നെടുമ്പ്രത്ത് വ്യാപകമോഷണ ശ്രമം : മൂന്നു മാസത്തിനിടെ ഇതു പത്താം തവണ വീടുകൾ കുത്തിത്തുറന്നു

Crime

തിരുവല്ല:- കള്ളന്മാരുടെ പേടിയിൽ നെടുമ്പ്രം ഗ്രാമ നിവാസികൾ. ഞായറാഴ്ച പുലർച്ചെ നെടുമ്പ്രം അന്തിച്ചന്തയ്ക്ക് സമീപത്തെ രണ്ടു വീടുകളുടെ മുൻ വാതിൽ കുത്തി തുറന്ന് മോഷണം നടന്നു. അടച്ചിട്ട വീട്ടിലും ആൾതാമസമുള്ള വീട്ടിലും ആണ് മോഷണം നടന്നത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ പത്താമത്തെ മോഷണമാണ് ഈ പ്രദേശത്ത് നടക്കുന്നത്. നെടുമ്പ്രം മുക്കാട്ട് സഫിയ നൗഷാദ്, ആറ്റുമാലിൽ വീട്ടിൽ അന്തരിച്ച ന്യൂറോ സർജൻ ആയ ഡോ. സജീവ് തോമസ് എന്നിവരുടെ വീടുകളാണ് കുത്തി തുറന്നത്. സഫിയ നൗഷാദിന്റെ വീട്ടിൽ നിന്നും വിലപിടിച്ചതൊന്നും നഷ്ടമായിട്ടില്ല. സജീവ് തോമസിന്റെ മക്കൾ എത്തിയാൽ മാത്രമേ എന്തൊക്കെ നഷ്ടമായി എന്നത് വ്യക്തമാകു.

പുലർച്ചെ രണ്ടരയോടെയാണ് സഫിയ നൗഷാദിന്റെ വീടിന്റെ മുൻവശത്തെ വാതിൽ കുത്തി തുറന്ന് മോഷ്ടാവ് അകത്തുകടന്നത്. ഒന്നാം നിലയിലെ അകത്തു നിന്നും പൂട്ടിയ മുറിയിൽ ഉറങ്ങുകയായിരുന്ന വീട്ടമ്മ സഫിയ താഴെയുള്ള നിലയിലെ മുറിയുടെ അലമാര തുറക്കുന്ന ശബ്ദം കേട്ട് ഉണർന്നു. അല്പ സമയത്തിനകം സഫിയ ഉറങ്ങിയിരുന്ന മുറിയുടെ കതക് പുറത്തുനിന്നും തുറക്കാൻ മോഷ്ടാവ് ശ്രമിച്ചു. അകത്തുനിന്നും ലോക്ക് ചെയ്തിരിക്കുകയാണെന്നും പോലീസിൽ വിവരം അറിയിച്ചിട്ടുണ്ടെന്നും സഫിയ ഉച്ചത്തിൽ വിളിച്ചുപറഞ്ഞു.

പിന്നാലെ സമീപത്ത് താമസിക്കുന്ന മകളെ ഫോണിൽ വിവരം അറിയിച്ചു. മകളും ഭർത്താവും എത്തുമ്പോഴേക്കും മോഷ്ടാവ് കടന്നുകളഞ്ഞു. സജീവ് തോമസിന്റെ വീടിന്റെ മുൻപിലെ സിസിടിവിയിൽ നിന്നും മൂന്നു മണിയോടെ കമ്പിപ്പാരയും വെട്ടുകത്തിയുമായി നടന്നു പോകുന്ന മോഷ്ടാവിന്റെ ദൃശ്യം ലഭ്യമായിട്ടുണ്ട്. സംഭവം അറിഞ്ഞ് പുളിക്കീഴ് പോലീസ് സ്ഥലത്ത് എത്തി പ്രാഥമിക തെളിവുകൾ ശേഖരിച്ചിട്ടുണ്ട്. ഉച്ചയോടെ വിരലടയാള വിദഗ്ധർ എത്തുമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ മൂന്നു മാസത്തിനിടെ നടന്ന 10 മോഷണങ്ങളിൽ ഒരു പ്രതിയെ പോലും പിടികൂടാൻ പോലീസിനെ സാധിച്ചില്ല എന്ന ആരോപണം നാട്ടുകാർക്കിടയിൽ ശക്തമാണ്.

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *