പത്തനംതിട്ട – പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെ കേരളത്തിലെ സർക്കാർ വിദ്യാലയങ്ങളെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രമാടം സർക്കാർ എൽ പി സ്കൂളിന്റെ പുതിയ കെട്ടിടോദ്ഘാടനം സ്കൂൾ അങ്കണത്തിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. വിദ്യാലയങ്ങൾ കേവലം കെട്ടിടങ്ങളല്ല, നാളത്തെ തലമുറയെ വാർത്തെടുക്കുന്ന മികവിന്റെ കേന്ദ്രങ്ങളാണ്. ഭൗതിക സാഹചര്യങ്ങൾക്കൊപ്പം പഠനനിലവാരം മെച്ചപ്പെടുത്തുന്നതിനും സർക്കാർ പ്രാധാന്യം നൽകുന്നു. ഒന്നു മുതൽ പത്ത് വരെയുള്ള ക്ലാസ്സുകളിലെ പാഠപുസ്തകങ്ങൾ സമഗ്രമായി പരിഷ്കരിച്ചു. കുട്ടികൾക്ക് മാതൃഭാഷയുടെ അടിസ്ഥാനം നഷ്ടപ്പെടാതിരിക്കാൻ മലയാളം അക്ഷരമാലയും രാജ്യത്തിന്റെ ആത്മാവായ ഭരണഘടനയുടെ ആമുഖവും പാഠപുസ്തകങ്ങളുടെ ഭാഗമാക്കി. ഹയർസെക്കൻഡറി പാഠപുസ്തകങ്ങൾ പരിഷ്കരിക്കുന്നതിനുള്ള നടപടി അതിവേഗം പുരോഗമിക്കുന്നു. കുട്ടികളുടെ സർഗാത്മകവും കായികവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കേണ്ടത് സമൂഹത്തിന്റെ ആവശ്യമാണെന്ന കാഴ്ചപ്പാടിലാണ് സ്കൂൾ കലോത്സവ മാനുവൽ പരിഷ്കരിച്ചത്. ഗോത്രവർഗ കലാരൂപങ്ങൾ കലോത്സവത്തിന്റെ ഭാഗമാക്കിയതിലൂടെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന്റെ തനത് കലകളെ മുഖ്യധാരയിലേക്ക് കൊണ്ടുവന്നു. സ്കൂൾ ഒളിമ്പിക്സ് എന്ന ആശയം കായികരംഗത്ത് വലിയ മാറ്റത്തിന് തുടക്കം കുറിച്ചു. ഇൻക്ലൂസീവ് സ്പോർട്സ് എന്ന ആശയത്തിലൂടെ ഭിന്നശേഷി വിദ്യാർഥികളെയും ഒളിമ്പിക്സിന്റെ ഭാഗമാക്കാനായെന്നും മന്ത്രി പറഞ്ഞു.
അടിസ്ഥാന സൗകര്യ വികസനത്തിലൂടെ സർക്കാർ സ്കൂളിലേക്ക് എത്തിച്ചേരുന്ന വിദ്യാർഥികളുടെ എണ്ണം വർധിച്ചതായി അധ്യക്ഷൻ എംഎൽഎ കെ യു ജനീഷ് കുമാർ പറഞ്ഞു. പ്രമാടം ഗ്രാമപഞ്ചായത്തിൽ വിദ്യാഭ്യാസം, ആരോഗ്യം, റോഡ് തുടങ്ങി എല്ലാ മേഖലയിലും വികസനം നേടിയെന്നും അദ്ദേഹം പറഞ്ഞു. അങ്കണവാടി മുതൽ ഉന്നത വിദ്യാഭ്യാസം വരെ ഒരുപോലെ മെച്ചപ്പെടുത്താൻ ആരംഭിച്ച കോന്നി എം.എൽ.എയുടെ ‘ഉയരെ’ പദ്ധതിയുടെ ഭാഗമായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് ഒരു കോടി രൂപ വിനിയോഗിച്ചാണ് സ്കൂൾ കെട്ടിടം നിർമിച്ചത്. രണ്ടു നിലകളിലായി 3979 ചതുരശ്ര അടിയിൽ ആറ് ക്ലാസ് മുറികൾ, ഹാൾ, ശൗചാലയം എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. തദ്ദേശ എഞ്ചിനീയറിംഗ് വിഭാഗത്തിനായിരുന്നു നിർമാണ ചുമതല.
ജില്ലാ പഞ്ചായത്ത് അംഗം റോബിൻ പീറ്റർ, കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എം അമ്പിളി, പ്രമാടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ നവനിത്ത്, വൈസ് പ്രസിഡന്റ് മിനി റെജി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ശ്രീകല നായർ, പ്രസന്ന രാജൻ, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ രാജി സി ബാബു, കെഎം മോഹനൻ നായർ, ജി ഹരികൃഷ്ണൻ, അംഗങ്ങളായ വാഴവിള അച്യുതൻ നായർ, ലിജ ശിവപ്രകാശ്, ആനന്ദവല്ലിയമ്മ, തങ്കമണി ടീച്ചർ, അമൃത സജയൻ, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ബി ആർ അനില, ഡിഇഒ അമ്പിളി, എഇഒ ബിജു കുമാർ, ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയർ ടി എ മുഹമ്മദ് ഫൈസൽ, ഉയരെ പദ്ധതി കോർഡിനേറ്റർ രാജേഷ് ആക്ലേത്ത്, സിഡിഎസ് ചെയർപേഴ്സൺ ബിന്ദു അനിൽ, അംഗം ഉഷ ശിവൻ, സ്കൂൾ പ്രധാന അധ്യാപിക പി ആർ ശശികല എന്നിവർ പങ്കെടുത്തു. എൽ എസ് ജി ഡി എക്സിക്യൂട്ടീവ് എഞ്ചിനീയർ ബിന്ദു വേലായുധൻ റിപ്പോർട്ട് അവതരിപ്പിച്ചു.


