ഭൂമി തരംമാറ്റ കേസിൽ പ്രതിക്ക് എങ്ങനെ ജാമ്യം കിട്ടി: പ്രതി എന്‍.കെ. കൃപയ്ക്ക് സര്‍ക്കാരിലും സ്വാധീനം

Kerala Eranakulam

കൊച്ചി: ഭൂമി തരംമാറ്റ കേസിൽ അറസ്റ്റിലായ വിരമിച്ച ഡെപ്യൂട്ടി കളക്ടർ എൻ.കെ. കൃപയ്ക്ക് കോടതിയിൽ അനുകൂല സാഹചര്യം ഒരുങ്ങിയ സംഭവത്തിൽ വിജിലൻസിനുള്ളിൽ ഉന്നതതല ഒത്തുകളിയെന്ന് ആക്ഷേപം. വിജിലൻസ് ഓഫീസിലെ ചില ജീവനക്കാരുടെ ഇടപെടലാണ് കൃപയ്ക്ക് രക്ഷപ്പെടാൻ വഴിയൊരുക്കിയതെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. എൻജിഒ അസോസിയേഷന്റെ മുൻ സംസ്ഥാന സെക്രട്ടറിയും വൻ സ്വാധീനമുള്ള വ്യക്തിയുമാണ് എൻ.കെ. കൃപ.

വിജിലൻസ് ഓഫീസിലെ സ്വാധീനവും ഉന്നതതല ബന്ധങ്ങളും ഉപയോഗപ്പെടുത്തി പ്രതിക്ക് അന്വേഷണ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് ആരോപണം. ഏതാനും വർഷം മുമ്പ് വിജിലൻസ് ഓഫീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരി നോർത്ത് പറവൂരിൽ കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി അനുമതിയില്ലാതെ നികത്തിയിരുന്നു. ഈ ഭൂമി പുരയിടമാക്കി മാറ്റാനും രേഖകൾ ക്രമപ്പെടുത്താനും എൻ.കെ. കൃപ വലിയ തോതിൽ സഹായങ്ങൾ ചെയ്തിരുന്നതായാണ് പുറത്തുവരുന്ന വിവരം.

വിജിലൻസ് ഓഫീസിൽ നേരത്തെ ജോലി ചെയ്തിരുന്നതും നിലവിൽ സിറ്റി പോലീസിൽ ജോലി ചെയ്യുന്ന കൃപയുടെ അടുത്ത ബന്ധുവായ സബ് ഇൻസ്പെക്ടർ മുഖേനയാണ് കൃപയുമായി ഇവർ പരിചയപ്പെടുന്നത്. ഈ ജീവനക്കാരി മുഖേന കേസിന്റെ നിർണായക വിവരങ്ങളും രേഖകളും കൃപയ്ക്ക് ചോർന്നു കിട്ടിയതായാണ് ആരോപണം.
സംസ്ഥാനത്ത് വിജിലൻസ് വ്യാപകമായി നടപ്പിലാക്കി വരുന്ന ‘പ്രൊജക്ട് സീറോ’യുടെ ഭാഗമായാണ് വൻതോതിലുള്ള ക്രമക്കേടുകൾ പുറത്തുവന്നത്.

കലൂർ സ്വദേശിയുടെ പരാതിയിൽ ഭൂമി തരംമാറ്റി നൽകാൻ 10 ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ തഹസിൽദാർ ജോസഫ് ആന്റണി ഹെർട്ടിസ്, ഇടനിലക്കാരായ എം.എസ്. രാജേഷ്, പി.എ. ഷിബിൻ എന്നിവരെ വിജിലൻസ് പിടികൂടിയിരുന്നു. ഇതിന്റെ തുടരന്വേഷണത്തിലാണ് കേസിൽ എൻ.കെ. കൃപയുടെ പങ്ക് വ്യക്തമാകുന്നതും അറസ്റ്റ് ഉണ്ടാകുന്നതും.മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കിയ വേളയിൽ അറസ്റ്റുമായി ബന്ധപ്പെട്ട നിയമപരമായ നടപടിക്രമങ്ങളിലെ വീഴ്ചകൾ പ്രതിഭാഗം ശക്തമായി ചോദ്യം ചെയ്തു.

അറസ്റ്റിലായ വിവരം ബന്ധുക്കളെ അറിയിച്ചതിലെ സമയക്രമത്തിലെ പാളിച്ചകളും മറ്റ് ചട്ടങ്ങൾ പാലിച്ചില്ലെന്ന വാദവും കോടതി അംഗീകരിക്കുകയായിരുന്നു. തുടർന്ന് കൃപയെ താത്കാലികമായി വിട്ടയക്കാൻ കോടതി ഉത്തരവിടുകയായിരുന്നു.

 

What do you feel about this post?

0%
like

Like

0%
love

Love

0%
happy

Happy

0%
haha

Haha

0%
sad

Sad

0%
angry

Angry

Leave a Reply

Your email address will not be published. Required fields are marked *