പത്തനംതിട്ട – ഗവി എന്ന പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാനന വന്യതക്ക് കളങ്കമായി പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണാവശിഷ്ടങ്ങളും കുമിഞ്ഞു കൂടുന്നു. സുഗീതിന്റെ ഓർഡിനറി സിനിമയ്ക്ക് ശേഷം സന്ദർശകരുടെ കുത്തൊഴുക്കാണ് ഇവിടേക്ക്. അതിനനുസരിച്ച് മാലിന്യവും നിറയുന്നു. സഞ്ചാരികൾ വലിച്ചെറിയുന്ന ഭക്ഷണ അവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും പ്രകൃതിക്കും വന്യജീവികളുടെ ജീവനും ഹാനികരമാവുകയാണ്. മനോഹരമായ വനത്തിലൂടെ യാത്ര ചെയ്യുമ്പോൾ എവിടെ നോക്കിയാലും മാലിന്യ അവശിഷ്ടങ്ങളാണ് കാണാൻ കഴിയുക. പുറമേ നിന്ന് ഭക്ഷണവുമായി എത്തുന്ന സഞ്ചാരികൾ വലിച്ചെറിയുന്നതാണ് ഈ മാലിന്യങ്ങൾ. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ വനജീവികൾക്ക് വലിയ ഭീഷണിയാണ് ഉയർത്തുന്നത്. പരിസ്ഥിതിക്കും ഇത് ദോഷം ചെയ്യുന്നുണ്ട്. പല തവണ നിയന്ത്രിക്കാൻ ശ്രമിച്ചെങ്കിലും പലപ്പോഴും അതിന് കഴിയാത്ത അവസ്ഥയാണ്. മാലിന്യ നിർമ്മാർജനത്തിന് ലക്ഷങ്ങൾ സർക്കാർ ചെലവഴിക്കുമ്പോഴും പരിസ്ഥിതി സംരക്ഷിത മേഖലയിലാണ് പ്ലാസ്റ്റിക്കിന്റെ കൂമ്പാരം. പ്ലാസ്റ്റിക്ക് ഉള്ളിൽ ചെന്ന് വന്യ മൃഗങ്ങൾ ചത്ത സംഭവങ്ങളും മുമ്പ് ഉണ്ടായിട്ടുണ്ട്. ശ്വചിത്വ മിഷനും തദ്ദേശ സ്ഥാപനങ്ങളും ഇക്കാര്യത്തിൽ യാതൊരു നടപടിയും സ്വീകരിക്കാറില്ല. പാഴ്‌സൽ ഭക്ഷണമാണ് വനത്തിലെ റോഡിലും വനത്തിനുള്ളിലും പ്ലാസ്റ്റിക്കും മാലിന്യവും കുന്നു കൂടാൻ ഇടയാക്കിയത്. ടിക്കറ്റ് കൗണ്ടറിൽ നിന്നും പാസ് എടുക്കുമ്പോൾ അതിന്റെ പ്ലാസ്റ്റിക് കൊണ്ടുപോകാൻ പാടില്ല എന്നുള്ളത് പ്രത്യേകം എഴുതിയിട്ടുണ്ട്. മാലിന്യങ്ങൾ സുരക്ഷിതമായി നിക്ഷേപിക്കാൻ കഴിയുന്ന സംവിധാനങ്ങൾ ഗവിയിലെ കാറ്റിൽ എവിടെയുമില്ല.
പലരും പ്ലാസ്റ്റിക്ക് കുപ്പികളും പുറത്തുനിന്നുള്ള ഭക്ഷണവുമായിട്ടാണ് വനത്തിലേക്ക് കടക്കുന്നത്. പുറത്തു നിന്നുള്ള ഭക്ഷണം ഇങ്ങനെ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനായി വനംവകുപ്പ് കക്കി ഡാമിനടുത്ത് ഭക്ഷണത്തിനു വേണ്ടി പ്രത്യേകം സൗകര്യം ഒരുക്കുകയും ചെയ്തു. പുറത്തു നിന്നുള്ള ചിലർ ഭക്ഷണസാധനം സഞ്ചാരികളുടെ മേൽ അടിച്ചേൽപ്പിച്ച് വിടുകയാണ്. ഇത് വനം വകുപ്പും ശുചിത്വ മിഷനും നിയന്ത്രിച്ചാൽ വനത്തിൽ കുന്നു കൂടുന്ന മാലിന്യം ഒഴിവാക്കാൻ സാധിക്കുമെന്ന് നാട്ടുകാർ പറയുന്നു. സഞ്ചാരികൾ ഇത് വാങ്ങിക്കൊണ്ടുപോകുമ്പോൾ വഴിയിലിരുന്ന് കഴിക്കും. എന്നിട്ട് ബാക്കി വരുന്നത് വനത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഭക്ഷണ മാലിന്യം കഴിക്കാനായി വന്യമൃഗങ്ങൾ റോഡിലേക്ക് ഇറങ്ങി വരുന്നതും പതിവാണ്. ഉപ്പ് ചേർന്ന ഭക്ഷണം ആയതുകൊണ്ട് തന്നെ മൃഗങ്ങൾക്ക് ഇതിനോട് താല്പര്യം കൂടുതലാണ്.
പുറത്തു നിന്നുള്ള ഭക്ഷണവും പ്ലാസ്റ്റിക്കും നിരോധിക്കണം എന്നുള്ളത് നേരത്തെ മുതൽ ഉയർന്ന ആവശ്യമാണ്. പലതവണ ഗവിയിലും പുറത്തും ഇത് സംബന്ധിച്ച് ബോധവൽക്കരണ ക്ലാസുകൾ എടുത്തതാണ്. എന്നിട്ടും നിർബാധം മാലിന്യം വലിച്ചെറിയുന്നത് തുടരുന്നു. റോഡിലും വനത്തിലും മാലിന്യം വലിച്ചെറിയുന്നതിന് കടുത്ത ശിക്ഷയാണ്. സർക്കാർ ഇക്കാര്യത്തിൽ കർശന നിലപാടും നടപടിയുമാണ് കൈക്കൊണ്ടിട്ടുള്ളത്. മാലിന്യ നിക്ഷേപത്തിന്റെ ചിത്രം എടുത്തയച്ചാൽ ഇട്ടയാൾക്ക് പിഴയും ലഭിക്കും. പലയിടത്തും ക്യാമറ ഇല്ലാത്തതാണ് മാലിന്യം വലിച്ചെറിയുന്നതിന് കാരണം. വനംവകുപ്പിന്റെയും ഇലക്ര്ടിസിറ്റി ബോർഡിന്റെയും ഡാമുകൾക്ക് സമീപം കാമറകൾ ഉണ്ട്. പ്ലാസ്റ്റിക്ക് പാത്രത്തിലോ കവറിലോ ഭക്ഷണസാധനങ്ങൾ കൊടുക്കാൻ പാടില്ലെന്ന് അടുത്തകാലത്തും വനംവകുപ്പ് വിലക്കിയിരുന്നു. ഇതൊന്നും നടപ്പാകുന്നില്ലെന്ന് മാത്രം. വനത്തിൽ മാലിന്യമിടുന്നതിന് 5000 മുതൽ അര ലക്ഷം രൂപ വരെയാണ് ഈടാക്കുന്നത്. മിക്ക ദിവസവും മൂഴിയാർ ഡാം മുതൽ കൊച്ചു പമ്പ വരെ റോഡരികിൽ വ്യാപകമായ രീതിയിലാണ് ഭക്ഷണ മാലിന്യം വലിച്ചെറിയുന്നത്.
പുറത്തു നിന്നുള്ള ഭക്ഷണവും പ്ലാസ്റ്റിക്കും കർശനമായി ഗവി പോലെയുള്ള പരിസ്ഥിതി ലോലമായ സ്ഥലത്ത് വിലക്കണം എന്നുള്ളത് നേരത്തെ മുതലുള്ള ആവശ്യമാണ്. ഭക്ഷണം കഴിക്കുവാനുള്ള സ്ഥലങ്ങൾ നിശ്ചയിക്കണം. അവിടങ്ങളിൽ മാലിന്യം നിക്ഷേപിക്കുവാനുള്ള സംവിധാനങ്ങൾ ഒരുക്കണം . ഇതൊക്കെ ആരോട് പറയാൻ ?
,


