മോഷ്ടിച്ചെന്നും പറഞ്ഞു അയൽവാസിയെ വീട്ടിൽക്കയറിയും വഴിയിലിട്ടും മർദ്ദിച്ച അച്ഛനും മകനുമെതിരേ പോലീസ് കേസ് എടുത്തു

Crime
Print Friendly, PDF & Email

ചിറ്റാർ – മോഷണക്കുറ്റം ആരോപിച്ച് അയൽവാസിയെ വീട്ടിൽ കയറിയും വഴിയിൽ തടഞ്ഞു നിർത്തിയും മർദ്ദിക്കുകയും ചെയ്ത അച്ഛനും മകനുമെതിരേ പോലീസ് കേസെടുത്തു. സീതത്തോട് കോടിയാട്ട് ഷിനു, പിതാവ് ലാലിച്ചൻ എന്നിവർക്കെതിരേയാണ് കേസ്. അയൽവാസി കൊട്ടക്കുഴി പണിക്കപ്പാറ എം.ഡി. സുഭാഷിനാണ് മർദനമേറ്റത്. കഴിഞ്ഞ 17 ന് വൈകിട്ട് നാലു മണിയോടെയാണ് സംഭവം. സുഭാഷിന്റെ വീട്ടിൽ ഫർണിച്ചർ അറ്റകുറ്റപ്പണി ചെയ്യുന്നതിന് വേണ്ടി വാങ്ങിയ പ്ലൈവുഡ് ലാലിച്ചന്റെ വീട്ടിലാണ് വാഹനത്തിന്റെ ഡ്രൈവർ ഇറക്കി വച്ചത്. കൂട്ടത്തിൽ അവർക്കുള്ള സാധനങ്ങളും ഉണ്ടായിരുന്നു. ലാലിച്ചന്റെ വീട്ടിലെത്തിയ സുഭാഷ് അവരെ അറിയിച്ച ശേഷം തന്റെ സാധനങ്ങൾ വീട്ടിലേക്ക് എടുത്തു കൊണ്ടു പോയി. 10 മിനിട്ടിന് ശേഷം ലാലിച്ചന്റെ മകൻ ഷിനു തന്റെ ഫോൺ കാണാനില്ലെന്ന് പറഞ്ഞ് സുഭാഷിന്റെ വീട്ടിലെത്തി. സുഭാഷ് അത് മോഷ്ടിച്ചുവെന്നായിരുന്നു ഷിനുവിന്റെ ആക്ഷേപം. സംശയമുണ്ടെങ്കിൽ തന്റെ വീട്ടിൽ കയറി പരിശോധിച്ചോളാൻ സുഭാഷ് പറഞ്ഞു. പിന്നാലെ ലാലിച്ചനും ഭാര്യയും വന്നു. സുഭാഷ് ഫോൺ മോഷ്ടിച്ചുവെന്ന നിലപാടിലായിരുന്നു ഇവർ. ഒന്നുകിൽ പോലീസിൽ പരാതി കൊടുക്കുക, അല്ലെങ്കിൽ തന്റെ വീട്ടിൽ കയറി പരിശോധിക്കുക എന്ന ആവശ്യം സുഭാഷ് ഇവരോട് ഉന്നയിച്ചു. എന്നാൽ, ഇതിനൊന്നും ശ്രമിക്കാതെ സുഭാഷിനെ അസഭ്യം വിളിക്കുകയും കൈയേറ്റത്തിന് മുതിരുകയുമായിരുന്നു.

തുടർന്ന് ചിറ്റാർ സ്‌റ്റേഷനിൽ ഇതേപ്പറ്റി പരാതി പറയാൻ സുഭാഷ് ബൈക്കിൽ പോകുമ്പോൾ വഴിയിൽ തടഞ്ഞു നിർത്തി അച്ഛനും മകനും ചേർന്ന് മർദിക്കുകയായിരുന്നു. റാന്നി താലൂക്കാശുപത്രിയിൽ ചികിൽസ തേടിയ സുഭാഷിന്റെ പരാതി പ്രകാരമാണ് കേസെടുത്തത്. മോഷണം പോയെന്ന് പറയുന്ന ഫോൺ ഇവർക്ക് പിന്നീട് വീട്ടുവളപ്പിൽ നിന്ന് തന്നെ കിട്ടിയെന്ന് സുഭാഷ് പറയുന്നു. പോക്കലിട്ടിരുന്ന ഫോൺ കുനിയുകയോ മറ്റോ ചെയ്തപ്പോൾ വീണു പോയതാകാമെന്നും അതിന്റെ പേരിൽ തന്നെ മോഷ്ടാവാക്കാനാണ് ശ്രമിച്ചതെന്നുമാണ് സുഭാഷ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *