ആറന്മുള – വ്യാഴാഴ്ച രാവിലെ ആർപ്പോവിളികളും കുരവയും മംഗളവാദ്യവും ഒക്കെ മുഴങ്ങിയ മുഹൂർത്തത്തിൽ ആവേശം വിതറി മേലുകര പുതിയ പള്ളിയോടം പമ്പയുടെ വിരിമാറിൽ നീരണിഞ്ഞു. പള്ളിയോട മുഖ്യശിൽപ്പി ചങ്ങംകരി വേണു ആചാരി നീരണിയൽ കർമ്മം നിലവിളക്കിൽ തിരിതെളിയിച്ചു ഉദ്ഘാടനം ചെയ്തു. മുഖ്യശിൽപ്പി തന്നെ നീരണിയൽ നടത്തിയെന്നതും മേലുകര പള്ളിയോട പ്രത്യേകതയാണ്. 52 കോൽ നീളവും 16 അടി അമരപ്പൊക്കവും 4.5 അടി കൂമ്പ് ഉയരവും 64 അംഗുലം ഉടലുമാണ് പള്ളിയോടത്തിനുള്ളത്. ഇതോടെ ആറന്മുളയിലെ ഏറ്റവും നീളമുള്ള പള്ളിയോടമായി മേലുകര മാറിയിരിക്കുകയാണ്. ചില്ലോരായം മുതൽ അമരവും ആളോടിപ്പലകയുംവരെ വ്യത്യസ്തമാക്കാൻ ശ്രമിച്ച തച്ചൻ, മേലുകരയുടെ പടേനി പെരുമ വെളിവാക്കുന്ന കൊത്തുപണികൾകൊണ്ട് പള്ളിയോടം ശ്രദ്ധേയമാക്കിയിട്ടുണ്ട്. വെള്ളക്കുമ്പിൾ തടിയിൽ പണിത അമരം പഴമയുടെ പള്ളിയോട ശിൽപ്പചാതുര്യം തിരികെകൊണ്ടുവന്നിരിക്കുന്നു. ആറന്മുള പള്ളിയോടങ്ങളിൽ വെള്ളി അമരച്ചാർത്തുള്ള അപൂർവം പള്ളിയോടങ്ങളിലൊന്നാണ് മേലുകര.









പള്ളിയോട സേവാസംഘം പ്രസിഡന്റ് കെ.വി. സാംബദേവൻ മുഖ്യശിൽപ്പിയെ ആദരിച്ചു. പള്ളിയോട സംരക്ഷണസമിതി പ്രസിഡന്റ് അജയൻപിള്ള മുഖ്യ ശിൽപ്പിക്ക് ദക്ഷിണ നൽകി. നിർമ്മാണ സമിതി കൺവീനർ അനൂപ് ഉണ്ണികൃഷ്ണൻ, ജോയിന്റ് കൺവീനർ പ്രദീപ് കാഞ്ഞിരമൺ എന്നിവർ പള്ളിയോട നിർമാണത്തിൽ പങ്കുചേർന്ന 29 ശിൽപ്പികളെ ആദരിച്ചു. പള്ളിയോട സംരക്ഷണസമിതി സെക്രട്ടറി രാജേഷ് കുമാർ, ഷാജി ആർ. നായർ, പള്ളിയോട ക്യാപ്റ്റൻ പ്രവീൺ, മനു ബി. പിള്ള, അശേക് ഗോപിനാഥ് എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. 2011-ൽ പണിതിറക്കിയ ഈ പള്ളിയോടം അഞ്ചുമാസംകൊണ്ടാണ് പുതുക്കി പണിതത്.
What do you feel about this post?
Like
Love
Happy
Haha
Sad

