍ ചെമ്പ് എന്ന് എഴുതാന്‍ എന്‍. വാസു നിര്‍ദേശം നല്‍കിയതായി മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡി. സുധീഷ്‌കുമാര്‍ നേരത്തേ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ.ടി നേരത്തെ വാസുവിനെ ചോദ്യം ചെയ്തിരുന്നു. സ്വര്‍ണ്ണം പൊതിഞ്ഞ കട്ടിളപ്പാളി ഒന്നാം പ്രതിയും സ്‌പോണ്‍സറുമായ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസില്‍ സ്വര്‍ണം പൂശിയ ശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ കൈവശം മിച്ചം ഉണ്ടെന്നിഞ്ഞിട്ടും നടപടിയെടുക്കാതിരുന്നതിനും വാസുവിന് അനേ്വഷണ സംഘത്തിന് മുന്നില്‍ മതിയായ വിശദീകരണം നല്‍കാന്‍ കഴിഞ്ഞില്ല.

കിലുക്കം സിനിമയില്‍ ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണിയെപ്പോലെ തനിക്കൊന്നും ഓര്‍മയില്ലെന്ന നിലപാടിലാണ് എന്‍. വാസു. ഇതാണ് അറസ്റ്റിലേക്ക് നയിച്ചതും.

 

 

Leave a Reply

Your email address will not be published. Required fields are marked *