പൾസ് പോളിയോ ഇമ്മ്യൂണൈസേഷന് തുടക്കമായി ; കേരളത്തിൽ ശിശുമരണനിരക്ക് ചരിത്രത്തിൽ ഏറ്റവും കുറവെന്ന് മന്ത്രി വീണ ജോർജ്

Health Pathanamthitta
Print Friendly, PDF & Email

കോഴഞ്ചേരി – കേരള ചരിത്രത്തിലെ ശിശുമരണനിരക്ക് ഇത്രയധികം കുറവ് രേഖപ്പെടുത്തിയിട്ടുള്ള കാലം മുന്‍പ് ഉണ്ടായിട്ടില്ലന്നും, കുട്ടികളെ രോഗങ്ങളില്‍നിന്നും മുക്തരാക്കുക, അതിനുള്ള പ്രതിരോധശേഷി ഉള്ളവരാക്കുക എന്നതുമാണ് വളരെ പ്രധാനമാണെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കോഴഞ്ചേരി ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ സംഘടിപ്പിച്ച പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. സംസ്ഥാനത്തെ ശിശുമരണ നിരക്ക് അഞ്ചാണെന്നും നവജാതശിശുമരണ നിരക്ക് മൂന്നിനും നാലിനും ഇടക്കാണെന്നും അത് വീണ്ടും കുറക്കാനുള്ള ശ്രമമാണ് നടന്നുവരുന്നതെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യപ്രവര്‍ത്തകരുടെ അക്ഷീണമായ പ്രവര്‍ത്തനവും ജനപ്രതിനിധികളടക്കമുള്ള പൊതുസമൂഹവും ഇതിനായി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ഇടുക്കി ഒഴികെയുള്ള 13 ജില്ലകളിലെ 3 ദിവസം പ്രായമായ കുഞ്ഞുങ്ങള്‍ക്ക് ഉള്‍പ്പെടെ അഞ്ച് വയസുവരെയുള്ള 21,11,010 കുഞ്ഞുങ്ങള്‍ക്കാണ് പ്രത്യേകം സജ്ജീകരിച്ച 22,383 പോളിയോ ബൂത്തുകള്‍ വഴി തുളളിമരുന്ന് നല്‍കുക.

ഇന്നലെ നല്‍കാന്‍ കഴിയാത്ത കുഞ്ഞുങ്ങള്‍ക്ക് നാളെയും മറ്റന്നാളുമായി വോളണ്ടിയര്‍മാര്‍ വീടുകളില്‍ എത്തി തുള്ളിമരുന്ന് നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോര്‍ജ് എബ്രഹാം അധ്യക്ഷത വഹിച്ചു. ആരോഗ്യവകുപ്പ് ഡയറക്ടര്‍ ഡോ. കെ.ജെ റീന, ലോകാരോഗ്യ സംഘടനാ പ്രതിനിധികളായ ഡോ. ആശാ രാഘവന്‍, ഡോ. സൈറ ഭാനു, ആരോഗ്യവകുപ്പ് അഡിഷണല്‍ ഡയറക്ടര്‍ ഡോ. വി. മീനാക്ഷി തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *