പത്തനംതിട്ട – കഴിഞ്ഞ നാലു ദിവസമായി ഫയർ ഫോഴ്സ് സ്കൂബ ടീം അച്ചൻകോവിലാറ്റിൽ തിരച്ചിലിലായിരുന്നു. കൈപ്പട്ടൂർ പാലത്തിൽ നിന്ന് ആറ്റിൽ ചാടി കാണാതായ പെൺകുട്ടിക്ക് വേണ്ടിയുള്ള തെരച്ചിലിൽ ആയിരുന്നു ടീം. ഇന്നലെ രാവിലെ പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തു. പിന്നാലെ റാന്നിയിൽ നിന്ന് വിളിയെത്തി പമ്പയാറ്റിൽ കുളിക്കാനിറങ്ങിയ യുവാവ് ഒഴുക്കിൽപ്പെട്ടു എന്ന്. അതേ ടീം അങ്ങോട്ടേക്ക്.. അതും കണ്ടെടുത്തിന് പിന്നാലെ അച്ചൻകോവിലാറ്റിൽ ശനിയാഴ്ച രാത്രി ചാടിയ യുവാവിന് വേണ്ടി തെരച്ചിൽ തുടങ്ങി. വൈകിട്ട് അഞ്ചു മണിയോടെ ആ മൃതദേഹവും കിട്ടി. കൈപ്പട്ടൂർ പാലത്തിൽ നിന്ന് അച്ചൻകോവിലാറ്റിലേക്ക് ചാടിയ വിദ്യാർത്ഥിനിയുടെ മൃതദേഹം നാലാം ദിവസമാണ് ഫയർഫോഴ്‌സ് സ്‌കൂബ ടീം കണ്ടെടുത്തത്.
ചന്ദനപ്പള്ളി നല്ലാനിക്കുന്ന് വീട്ടിൽ സന്തോഷ് – ജയശ്രീ ദമ്പതികളുടെ മകൾ സന്ധ്യ (17)യുടെ മൃതദേഹമാണ് ഇന്നലെ രാവിലെ പത്തു മണിയോടെ ഓമല്ലൂർ ആറാട്ടുകടവിന് ഒരു കിലോമീറ്റർ താഴെ മുളങ്കൂട്ടത്തിൽ കുടുങ്ങിയ നിലയിൽ സ്‌കൂബ ടീം കണ്ടെടുത്തത്. എട്ടിന് രാത്രി എട്ടു മണിയോടെയാണ് പാലത്തിൽ നിന്ന് പെൺകുട്ടി ആറ്റിലേക്ക് ചാടിയത്. ചാടുന്നതിന് മുൻപായി വീട്ടിലേക്ക് വിളിച്ച് താൻ ചാടാൻ പോകുന്ന വിവരം പറഞ്ഞിരുന്നു. ഇതറിഞ്ഞ് കൈപ്പട്ടൂരിൽ തന്നെയുണ്ടായിരുന്ന പിതാവ് ഓടിയെത്തി പാലത്തിന് താഴെ ചാടിയിറങ്ങി. ഇദ്ദേഹത്തിന് കാലിന് പരുക്കേറ്റു. പാലത്തിന് സമീപം താമസിക്കുന്നയാളാണ് കുട്ടി ചാടിയെന്ന് വിവരം സ്ഥിരീകരിച്ചത്. മൈലപ്ര ഐടിഐയിൽ ഡീസൽ മെക്കാനിക്ക് കോഴ്‌സിന് പഠിക്കുകയായിരുന്നു സന്ധ്യ. ചന്ദനപ്പളളിയിൽ നിന്ന് ഓട്ടോയിൽ എത്തിയാണ് പാലത്തിൽ നിന്ന് ചാടിയതെന്ന് പറയുന്നു. അന്ന് രാത്രി 10 മണി വരെ ഫയർഫോഴ്‌സ് സ്‌കൂബ ടീം തെരച്ചിൽ നടത്തിയിരുന്നു.
തുടർന്നുള്ള ദിവസങ്ങളിലും രാവിലെ തൊട്ട് രാത്രി വരെ അരിച്ചു പെറുക്കിയിട്ടും മൃതദേഹം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ ദേശീയ ദുരന്തസേനയുടെ ഒരു യൂണിറ്റും തെരച്ചിലിന് എത്തിയിരുന്നു. ബോട്ട് ഉപയോഗിച്ച് വെള്ളം ഇളക്കിയുള്ള പരിശോധനയാണ് കഴിഞ്ഞ ദിവസങ്ങളിലും ഇന്നലെ രാവിലെയും നടന്നത്. ഇതു കാരണമാകാം മൃതദേഹം പൊങ്ങി മുളങ്കൂട്ടത്തിൽ തങ്ങി നിന്നത്. 38 മണിക്കൂറിന് ശേഷവും മൃതദേഹം കിട്ടാതെ വന്നപ്പോൾ പെൺകുട്ടി രക്ഷപ്പെട്ടുവെന്ന വാർത്തയും പടർന്നിരുന്നു.
മൂന്നു ദിവസം കഴിഞ്ഞിട്ടും മൃതദേഹം കിട്ടാതെ വന്നതോടെ ദേശീയ ദുരന്ത നിവാരണ സേന വരണമെന്ന് വിവിധ ഭാഗങ്ങളിൽ നിന്ന് മുറവിളി ഉയർന്നു. ഇതേ തുടർന്ന് ഇന്നലെ രാവിലെ സേനയുടെ ഒരു യൂണിറ്റ് തെരച്ചിലിന് വന്നു. എന്നാൽ, സ്‌കൂബ ടീം തന്നെയാണ് മൃതദേഹം കണ്ടെടുത്തത്. ജില്ലാ ആസ്ഥാനത്തെ സ്‌കൂബ ടീം മികച്ച പ്രവർത്തനമാണ് കാഴ്ച വച്ചു കൊണ്ടിരിക്കുന്നത്. പുതിയ ജില്ലാ ഓഫീസർ വിസി വിശ്വനാഥ് ചുമതലയേറ്റ ശേഷം കണ്ണൂരിൽ നിന്നും സ്‌കൂബ പരിശീലനം പൂർത്തിയാക്കിയ മൂന്നുപേരെ വർക്കിങ് അറേജ്‌മെന്റിൽ ഇവിടെ എത്തിച്ചിട്ടുണ്ട്. ഇത് പത്തനംതിട്ട സ്‌കൂബ ടീമിന് ശക്തി പകർന്നു. സാധാരണ ഒരാളെ വെള്ളത്തിൽ കാണാതായാൽ നിശ്ചിത മണിക്കൂറിന് ശേഷം കണ്ടെത്തും. സ്‌കൂബ ടീമിന്റെ ജോലി കാണാതായി ചുരുങ്ങിയ സമയത്തിനുള്ളിൽ ആളെ വീണ്ടെടുക്കുക എന്നതാണ്. എന്നാൽ, സ്‌കൂബ ടീമിന്റെ പ്രവർത്തനങ്ങളുടെ ശോഭ കെടുത്തുന്ന തരത്തിലുള്ള നടപടി ക്രമങ്ങൾ ഉണ്ടാകുന്നതായി പരാതി ഉയരുന്നുണ്ട്. നേരത്തോട് നേരം കഴിയുമ്പോൾ മൃതദേഹം വെള്ളത്തിൽ നിന്ന് പൊന്തി വരും. ഈ സമയം നോക്കി ചില സന്നദ്ധ സംഘടനകൾ മൃതദേഹം തെരയാനിറങ്ങും. ചിലപ്പോൾ ഇവർക്കാകും മൃതദേഹം കണ്ടെടുക്കാൻ കഴിയുക. അതോടെ ദിവസങ്ങളായി വെള്ളത്തിൽ തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുന്ന ഫയർഫോഴ്‌സ് ടീമിനെ ഇടിച്ചു താഴ്ത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചാരണമുണ്ടാകും. ഇത്തരം പ്രചാരണങ്ങൾ സേനയുടെ ആത്മവിശ്വാസത്തെ ബാധിക്കുന്ന തരത്തിൽ ചിലപ്പോൾ വളരുകയും ചെയ്യുന്നുണ്ട്. ദേശീയ ദുരന്ത നിവാരണ സേനയും വൈകിയാണ് ഇത്തരം സ്ഥലങ്ങളിൽ എത്താറുള്ളത്. ഫയർ ഫോഴ്‌സ് യൂണിറ്റ് പരിശ്രമിച്ചതിന് ശേഷം കിട്ടിയില്ലെങ്കിൽ മാത്രമാകും സേന എത്തുക.
എന്നാൽ, അഗ്നിരക്ഷാസേന രാപകൽ ഭേദമന്യേ തെരച്ചിൽ തുടരുകയാണ് ചെയ്യാറുള്ളത്. ഫയർഫോഴ്‌സ് ഒരിക്കലും മൃതദേഹം പൊങ്ങുന്നത് വരെ കാത്തിരിക്കുന്നതിനു വേണ്ടി ശ്രമിക്കാറില്ലെന്ന് അനുഭവസ്ഥർ പറയുന്നു. ഇന്നലെ രാവിലെ കൈപ്പട്ടൂരിൽ നിന്ന് പെൺകുട്ടിയുടെ മൃതദേഹം കണ്ടെടുത്തതിന് പിന്നാലെ റാന്നി ഭാഗത്ത് പമ്പയാറ്റിൽ ആൾ ഒഴുക്കിൽപ്പെട്ടെന്ന് സന്ദേശമെത്തി. ഉച്ചയ്ക്ക് 12.30 ന് മൃതദേഹം കണ്ടെടുത്തു. അപ്പോഴാണ് പത്തനംതിട്ട കൊടുന്തറ ഭാഗത്ത് അച്ചൻകോവിലാറ്റിൽ യുവാവ് ചാടിയതായി സംശയിക്കുന്നുവെന്ന വിവരം കിട്ടിയത്. ഉടൻ തന്നെ ടീം അവിടെയെത്തി നടത്തിയ മാരത്തൺ തെരച്ചിലിൽ വൈകിട്ട് അഞ്ചു മണിയോടെ മൃതദേഹം കണ്ടെടുത്തു. കൊടുന്തറ പടിഞ്ഞാറേ പഴന്തറ അപ്പാർട്ട്‌മെന്റിൽ താമസിക്കുന്ന കരിമാൻതോട് സ്വദേശി നന്ദു പ്രസാദി(22)ന്റെ മൃതദേഹമാണ് ഞായർ ഉച്ചയോടെ താഴൂർക്കടവ് ഭാഗത്ത് നിന്ന് കണ്ടെത്തിയത്.

ഇന്ന് അൽപ്പം മുമ്പ് റാന്നി ആയിരൂർ, കാഞ്ഞൂറ്റ് കടവ് ഭാഗത്തു ഒരാളെ വെള്ളത്തിൽ കാണാതായി എന്ന അറിയിപ്പ് കിട്ടിയതിനെത്തുടർന്ന് പത്തനംതിട്ട, റാന്നി ഫയർ ഫോഴ്സ് സ്കൂബ ടീം സംയുക്തമായി തിരച്ചിൽ നടത്തുന്നു.


