കറ്റോട് ചീപ്പും ഊത്ത പിടിത്തവും ; ശിവകുമാർ അമൃതകാല എഴുതുന്നു : അദ്ധ്യായം 3

Kerala Pathanamthitta
Print Friendly, PDF & Email
കറ്റോട് ചീപ്പും ഊത്ത പിടിത്തവും ; ശിവകുമാർ അമൃതകാല എഴുതുന്നു : അദ്ധ്യായം 3
കറ്റോട് കടവ് മനയ്ക്കച്ചിറ പാലം വരുന്നതിന് മുൻപ് കടത്ത് കടവായിരുന്നല്ലോ ! അന്നു ഞാൻ ഉൾപ്പെടുന്ന പ്രദേശമായ വളളംകുളം പടിഞ്ഞാറ് ഭാഗത്ത്കാർ തിരുവല്ലയ്ക്ക് പോകുന്നതിനുള്ള പ്രധാന മാർഗം ഇത് മാത്രമായിരുന്നു. ആറ്റ് തീരത്ത് ഉണ്ണി കൊച്ചാട്ടന്റെ ചായക്കടയും മണൽ വാരൽ തൊഴിലാളികളും ഒക്കെയായി നല്ല ആളനക്കം ഉള്ള കാലം.! അക്കരെയിക്കരെ നിന്ന് കൂവി വളളംവിളിച്ച് യാത്ര ചെയ്തതൊക്കെ നല്ലോർമ്മയുണ്ട്. ഒരു തവണ ഒരു വളളംകളി നടന്നതും ഈ മണിമലയാറിന്റെ കറ്റോട്ട് കടവിൽ ആണന്നോർക്കുന്നു.
അതോടൊപ്പം മീൻ പിടുത്തക്കാരുടെ പറുദീസയാണ് കറ്റോട്!🦈🐬🐟🐠
മൊയപ്പും (മൂഴി )വലിയതോടും എന്നു കേട്ടിട്ടുണ്ട്. ചിറ കെട്ടി കാവലിരുന്നു ആറ്റിലേക്ക് മുളകൊണ്ട് പാലം തീർത്തു വീശുകാരുടെ ബഹളമായിരുന്നു കറ്റോടു മൂഴിക്കൽ പ്രദേശം. ഒരു കാലത്ത് നാടിൻറെ നാനാ വഴിക്കുനിന്നും വീശുകാർ മീൻ പിടിക്കാൻ എത്തുന്ന കേന്ദ്രമായിരുന്നു.
അവിടെ പഞ്ചായത്താണോ മുനിസിപ്പാലിറ്റി യാണോ കൃഷിക്കായി ഒരു തടയണ നിർമിച്ചിരുന്നു.ഒരു മോട്ടോർ പുരയും അതിൽ ഇലക്ട്രിക് കണക്ഷനും എടുത്തിട്ടുണ്ട്.ഇവിടെ ചെക്ക് ഡാം നിർമിച്ചതോടെ മീൻകിട്ടാനുള്ള സൗകര്യം കുറയുകയും മീൻ പിടുത്തക്കാർ ഇല്ലാതാകുകയും ചെയ്തു.
ചെക്ക് ഡാം പണിയുന്നതിനു മുൻ കാലങ്ങളിൽ ആറിന്റെ വളഞ്ഞു വരുന്ന സ്ഥലത്തു ചാക്കിൽ മണ്ണു നിറച്ചു താൽക്കാലിക ചിറ നിർമിച്ചിരുന്നു.
ഇവിടെ ചെക്ക്‌ ഡാം വന്നതോടുകൂടി പിന്നെ മീൻ പിടുത്തം കുറ്റപ്പുഴ വലിയ തോട് കേന്ദ്രീകരിച്ചായി മാറി.
ചീപ്പിന്റെ കാലപ്പഴക്കം ശരിയായി അറിയുന്നവരാണ് മീൻപിടിത്തക്കാർ.മൂഴിക്കൽ ചെക്ക്‌ഡാമിനും ചീപ്പിനും ഇടയിൽ എത്തുന്ന മീനെ പിടിക്കുന്നതിനു തടസ്സമായി ചീപ്പ് നിൽക്കുന്നു. കാരണം വെള്ളം കയറി വരുമ്പോൾ ചീപ് താഴ്ത്തും. അപ്പോൾ വെള്ളത്തിന്റെ ഒഴുക്ക് കുറയുന്നു .മീനിന്റെ ലഭ്യത കുറയുന്നു .ആ സമയം ചീപ്പിന്റെ ഷട്ടർ വീഴുന്ന സ്ഥലം കല്ലുകൾ വെച്ച് പൊക്കും.അങ്ങനെ നിരവധി തവണ ചെയ്തപ്പോൾ ഷട്ടറിന്റെ അടിഭാഗം ബെൻഡ് ആയി .കൂടാതെ ഷട്ടർ വീഴുന്ന സൈഡ് പാളികളിലും ബെൻഡ് ഉണ്ടായി.ശരിയായ രീതിയിൽ ഷട്ടർ താഴുകയും ഉയരുകയും ചെയ്യാതെതായി.
വാട്ടർ അതോറിറ്റിയുടെ ഒരു പുനലൂരുകാരനായ ഒരു ഉദ്യോഗസ്ഥൻ ഇതിനു ചുക്കാൻ പിടിച്ചിരുന്നത്.അദ്ദേഹം കാറ്റോടു ലിഫ്റ്റ് ഇറിഗേഷന്റെ ഓപ്പറേറ്ററും ഇറിഗേഷന്റെ ഷെഡിൽ താമസക്കാരനുമായിരുന്നു.
(ഇറിഗേഷൻ ഷെഡിന്റെ കാര്യം സൂചിപ്പിക്കുമ്പോൾ ഒരു കാര്യം കൂടി പറയാതെ വയ്യ !
അത് മറ്റൊന്നുമല്ല. കറ്റോട് പാലത്തിന് പടിഞ്ഞാറും കിഴക്കും ഇറിഗേഷന്റെ രണ്ട് കെട്ടിടങ്ങൾ ഓർമ്മ വച്ച കാലം മുതൽ അവിടെയുണ്ട്. നാളിത് വരെ എന്താണതിന്റെ ഉപയോഗം ?ടി.കെ റോഡിന് സമീപമുള്ള ഈ കെട്ടിടങ്ങൾ നമ്മുടെ കൺമുന്നിൽ നശിച്ച് ഇല്ലാതായി കൊണ്ടിരിക്കുകയാണ് !. കാട്ടിലെ തടി തേവരുടെ ആന !)
ഇനി കൃഷിക്ക് വെള്ളം കൊടുത്തു കഴിയുമ്പോൾ വർഷകാലം എത്തും. ഈ ഉദ്യോഗസ്ഥനായിരുന്നു ചീപ്പ് പൊക്കുകയും താഴ്ത്തുകയും ചെയ്യുന്നത്.ആ സമയം മീൻപിടുത്തക്കാർക്കൊപ്പം ഇദ്ദേഹവും മീൻപിടുത്തത്തിനായി കൂടും. ക്രമേണ ഊത്ത പിടിത്തം നടത്തി നടത്തി ചീപ്പിന്റെ അലൈൻമെന്റ് മാറി.ഷട്ടർ എത്ര നന്നാക്കിയാലും സൈഡിൽകൂടിയും അടിയിൽകൂടിയും വെള്ളം കയറുന്ന അവസ്ഥയിലായി.
അങ്ങനെ മീനുകൾ മാത്രമല്ല പലതും നമ്മുടെ വീടുകളിലേക്ക് , അടുക്കളയിലേക്ക് വർഷക്കാലത്ത് ഒഴുകി എത്തിത്തുടങ്ങി.!
ഇക്കഴിഞ്ഞ ദിവസങ്ങളിലും മീൻ പിടിത്തത്തിനായി അതിലിറങ്ങി ആളുകൾ ആവേശത്തോടെ നിൽക്കുന്നത് ശ്രദ്ധയിൽപ്പെട്ടു.
ഓർക്കുക ! മനസ്സിലാക്കുക!
കറ്റോട് ചീപ്പിന് ഒരു ദൗത്യമുണ്ട്.അത് ഊത്ത പിടിക്കാൻഉള്ള സ്ഥലമല്ല!
ശിവകുമാർ അമൃതകല
(തുടരും ) അടുത്ത അധ്യായം -വെള്ളിയാഴ്ച്ച 7PM ന്.

Leave a Reply

Your email address will not be published. Required fields are marked *