കോന്നി: പ്രകൃതി സത്യങ്ങളെയും പിതൃക്കളെയും സാക്ഷിയാക്കി ഭക്തിയുടെയും പൂർവികസ്മരണയുടെയും ആത്മീയത നിറഞ്ഞ കൗള പാരമ്പര്യ ആചാരങ്ങളോടെ കർക്കടക വാവ് ചരിത്രപ്രസിദ്ധമായ കോന്നി ശ്രീ കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ ഭക്തിനിർഭരമായി ആചരിച്ചു.
സഹസ്രാബ്ദങ്ങളുടെ കൗള ശാസ്ത്രപാരമ്പര്യം പിന്തുടർന്ന് 999 മലകളുടെ ഗുരു കാരണവന്മാർക്കും പാരമ്പര്യം കാത്തുസൂക്ഷിച്ച പിതൃക്കൾക്കും ദീപനാളവും അന്നവും വെള്ളവും സമർപ്പിച്ചാണ് ചടങ്ങുകൾക്ക് തുടക്കമായത്. തുടർന്ന് 1001 മുറുക്കാൻ സമർപ്പണം, 1001 കരിക്ക് പടേനി, ബലി തർപ്പണം, ആദ്യ ഉരു മണിയൻ പൂജ, പർണ്ണശാല പൂജ, പിതൃ പൂജ, ആശാൻ പൂജ, അഷ്ടനാഗ പൂജ, ആയില്യം പൂജ, വാവൂട്ട് എന്നിവ ഭക്തിനിർഭരമായി നടന്നു.

ഭൂമി പൂജ, വൃക്ഷസംരക്ഷണ പൂജ, ജലസംരക്ഷണ പൂജ, സമുദ്ര പൂജ എന്നിവയിലൂടെ പ്രകൃതിയോടുള്ള കൃതജ്ഞതയും പിതൃസ്മരണയും ഒരുമിപ്പിച്ചാണ് ചടങ്ങുകൾ ആരംഭിച്ചത്. തുടർന്ന് അച്ചൻകോവിൽ പുണ്യനദിയിലെ സ്നാനഘട്ടത്തിൽ വിശേഷാൽ പൂജയും പിണ്ഡസമർപ്പണവും നടത്തി.
ഉപസ്വരൂപ പൂജ, വാനരഊട്ട്, മീനൂട്ട്, പ്രഭാതവന്ദനം, ദീപനമസ്കാരം, നാഗപൂജ, ആയില്യം പൂജ, കരിക്ക് അഭിഷേകം, മഞ്ഞൾ നീരാട്ട്, പാലഭിഷേകം, പർണ്ണശാല പൂജ, പിതൃ പൂജ, ആശാൻ പൂജ എന്നിവയ്ക്കുശേഷം വൈകുന്നേരം വിശേഷാൽ വാവൂട്ട് ചടങ്ങുകൾ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നടന്നു.
കാർഷികവിളകളും കാട്ടുവിളകളും ചുട്ടും വറുത്തും പൊടിച്ചും പുഴുങ്ങിയും തേക്കില, പുന്നയില, മലവാഴയില എന്നിവയിൽ സമർപ്പിച്ചു. വറപൊടി, തെണ്ട്, തെരളി, കലശം, കരിക്ക് എന്നിവ ഉൾപ്പെടുത്തി വിശേഷാൽ വാവൂട്ട് പൂജയും തുടർന്ന് പിതൃമോക്ഷപ്രാപ്തിക്കായി വാവൂട്ടി ഗുരുതി പൂജയും ഭക്തിപൂർവം നിർവഹിച്ചു.
കർക്കടക വാവ് ചടങ്ങുകൾക്കായി വിവിധ സർക്കാർ വകുപ്പുകൾ ആവശ്യമായ സേവനസൗകര്യങ്ങൾ ഒരുക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അനേകം ഭക്തർ ചടങ്ങുകളിൽ പങ്കെടുത്ത് പൂർവികരെ സ്മരിക്കുകയും ശ്രീ കല്ലേലി ഊരാളി അപ്പൂപ്പന്റെ അനുഗ്രഹം തേടുകയും ചെയ്തു. ഭക്തിയും പ്രകൃതിയോടുള്ള ആദരവും പിതൃസ്മരണയും ഒത്തുചേർന്ന ആത്മീയാനുഭവമായി ഇത്തവണത്തെ കർക്കടക വാവ് ആഘോഷം മാറി.
3 Attachm


