കൊച്ചി : ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സംഘടിപ്പിക്കുന്ന നാലാമത് ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിന്റെ പ്രാഥമിക ജൂറി ചിത്രങ്ങൾ കണ്ടു തുടങ്ങി . ഇന്നലെ രണ്ട് സ്‌ക്രീനുകളിലായി രൺജി പണിക്കർ , ജി എസ് വിജയൻ , എ കെ സാജൻ, സലാം ബാപ്പു , സോഫിയ ജോസ് , കപിൽ കൃഷ്ണ , പാമ്പള്ളി , കെ എ ലത്തീഫ്, അനുറാം , ജിഷോ ആന്റണി, ഷിബു പരമേശ്വരൻ, ബൈജുരാജ് ചേകവർ എന്നിവർ ചിത്രങ്ങൾ കണ്ടുവിലയിരുത്തി വിധിനിർണ്ണയം നടത്തി . മത്സരത്തിൽ പങ്കെടുത്ത എല്ലാ കലാകാരന്മാർക്കും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ പ്രസിഡന്റ് ശ്രീ. രൺജി പണിക്കർ വിജയാശംസകൾ നേർന്നു .
രണ്ടാം ഘട്ടത്തിലേക്കുള്ള ചിത്രങ്ങളാണ് ഇപ്പോൾ തെരഞ്ഞെടുക്കുന്നത് . ഒന്നാംഘട്ടം ഒരാഴ്ചയ്ക്കുള്ളിൽ പൂർത്തിയാകുമെന്ന് ജനറൽ സെക്രട്ടറി ജി എസ് വിജയൻ അറിയിച്ചു . ആറ് കേറ്റഗറികളിലായി മത്സരിക്കുന്ന ചിത്രങ്ങളുടെ പൂർണ്ണ ലിസ്റ്റ് അടുത്ത ദിവസങ്ങളിൽ സംഘടനയുടെ സോഷ്യൽമീഡിയ പേജുകളിലും വെബ്‌സൈറ്റിലും ലഭ്യമാകുന്നതാണ് . ഫെഫ്ക ഷോർട്ട് ഫിലിം സംബന്ധിച്ച പുതിയ വാർത്തകൾ അറിയാൻ മത്സരാർത്ഥികൾ സംഘടനയുടെ സോഷ്യൽമീഡിയ പേജുകളിലും വെബ്‌സൈറ്റിലും സന്ദർശിക്കുവാൻ അഭ്യർത്ഥിക്കുന്നു .
ഏറ്റവും മികച്ച ചിത്രത്തിന് ഒന്നര ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവും സമ്മാനിക്കുന്ന ഫെഫ്ക ഷോർട്ട് ഫിലിം ഫെസ്റ്റിവൽ ഇന്ത്യയിലെ ശ്രദ്ധേയമായ ഹ്രസ്വ ചിത്ര മേളയാണ് . താര സാന്നിധ്യമുള്ള പ്രൗഢഗംഭീരമായ കൊച്ചിയിലെ വേദിയിൽ വെച്ചാവും ഇരുപത്തി അഞ്ചിലേറെ വിജയികൾക്ക് ക്യാഷ് അവാർഡും ശില്പവും പ്രശസ്തി പത്രവും ഫെഫ്ക ഡയറക്‌ടേഴ്‌സ് യൂണിയൻ സമ്മാനിക്കുക.

What do you feel about this post?
Like
Love
Happy
Haha
Sad

