പത്തനംതിട്ട – രാഷ്ട്രപതിയുടെ ശബരിമല സന്ദർശനത്തിൽ ഹെലികോപ്ടർ ലാൻഡിംഗ് മുതൽ പമ്പയിൽ മരം വീണതുൾപ്പെടെ വിവാദം ഉയരുന്നു. സുരക്ഷാക്രമീകരണങ്ങളിൽ വീഴ്ച വന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്. പ്രമാടത്ത് രാഷ്ട്രപതിയുടെ ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ തീരുമാനിച്ചത് ഇന്നലെ രാത്രിയോടെയാണ്. ഒരു മാസം മുൻപ് രാഷ്ട്രപതിയുടെ സന്ദർശനം ഷെഡ്യൂൾ ചെയ്തിരുന്നതാണ്. അന്നു മുതൽ സുരക്ഷാ പരിശോധനകളും ട്രയൽ റണ്ണും നടന്നു വരുന്നു. നിലയ്ക്കലിൽ ഹെലികോപ്ടർ ലാൻഡ് ചെയ്യുന്നതിന് വേണ്ട ക്രമീകരണങ്ങൾ ഏർപ്പെടുത്തുകയും ചെയ്തു. എന്നാൽ, മഴയും കോടമഞ്ഞുമുള്ള തുലാമാസത്തിൽ നിലയ്ക്കലിൽ ഹെലികോപ്ടർ ലാൻഡ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അടുത്തത് എന്ത് എന്ന ചോദ്യം ഉയരുന്നത് ഇന്നലെ വൈകിട്ടാണ്. ഉടൻ തന്നെ പ്രമാടം രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ കോപ്ടർ ഇറക്കാൻ ധാരണയായി. ഇതിന് ശേഷം ഇവിടെ രണ്ടു തവണ കോപ്ടർ ഇറക്കി ട്രയൽ റൺ നടത്തി. തുടർന്നാണ് ഹെലിപാഡ് തയാറാക്കാൻ ആരംഭിച്ചത്. ഹെലിപാഡിന്റെ കോൺക്രീറ്റ് ഇന്നലെ പുലർച്ചെ മൂന്നിനാണ് അവസാനിച്ചത്. സിമെന്റ് സെറ്റാകുന്നതിന് മുൻപ് വന്ന് ഇറങ്ങിയ കോപ്ടറിന്റെ വീലുകൾ കോൺക്രീറ്റിൽ താഴ്ന്നു. രാഷ്ട്രപതി പമ്പയിലേക്ക് പോയതിന് ശേഷം പോലീസും ഫയർഫോഴ്‌സും ചേർന്ന് കോപ്ടർ തള്ളി മാറ്റുകയായിരുന്നു.
അതേ സമയം, കോപ്ടർ ലാൻഡ് ചെയ്തത് രണ്ടടി മാറിയാണെന്നും അത് തള്ളി എച്ച് മാർക്കിലേക്ക് മാറ്റുകയുമാണ് ഉണ്ടായതെന്നും കോന്നി എം.എൽ.എ കെ.യു. ജനീഷ്‌കുമാറിന്റെ വിശദീകരണം, കോൺക്രീറ്റ് താഴ്ന്നാൽ എന്താണ് കുഴപ്പം ഹെലികോപ്ടർ മുകളിലേക്കല്ലേ പോകുന്നത് എന്നാണ് ജനീഷ്‌കുമാർ എം.എൽ.എ ചോദിച്ചത്. മാധ്യമങ്ങൾ കേരളത്തിന് നാണക്കേടുണ്ടാക്കാൻ ശ്രമിക്കുകയാണ്. നിങ്ങൾ ദൂരെ നിന്നല്ലേ കണ്ടത് ? ഞാൻ സ്‌പോട്ടിൽ നിന്നയാളാണെന്നും പ്രചരിക്കുന്നത് യാഥാർഥ്യമല്ലെന്നും എം.എൽ.എ പറഞ്ഞു. രാഷ്ട്രപതിയുടെ സുരക്ഷാക്രമീകരണങ്ങൾ കുറച്ചു കൂടി ഗൗരവത്തിൽ എടുക്കേണ്ടിയിരുന്നുവെന്ന് ആന്റോ ആന്റണി എം.പി വിമർശിച്ചു. ആദ്യ ഹെലിപ്പാഡ് ഒരുക്കുന്നതിനൊപ്പം അടിയന്തിര സാഹചര്യം ഉണ്ടായാൽ പ്ലാൻ ബി കൂടി തയ്യാറാക്കേണ്ടിയിരുന്നു.
രാഷ്ട്രപതിയുടെ സന്ദർശനത്തിന്റെ ഒരുക്കങ്ങളിൽ തയ്യാറെടുപ്പിന്റെ അഭാവം ഉണ്ടായി. പ്ലാൻ ബി യെ കുറിച്ച് ഫലപ്രദമായി ആലോചിച്ചില്ല. കഴിഞ്ഞ ദിവസം വൈകുന്നേരം ആണ് നിലയ്ക്കലിൽ ഹെലികോപ്റ്റർ ഇറങ്ങാൻ കഴിയില്ല എന്നറിഞ്ഞത്. പിന്നീട് രാത്രിയിലാണ് പ്രമാടത്ത് രാജീവ് ഗാന്ധി ഇൻഡോർ സ്‌റ്റേഡിയത്തിൽ തയ്യാറെടുപ്പുകൾ നടത്തിയത്. കോൺക്രീറ്റ് ഉണങ്ങാനുള്ള സമയം കിട്ടാത്തതായിരിക്കാം ഹെലികോപ്റ്റർ താഴാൻ കാരണം. ആദ്യ ഹെലികോപ്റ്റർ വരുന്ന സമയത്ത് പരിസരത്തേക്ക് തെരുവുനായ ഓടിക്കയറിയിരുന്നു എന്നും ആന്റോ ആന്റണി പറഞ്ഞു.
ശബരിമല ദർശനം കഴിഞ്ഞ് പമ്പയിലെത്തി തിരികെ രാഷ്ട്രപതി പ്രമാടത്തേക്ക് പുറപ്പെടാൻ തുടങ്ങുന്നതിന് നിമിഷങ്ങൾക്ക് മുൻപ് പമ്പ കെ.എസ്.ആർ.ടി.സിക്ക് സമീപം റോഡിന് കുറുകെ കൂറ്റൻ മരം വീണു. ഉടൻ സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന അഞ്ചു മിനുറ്റു കൊണ്ട് മരം മുറിച്ചു നീക്കി റോഡ് ഗതാഗതയോഗ്യമാക്കി. ഇതും സുരക്ഷാ വീഴ്ചയാണെന്ന് ആക്ഷേപം ഉയർന്നു. ഒരു മാസമായി സുരക്ഷാപരിശോധന നടത്തി നിലയ്ക്കൽ മുതൽ സന്നിധാനം വരെ അപകട ഭീഷണി ഉയർത്തുന്ന മരങ്ങൾ മുഴുവനായോ ശിഖരങ്ങളോ മുറിച്ചു നീക്കിയിരുന്നു. എല്ലാം ഭദ്രമെന്ന് ഉറപ്പിച്ചിരുന്നപ്പോഴാണ് ഇന്ന് മരം വീണത്.


