പാർട്ടി ആവശ്യപ്പെട്ടാൽ ഡെപ്യൂട്ടി സ്പീക്കർ പദവി ഒഴിയും : നിലവിൽ അതിനുളള സാഹചര്യമില്ലെന്ന് ചിറ്റയം ഗോപകുമാർ.

Kerala Pathanamthitta
Print Friendly, PDF & Email

പത്തനംതിട്ട – സിപിഐ ജില്ലാ സെക്രട്ടറിയായ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ പദവി പാർട്ടി ആവശ്യപ്പെട്ടാൽ ഒഴിയുമെന്നും എന്നാൽ, നിലവിൽ അതിനുള്ള സാഹചര്യമില്ലെന്നും ചിറ്റയം ഗോപകുമാർ പറഞ്ഞു. സ്പീക്കർ മാത്രമാണ് ഭരണഘടനാ പദവിയിലുള്ളത്. സ്പീക്കർ ഒഴിയുന്ന സാഹചര്യത്തിലാണ് ഡെപ്യൂട്ടി സ്പീക്കർക്ക് അധികാരമുണ്ടാകുക. ഡെപ്യൂട്ടി സ്പീക്കർ പദവിയിലിരുന്നു കൊണ്ട് സജീവ രാഷ്ര്ടീയത്തിൽ ഇടപെടരുതെന്ന ഒരു നിർദേശമോ നിയമപരമായ തടസമോ ഇല്ല. എന്നാൽ താൻ ഡെപ്യൂട്ടി സ്പീക്കർ പദവി കൂടി വഹിക്കണമോയെന്ന കാര്യത്തിൽ അന്തിമ തീരുമാനം സി.പി.ഐയുടേതായിരിക്കുമെന്നും ചിറ്റയം പറഞ്ഞു. കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മീറ്റ് ദ പ്രസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

നിലവിൽ ജില്ലയിൽ സി.പി.എം-സി.പി.ഐ സംഘർഷം എങ്ങുമില്ല. യോജിച്ച് തന്നെയാണ് മുന്നോട്ട് പോകുന്നത്. തദ്ദേശ സ്ഥാപന വാർഡുകളുടെ എണ്ണത്തിൽ വർധനയുണ്ടായ സാഹചര്യത്തിൽ എൽ.ഡി.എഫ് സീറ്റ് വിഭജന വേളയിൽ സിപിഐ ആനുപാതിക വർധന ആവശ്യപ്പെടും. തെരഞ്ഞെടുപ്പിൽ സി.പി.ഐക്ക് കൂടുതൽ ജനപ്രതിനിധികളെ സൃഷ്ടിക്കുന്നതിനൊപ്പം എൽ.ഡി.എഫിനും അംഗബലം കൂടണം. ജില്ലാ സമ്മേളനത്തോടുകൂടി പാർട്ടിയിലെ തർക്കങ്ങൾ പരിഹരിച്ചു. എല്ലാവരും യോജിച്ചാണ് പോകുന്നത്. മെമ്പർഷിപ്പിലെ കുറവ് പരിശോധിക്കും. ജില്ലയ്ക്കു പുറത്തു നിന്നുള്ളയാളാണ് ജില്ലാ സെക്രട്ടറി എന്ന ആക്ഷേപത്തിന് കഴമ്പില്ല. താൻ വർഷങ്ങളായി പത്തനംതിട്ട ജില്ലക്കാരനാണ്. തന്റെ വോട്ടും റേഷൻ കാർഡും ആധാർ കാർഡുമെല്ലാം അടൂരിൽ തന്നെയാണ്. എ. പി. ജയൻ ജില്ലാ സെക്രട്ടറി സ്ഥാനം രാജിവച്ചതുമായി ബന്ധപ്പെട്ട വിഷയത്തെക്കുറിച്ച് കൂടുതൽ അറിയില്ലെന്നും ചിറ്റയം പറഞ്ഞു. ഈ സമയത്ത് തനിക്ക് കൊല്ലം ജില്ലയുടെ സംഘടനാ ചുമതലയായിരുന്നതിനാൽ പത്തനംതിട്ടയിലെ ചർച്ചകളിൽ പങ്കാളിയായിരുന്നില്ല. അടൂർ മണ്ഡലത്തിൽ തുടർന്ന് മൽസരിക്കുന്നതു സംബന്ധിച്ചു പാർട്ടിയാണ് തീരുമാനിക്കേണ്ടതെന്നും ചിറ്റയം പറഞ്ഞു.

ജില്ലയുടെ കാർഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതിന് ശക്തമായ ഇടപെടൽ ഉണ്ടാകും. മലയോരമേഖലയിൽ വന്യജീവി ആക്രമണവും നാട്ടിൻപുറങ്ങിൽ പന്നിശല്യവും വർധിച്ചു വരികയാണ്. കേന്ദ്ര നിയമങ്ങൾ ഇതിനു തടസമായി നിൽക്കുകയാണന്നും വേണ്ടിവന്നാൽ പ്രക്ഷോഭപരിപാടി സംഘടിപ്പിക്കുമെന്നും ചിറ്റയം പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്രജീവിയായി പ്രഖ്യാപിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നിരന്തരമായ സമ്മർദം ചെലുത്തിയിട്ടും കേന്ദ്ര തീരുമാനത്തിൽ മാറ്റമുണ്ടായില്ല. പന്നിയുടെ ശല്യം കാരണം കാർഷിക മേഖല പൊറുതിമുട്ടിയിരിക്കുകയാണ്. കാർഷിക വിളകൾക്കു സംരക്ഷണം നൽകിയില്ലെങ്കിൽ ഉത്പാദന മേഖലയിൽ ഇടിവുണ്ടാകും. പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾക്കും പരിഹാരം കാണേണ്ടതുണ്ട്.

ജില്ലയിൽ അർഹരായവർക്കെല്ലാം പട്ടയം നൽകണമെന്നതാണ് എൽഡിഎഫ് നയം. ഇതിനാവശ്യമായ നടപടികൾക്ക് വേഗം കൈവന്നിട്ടുണ്ട്. പട്ടയം വിതരണവുമായി ബന്ധപ്പെട്ട് നിരന്തരമായ ഇടപെടലാണ് സർക്കാർ നടത്തിവരുന്നത്. കേന്ദ്രാനുമതി അടക്കം ലഭ്യമാകേണ്ട പട്ടയങ്ങളുടെ വിതരണമാണ് വൈകുന്നത്.

മുമ്പെങ്ങും ഇല്ലാത്ത വികസനം എൽഡിഎഫ് ഭരണത്തിൽ ജില്ലയിൽ നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ട്. ജില്ലാ കേന്ദ്രത്തിൽ ആർട്ട് ഗാലറിയും സാംസ്‌കാരിക സമുച്ചയവും അത്യാവശ്യമാണ്. ഇത് നടപ്പാക്കാൻ പരിശ്രമിക്കുമെന്നും ചിറ്റയംഗോപകുമാർ പറഞ്ഞു. അബാൻ മേൽപാലം നിർമാണം വൈകുന്നതു സംബന്ധിച്ച ആക്ഷേപത്തെക്കുറിച്ച് പഠിച്ചു പ്രതികരിക്കാമെന്നും അദ്ദേഹം അഭിപ്രയപ്പെട്ടു. യൂണിയൻ പ്രസിഡന്റ് ബിജു കുര്യൻ സ്വാഗതവും സെക്രട്ടറി ജി. വിശാഖൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *