തിരുവല്ല – മിനിഞ്ഞാന്ന് (22-9-25) വൈകിട്ട് 4.30 ഓടെ കുറ്റൂർ ബസ്‌റ്റോപ്പിൽ വച്ചാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോട്ടയം ചെങ്ങന്നൂർ റോഡിൽ സർവ്വീസ് നടത്തുന്ന കോട്ടയം ഡിപ്പോയിലെ ബസ്സിന് നേരെയാണ് കല്ലേറ് ഉണ്ടായത്. ടിക്കറ്റിന് നൽകിയതിൻ്റെ ബാക്കി 7 രൂപ നൽകാൻ കണ്ടക്ടർ താമസം വരുത്തിയതാണ് പ്രതിയെ പ്രകോപിതനാക്കിയത്. കുറ്റൂർ ബസ്‌റ്റോപ്പിൽ ഇറങ്ങിയ പ്രതി അവിടെക്കിടന്ന ഒരു കല്ലെടുത്ത് ബസ്സിൻ്റെ പിൻ ഗ്ലാസ് എറിഞ്ഞ് പൊട്ടിക്കുകയായിരുന്നു. തുടർന്ന് കണ്ടക്ടർ സിജോ എം ഡാനിയേൽ തിരുവല്ല പോലീസ് റ്റേഷനിൽ എത്തി പരാതി നൽകി. തിരുവല്ല സി ഐ , എസ് സന്തോഷിൻ്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതി കുന്നന്താനം ആഞ്ഞിലിത്താനം സ്വദേശി രതീഷ് (47) നെ കുറ്റുരിൽ നിന്നും കസ്റ്റഡിയിലെടുത്തു. ബസ്സിൻ്റെ ട്രിപ്പ് മുടങ്ങിയതിനാലും ഗ്ലാസ് തകർന്നതിനാലും 30,000 രൂപയുടെ നഷ്ടമുണ്ടായെന്ന് കെ എസ് ആർ ടി സി അധികൃതർ അറിയിച്ചു. പ്രതി രതീഷ് തിരുവല്ല പൊലീസ്റ്റേഷനിൽ മൂന്നും, കീഴ്വായിപ്പുർ സ്റ്റേഷനിൽ ഒന്നും ഉൾപ്പടെ നാല് ക്രിമിനൽ കേസുകളിൽ പ്രതിയാണ്. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.


