പത്തനംതിട്ട – സെപ്റ്റംബർ 17 ന് ആരംഭിച്ച് ഒക്ടോബർ 02 ഗാന്ധി ജയന്തി ദിനത്തിൽ അവസാനിക്കുന്ന കേന്ദ്ര ജലശക്തി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിൽ നടക്കുന്ന സ്വച്ഛ്താ ഹി സേവ 2025 ക്യാമ്പയിൻ പ്രവർത്തനങ്ങളിൽ സജീവമായി രംഗത്ത് ഇറങ്ങി പത്തനംതിട്ട ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ. ജില്ലയിലെ 53 ഗ്രാമപഞ്ചായത്തുകളിലും എട്ട് ബ്ലോക്ക് പഞ്ചായത്തുകളിലും ക്യാമ്പയിന്റെ ഭാഗമായി ഇവന്റ് ലോഞ്ചുകൾ നടന്നു. എല്ലായിടത്തും ജില്ലയിലെ തദ്ദേശ സ്ഥാപന അധ്യക്ഷന്മാരാണ് ഇവന്റ് ലേഞ്ചിന് നേതൃത്വം നൽകിയത്.
ഇവന്റ് ലേഞ്ചിന് പിന്നാലെ ഡോർ ടു ഡോർ ക്യാമ്പയിൻ, ശുചീകരണ തൊഴിലാളികൾക്കും ഹരിതകർമ്മ സേന അംഗങ്ങൾക്കുളള മെഡിക്കൽ ക്യാമ്പുകൾ, ഭക്ഷണ ശാലകളിലെ ബോധവൽക്കരണ പ്രവർത്തനങ്ങൾ, ശുചിത്വ റാലികൾ തുടങ്ങിയവ സംഘടിപ്പിക്കും. ക്യാമ്പയിൻ അവസാനിക്കുന്ന ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് സ്വച്ഛ് ഭാരത് ദിവസായി ജില്ലയിലെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ജില്ലാ ശുചിത്വ മിഷനും ആചരിക്കും.



