ഇടുക്കി – കേരളം അടക്കമുള്ള വനമേഖലകളില്‍ നിന്ന് ഔഷധസസ്യങ്ങള്‍ ശേഖരിച്ച് വിദേശത്തേക്ക് കടത്തുന്ന സംഘം വീണ്ടും തലപൊക്കുന്നു. പെരിയാര്‍ കടുവ സങ്കേതത്തിന്റെ ഉള്‍പ്രദേശങ്ങളില്‍ നിന്ന് ആദിവാസികളുടെയും ചില ഉദ്യോഗസ്ഥരുടെയും ഒത്താശയോടെയാണ് സസ്യ ശേഖരണം നടക്കുന്നതെന്നാണ് സൂചന. കടുവ സങ്കേതത്തിലും പത്തനംതിട്ട ജില്ലയിലെ വനാന്തരങ്ങളിലും അപൂര്‍വമായി കണ്ടുവരുന്ന ആയുര്‍വേദ സസ്യങ്ങളും പച്ചമരുന്നുകളുമാണ് പ്രധാനമായും വിദേശത്തേക്ക് കടത്തുന്നത്.
ഇതിനായി രഹസ്യ ഏജന്‍സികളും പ്രവര്‍ത്തിക്കുന്നുണ്ടത്രേ. ലക്ഷക്കണക്കിന് രൂപയുടെ സസ്യങ്ങളാണ് വിദേശത്തേക്കും അന്യസംസ്ഥാനങ്ങളിലേക്കും കടത്തപ്പെടുന്നത്. ചില സ്ഥലങ്ങളില്‍ വനം സംരക്ഷണ സമിതികള്‍ വഴിയാണ് ഈ സസ്യങ്ങള്‍ കണ്ടെത്തുന്നത്. മുമ്പ് ആദിവാസികള്‍ ഉള്‍പ്പെടെയുള്ള വനം സംരക്ഷണ സമിതികളും ഇ.ഡി.സികളും (ഇക്കോ ഡെവലപ്മെന്റ് സൊസൈറ്റി) ശേഖരിക്കുന്ന സസ്യങ്ങള്‍ വനം വകുപ്പിന്റെ നിയന്ത്രണത്തിലുള്ള ഔഷധശാലകള്‍ക്ക് കൈമാറുന്ന പതിവ് ഉണ്ടായിരുന്നു. വന ഉല്‍പ്പന്നങ്ങള്‍ ശേഖരിക്കുന്നതിനു പ്രത്യേക സൊസൈറ്റികളും രൂപീകരിച്ചിരുന്നു.
വനം വകുപ്പ് നേരിട്ട് ശേഖരിക്കുന്നവ സംസ്ഥാനത്തു തന്നെ വിറ്റഴിക്കുമ്പോഴാണ് ചില മാഫിയകള്‍ വനമേഖലകള്‍ കൈയടക്കുന്നത്. തേക്കടിയിലെത്തി കാനനഭംഗി ആസ്വദിക്കാനെന്ന പേരില്‍ കാട് ചുറ്റുന്ന പല വിദേശികളുടെയും യഥാര്‍ത്ഥ ലക്ഷ്യം ആയുര്‍വേദ ചെടികളും ഔഷധ
സസ്യങ്ങളുമാണ്. വിദേശ രാജ്യങ്ങളില്‍ ഭാരതീയ പാരമ്പര്യ ചികിത്സയ്ക്ക് പ്രാധാന്യം വര്‍ധിച്ചതോടെയാണിത്.വനമേഖലകളില്‍ നിന്നു ശേഖരിക്കുന്ന ഗുണമേന്മയുള്ള തേനിന് ആവശ്യക്കാര്‍ ഏറെയുണ്ട്. തേനിനു പുറമേ കുന്തിരിക്കവും കോലരക്കും കണ്ടെത്തുന്ന സംഘം ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ സജീവമായിക്കഴിഞ്ഞു.


