സന്നിധാനത്ത് സദാ ജാഗ്രതയോടെ അഗ്നിരക്ഷാസേന

Kerala Pathanamthitta
Print Friendly, PDF & Email

സന്നിധാനം – ശബരിമലയിൽ തിരക്ക് വർധിച്ചു വരുന്ന സാഹചര്യത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനായി സദാ ജാഗരൂകരാണ്
അഗ്‌നിരക്ഷാസേന. മണ്ഡലകാലം തുടങ്ങിയതു മുതൽ അപകടങ്ങൾ ഒഴിവാക്കുന്നതിനായി വിവിധരീതിയിലുള്ള 190 ഓളം ഇടപെടലുകൾ നടത്തിയതായി ജില്ല ഫയർ ഓഫീസർ കെ. ആർ. അഭിലാഷ് അറിയിച്ചു.

നടപ്പന്തൽ, മരക്കൂട്ടം, ശരംകുത്തി, കെഎസ്ഇബി പോയിന്റ്, കൊപ്രാക്കളത്തിന് സമീപം, മാളികപ്പുറം, ഭസ്മക്കുളം, പാണ്ടിത്താവളം എന്നിവിടങ്ങളിലെ ഫയർ പോയിന്റുകളിലായി 24 മണിക്കൂറും സുരക്ഷ ഉറപ്പാക്കുന്നു. 75 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരും 11 സിവിൽ ഡിഫൻസ് വോളന്റിയർമാരും ഒരു ഹോം ഗാർഡും 9 ഫയർ പോയിന്റുകളിലായി പ്രവർത്തിക്കുന്നു. അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിനായി കൺട്രോൾ റൂമിൽ മൂന്നും ഓരോ ഫയർ പോയിന്റുകളിലും രണ്ടുവീതവും സ്ട്രെച്ചറുകളും മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും സജ്ജമാക്കിയിട്ടുണ്ട്. ശുചീകരണ പ്രവർത്തനങ്ങളിലും ഫയർഫോഴ്‌സ് സേവനം നൽകുന്നു. സന്നിധാനം, മാളികപ്പുറം എന്നിവിടങ്ങളിൽ പൊടി നീക്കം ചെയ്യുന്നതിനും സന്നിധാനത്തെ ആഴിക്കു സമീപം ചൂട് കുറയ്ക്കാനും വാട്ടർ സ്പ്രേ ചെയ്യുന്നു.

പമ്പയിൽ 80 അഗ്‌നിരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പമ്പയിലെ സ്നാനക്കടവിൽ പ്രത്യേക പരിശീലനം ലഭിച്ച അഞ്ച്് സ്‌കൂബാ ഡൈവിംഗ് അംഗങ്ങളും സേവനസജ്ജരായുണ്ട്. സന്നിധാനത്തെ ആഴിക്കുസമീപമാണ് അഗ്‌നിരക്ഷാസേനയുടെ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. അടിയന്തര സാഹചര്യങ്ങളിൽ സേവനത്തിനായി 0473 5202033 എന്ന നമ്പറിൽ വിളിക്കാം.

Leave a Reply

Your email address will not be published. Required fields are marked *